ന്യൂഡൽഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് ആം ആദ്മി പാര്‍ട്ടി ഏറ്റുവാങ്ങിയത്. എഎപിയുടെ തല മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വലിയ പരാജയം ഏറ്റുവാങ്ങി. ഡല്‍ഹിയുടെ മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ചെയർമാനും കൂടിയായ അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ സിംഹക്കുട്ടിയോട്
1844 വോട്ടിനാണ് മുട്ട് മടക്കിയത്.
ബിജെപിയുടെ പർവേശ് സാഹിബ് സിംഗായിരുന്നു കെജ്രിവാളിനെ മലർത്തിയടിച്ച ബിജെപിയുടെ തുറുപ്പ് ചീട്ട്. കെജ്രിവാൾ 20190 വോട്ടും പർവേശ് 22034 വോട്ടുമാണ് നേടിയത്.
ആരാണ് എഎപിയുടെ മുഖമായ കെജ്രിവാളിനെ തന്നെ തറ പറ്റിച്ച കാവി പാര്‍ട്ടിയുടെ സിംഹക്കുട്ടി…
മുതിർന്ന ബിജെപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ സാഹിബ് സിംഗ് വർമ്മയുടെ മകനായ പർവേശ് സാഹിബ് സിംഗ് ദേശീയ തലസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബങ്ങളിൽ ഒന്നിൽ നിന്നാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ ആസാദ് സിംഗ്, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ മേയറായിരുന്നു.
രാഷ്ട്രീയത്തില്‍ വിജയ റെക്കോഡുകള്‍ ഒരുപാടുണ്ട് പർവേശ് സാഹിബ് സിംഗിന്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മുണ്ട്ക വിധാൻ സഭാ മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ചിരുന്നു. ആദ്യമായി ഡൽഹി നിയമസഭയിലേക്ക് പർവേശ് സാഹിബ് സിംഗ്
തിരഞ്ഞെടുക്കപ്പെട്ടത് 2013 ലാണ്. അന്ന് അദ്ദേഹം മെഹ്‌റൗളി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും അന്നത്തെ ഡൽഹി വിധാൻ സഭാ സ്പീക്കറായിരുന്ന കോൺഗ്രസ് എതിരാളിയായ യോഗാനന്ദ് ശാസ്ത്രിയെ പരാജയപ്പെടുത്തുകയും ചെയ്തു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വെസ്റ്റ് ഡൽഹി നിയോജകമണ്ഡലത്തിൽ നിന്ന് എംപിയായി. 2019ൽ നടന്ന തിരഞ്ഞെടുപ്പിലും
അദ്ദേഹം മണ്ഡലം നിലനിർത്തി. 2024 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നില്ല.
പാർലമെന്റ് അംഗമെന്ന നിലയിൽ, പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും അലവൻസും സംബന്ധിച്ച സംയുക്ത സമിതി അംഗമായും നഗരവികസനത്തിനായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പർവേഷ് വർമ്മ തന്റെ കോൺഗ്രസ് എതിരാളിയായ മഹാബൽ മിശ്രയെ 578,486 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെടുത്തി. ആ വിജയം കൊണ്ട് അദ്ദേഹം സ്വന്തം റെക്കോർഡ് തകർക്കുക മാത്രമല്ല, ഡൽഹിയിൽ ഏറ്റവും കൂടുതൽ വിജയിച്ച സ്ഥാനാർത്ഥി എന്ന റെക്കോർഡും സ്ഥാപിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിയായിരുന്നു ആരംഭം. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ തന്നെ ബിജെപി മേൽക്കൈ നേടിയിരുന്നു. എങ്കിലും ഇവിഎമ്മുകൾ എണ്ണുമ്പോൾ ഫലം മറിച്ചാകുമെന്നായിരുന്നു ആംആദ്മി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആംആദ്മിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ ബഹുദൂരം മുൻപിലായി ബിജെപി. ആദ്യ മണിക്കൂറുകളില്‍ തന്നെ കേവല ഭൂരിപക്ഷം കടന്ന് ബിജെപി വിജയം ഉറപ്പിച്ചു.
27 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ ബജെപി അധികാരത്തിൽ തിരിച്ചെത്തുന്നത് .ദേശീയ, പ്രാദേശിക പാർട്ടികളെല്ലാം ക്ഷേമ രാഷ്ട്രീയത്തിൽ പരസ്പരം മത്സരിക്കുന്ന ഈ സമയത്ത്, ഡൽഹിയിലെ വിജയം ‘മോദിയുടെ ഉറപ്പുകളുടെ’ വിശ്വാസ്യതയെ വീണ്ടും സ്ഥിരീകരിക്കും. 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. 70 അംഗ നിയമസഭയിൽ 47 സീറ്റും ബിജെപി കരസ്ഥമാക്കി. രണ്ടാം സ്ഥാനത്താണ് എഎപി. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. തുടർച്ചയായി മൂന്നാം തവണയാണ് കോൺഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്നത്.
കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
Discussion about this post