കാൽനൂറ്റാണ്ടിന് ശേഷം ഇന്ദ്രപ്രസ്ഥത്തിന്റെ താക്കോൽ ജനം ബിജെപിയെ ഏൽപ്പിച്ചിരുന്നു. വികസനത്തിന്റെ നാൾ വഴികൾ ഡബിൾ എഞ്ചിൻ സർക്കാരിലൂടെ കൈവരുമെന്ന വിശ്വാസത്തിലൂടെ. ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ ജനം മോദിഗ്യാരണ്ടിയിൽ വിശ്വാസമർപ്പിച്ചതിന്റെ പ്രതിഫലനമാണ് ആപ്പ് ഡൽഹിയിൽ തകർന്നടിഞ്ഞത്. കെജ്രിവാളും മനീഷ് സിസോദിയയും പോലെയുള്ള വൻമരങ്ങൾ കടപുഴകി വീണപ്പോൾ ബിജെപി യുവശക്തികളെ നിയമസഭയിലേക്ക് അയച്ചു. സ്ത്രീവോട്ടർമാർ വിധിനിശ്ചയിച്ച തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം പരസ്പരം ചെളിവാരിയെഞ്ഞപ്പോൾ ജനം താരമരപ്പൂ തിരഞ്ഞെടുക്കുകയായിരുന്നു. ജനം അർപ്പിച്ച വിശ്വാസവും സ്‌നേഹവും അസ്ഥാനത്താവില്ലെന്ന ഉറപ്പാണ് വിജയത്തിന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളിൽ ഉടനീളം ഉണ്ടായത്.
ഇന്ന് ഇവിടുത്തെ ജനങ്ങൾ സന്തുഷ്ടരാണ്. ബിജെപിയെ വിശ്വസിച്ചതിന് ജനങ്ങൾക്ക് നന്ദി. ഈ ഡബിൾ എഞ്ചിൻ സർക്കാർ ഡൽഹിയിൽ അതിവേഗം വികസനം കൊണ്ടുവരുമെന്നാണ് മോദി ഉറപ്പ് നൽകിയത്.അഹങ്കാരത്തിനും ആഡംബരത്തിനുമെതിരായ വിധി എഴുത്താണിത്. ഡൽഹിയിലെ ജനങ്ങളാണ് ഡൽഹിയുടെ അടുത്ത ഉടമ. ജനാധിപത്യത്തിൽ നുണകൾക്ക് സ്ഥാനമില്ല, കുറുക്കുവഴികളുടെ രാഷ്ട്രീയം ഇന്ന് പരാജയപ്പെട്ടിരിക്കുകയാണ്. എല്ലാ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മുഴുവൻ സീറ്റുകളും ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് നൽകി, അവർ ഒരിക്കലും തങ്ങളെ നിരാശപ്പെടുത്തിയിട്ടില്ലെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.ഡൽഹിയിൽ എല്ലാ മേഖലകളിലും താമര തിളങ്ങുകയാണ്. വികസനത്തിലേക്കുള്ള തടസങ്ങളും ഇന്ന് നീക്കപ്പെട്ടു, എവിടെ എൻഡിഎ ഉണ്ടോ അവിടെ വികസനം വരും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ഇവിടെ നാടകം കളിക്കാനുള്ള ഇടമല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു ഡൽഹിയെ പൂർണമായും സേവിക്കാൻ കഴിയാതിരുന്നത് രാജ്യത്തുടനീളമുള്ള ബിജെപി പ്രവർത്തകർക്കും വേദനയുണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് ഡൽഹി ഞങ്ങളുടെ അപേക്ഷ അംഗീകരിച്ചു. 21-ാം നൂറ്റാണ്ടിൽ ജനിച്ച യുവത്വം ഇനി ഡൽഹിയിൽ ബിജെപിയുടെ സദ്ഭരണം ആദ്യമായി കാണുമെന്ന് മോദി ഉറപ്പ് നൽകി. ഡൽഹിയെ ഭാരതത്തിന്റെ ഗേറ്റ് വേയാക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നൽകി. പൊളിഞ്ഞ റോഡും, വായുമലിനീകരണവും, ഓടകൾ നിറഞ്ഞൊഴുകുന്നതുമടക്കം ജനങ്ങളുടെ പ്രശ്‌നങ്ങളിൽ പരിഹാരം വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സബ് കാ സാത് സബ് കാ വികാസ് എന്നതാണ് ഡൽഹിക്ക് തൻറെ ഉറപ്പെന്നും അദ്ദേഹം വ്യക്തമാക്കി. ലഘുഭാരതമാണ് ഡൽഹിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൻറെ ഉറപ്പിൽ വിശ്വസിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇരട്ട എഞ്ചിൻ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ഇത് കേവലമൊരു വിജയമല്ല ചരിത്ര വിജയമാണെന്നും പ്രധാന മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിൽ എളുപ്പ വഴികളില്ല. ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ജനങ്ങൾ ഷോർട്ട് സർക്യൂട്ട് ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹി ദുരന്തത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡൽഹിയുടെ വികസനമാണ് തങ്ങളുടെ ലക്ഷ്യം. അഹങ്കാരം, ആഡംബരം, അരാജകത്വം എന്നിവ പരാജയപ്പെട്ടെന്നും മോദി പറഞ്ഞു.
ഡൽഹി ഞങ്ങൾക്ക് പൂർണഹൃദയത്തോടെ സ്‌നേഹം നൽകി, വികസനത്തിന്റെ രൂപത്തിൽ ഇരട്ടി സ്‌നേഹം ഞങ്ങൾ നിങ്ങൾക്ക് തിരികെ നൽകുമെന്ന് ഒരിക്കൽ കൂടി ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ അധികാരത്തിലെത്തിച്ചുകൊണ്ട് ഡൽഹിയിലെ ജനങ്ങൾ നഗരത്തെ എഎപി-ദുരന്ത മുക്തമാക്കിയെന്നും ഇത് കെജ്രിവാൾ നയിക്കുന്ന സർക്കാരിനെ നിർണായകമായി നിരാകരിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ജനങ്ങൾ കോൺഗ്രസിന് വലിയൊരു സന്ദേശം നൽകി. പരാജയത്തിന്റെ സ്വർണ്ണ മെഡൽ കോൺഗ്രസ് സ്വന്തമാക്കുകയാണ്. ഡൽഹിയിലെ കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് പൂജ്യം ആയിരുന്നു. രാജ്യത്തിന് കോൺഗ്രസിൽ വിശ്വാസമില്ല. 2014ന് ശേഷം കോൺഗ്രസ് ഹിന്ദു ആവാൻ ശ്രമിച്ചു, പക്ഷേ കോൺഗ്രസിന്റെ ഹിന്ദു കാർഡ് വിലപ്പോയില്ല. ഇപ്പോൾ കോൺഗ്രസിന്റെ കണ്ണ് പ്രാദേശിക പാർട്ടികളിലാണ്. അവരുടെ വോട്ട് തട്ടിയെടുക്കാനാണ് നീക്കം. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല, അവർ രാജ്യത്തിനെതിരെ പോരാടുന്നു. അർബൻ നക്‌സലുകളുടെ രാഷ്ട്രീയമാണ് കോൺഗ്രസ് ചെയ്യുന്നതെന്നും നരേന്ദ്ര മോദി വിമർശിച്ചു. ഡൽഹിയിൽ പൂജ്യം സീറ്റ് നേടുന്നതിൽ കോൺഗ്രസ് ഡബിൾ ഹാട്രിക് നേടിയെന്നും മോദി പരിഹസിച്ചു. ഡൽഹിയിലെ ജനതയ്ക്ക് കോൺഗ്രസിൽ ഒരു വിശ്വാസവുമില്ല. ഇന്ത്യാസഖ്യത്തിനും ഇക്കാര്യം മനസിലായിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഒറ്റക്കെട്ടായി കോൺഗ്രസിനെ എതിർത്തു. കോൺഗ്രസിനെ തടയുന്നതിൽ വിജയിച്ചു. പക്ഷേ എഎപിയെ രക്ഷിക്കാനായില്ല. കോൺഗ്രസ് സഖ്യകക്ഷികളെയും നശിപ്പിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post