മുംബൈ: അന്യഭാഷാ താരങ്ങൾ ആണെങ്കിലും നിരവധി മലയാളി ആരാധകരാണ് നടി സാമന്ത റൂത് പ്രഭുവിനും നാഗചൈതന്യയ്ക്കും ഉള്ളത്. ഇരുവരുടെയും സിനിമകൾക്ക് നമ്മുടെ നാട്ടിൽ വലിയ പ്രചാരവും ലഭിക്കാറുണ്ട്. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് ആയിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിവാഹിതാരാകാൻ പോകുന്നുവെന്ന വാർത്ത ഇരുവരും പുറത്തുവിട്ടത്. ഇതിന് ശേഷം ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളിലായി ആരാധകരുടെ ശ്രദ്ധ.
എന്നാൽ താരദമ്പതികളുടെ ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. ഉടൻ തന്നെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകൾ ആരാധകരെ തേടിയെത്തി. പെട്ടെന്ന് പുറത്തുവന്ന ഈ വിവരം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇതിന് പിന്നാലെ ഇവരുടെ വിവാഹ മോചനം സംബന്ധിച്ച നിരവധി ഗോസിപ്പുകൾ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
വിവാഹ മോചനത്തിന്റെ കാരണം ഇനിയും ഇരുവരും പുറത്തുപറഞ്ഞിട്ടില്ല. പരസ്പര സമ്മതപ്രകാരം ആണ് പിരിയുന്നത് എന്ന് മാത്രം ആയിരുന്നു ഇരുവരും പറഞ്ഞത്. എന്നാൽ വിവാഹ മോചനത്തിൽ എല്ലാവരും നാഗചൈതന്യയെ പഴിച്ചാണ് രംഗത്ത് എത്തിയത്.
ഇതിനിടെ ആയിരുന്നു ശോഭിത ദൂലിപാലയുമായുള്ള നാഗചൈതന്യയുടെ വിവാഹം. ഇതും നിരവധി വിമർശനങ്ങൾ താരത്തിന് വാങ്ങിക്കൊടുത്തു. രണ്ട് വിവാഹങ്ങളുടെയും ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ആരാധകരുടെ വിമർശനം. സാമന്തയ്‌ക്കൊപ്പം നാഗചൈതന്യ സന്തോഷവാൻ ആയിരുന്നുവെന്നും ശോഭിതയ്‌ക്കൊപ്പം അങ്ങനെ അല്ലെന്നും ആരാധകർ നിരീക്ഷിച്ചു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കെല്ലാം മറുപടി പറയുകയാണ് നാഗചൈതന്യ.
അദ്ദേഹത്തിന്റെ പുതിയ ചിത്രം തണ്ടേലിന്റെ റിലീസുമായി ബന്ധപ്പെട്ട് വി.കെ പോഡ്കാസ്റ്റിനോട് മനസ് തുറക്കുകയായിരുന്നു നാഗചൈതന്യ. തന്നെ എല്ലാവരും ഒരു കുറ്റവാളിയെ പോലെയാണ് കാണുന്നത് എന്ന വിഷമവും താരം പങ്കുവച്ചു.
ഞങ്ങൾക്ക് ഞങ്ങളുടേതായ വഴിയ്ക്ക് പോകണം ആയിരുന്നു. അതിന് ഞങ്ങളുടേത് ആയ കാരണം ഉണ്ട്. അതുകൊണ്ടാണ് പരസ്പരം പിരിയാൻ തീരുമാനിച്ചത്. പരസ്പര ബഹുമാനത്തോടെ ആയിരുന്നു വേർപിരിയൽ. ഞങ്ങൾ ഞങ്ങളുടെ ഇഷ്ടംപോലെ ജീവിതം തള്ളി നീക്കുന്നു. ഇതിൽ എന്തിനാണ് ഇത്രയ്ക്ക് വിശദീകരണം ഞങ്ങൾ നൽകേണ്ട ആവശ്യം. അത് എനിക്ക് മനസിലാകുന്നില്ല. ആളുകളും മാദ്ധ്യമങ്ങളും അത് മനസിലാക്കും എന്നാണ് ഞങ്ങൾ കരുതുന്നത്.
ഞങ്ങൾ സ്വകാര്യ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. എന്നാൽ അവിചാരിതം എന്ന് പറയട്ടെ ഞങ്ങളുടെ വിവാഹ മോചന വാർത്ത ഗോസിപ്പുകളായി മാദ്ധ്യമങ്ങളിൽ നിറയുകയാണെന്നും നാഗചൈതന്യ വ്യക്തമാക്കി.
വിവാഹ മോചനം എന്നത് എന്റെ ജീവിതത്തിൽ മാത്രം സംഭവിച്ച ഒന്നല്ല. പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. എന്നിട്ട് എന്നെ മാത്രം എന്തുകൊണ്ടാണ് ഒരു കുറ്റവാളിയെ പാലെ കാണുന്നത് ?. ഒറ്റ രാത്രിയിൽ ഉണ്ടായതല്ല ഞങ്ങളുടെ വിവാഹ മോചനം. വളരെ ആലോചിച്ചും ചിന്തിച്ചും എടുത്ത തീരുമാനം ആണ്. ഒരു തകർന്ന കുടുംബത്തിൽ നിന്നുള്ള അംഗം കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ഒരു ബന്ധം അവസാനിപ്പിക്കുമ്പോൾ 1000 തവണ അതേക്കുറിച്ച് ചിന്തിക്കും.
ഇപ്പോൾ ഞാനും സാമന്തയും സന്തോഷമായി ജീവിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ ജീവിതം ജീവിക്കുകയാണ്. അതിൽ സ്‌നേഹവും സന്തോഷവും ഉണ്ട്. ഇപ്പോൾ ഞാൻ വലിയ സന്തോഷത്തിലാണെന്നും നാഗചൈതന്യ കൂട്ടിച്ചേർത്തു.
Discussion about this post