ന്യൂഡൽഹി : ജീവിതത്തിൽ വിജയിക്കണമെങ്കിൽ പരാജയങ്ങളിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പരീക്ഷയുടെ സമ്മർദ്ദത്തിന് അടിമപ്പെടാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദ്യാർത്ഥികളോട് മോദി പറഞ്ഞു. ഡൽഹിയിൽ വിദ്യാർത്ഥികളുമായി പരീക്ഷാ പേ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ജ്ഞാനം’ (അറിവ്), പരീക്ഷ എന്നിവ രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. പരീക്ഷകളെ ജീവിതത്തിലെ എല്ലാത്തിന്റെയും അവസാനമായി കാണരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .
മാതാപിതാക്കൾ കുട്ടികളെ മനസ്സിലാക്കണമെന്നും അവരുടെ കഴിവുകൾ മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അദ്ധ്യാപകർ വിദ്യാർത്ഥികളെ മറ്റൊരു വിദ്യാർത്ഥികളുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളെ നിങ്ങൾക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടെങ്കിൽ ആരോടെങ്കിവും പങ്കുവയ്ക്കണം. അങ്ങനെ പങ്കു വെയ്ക്കുമ്പോൾ വലിയൊരു ഭാരം ഇറങ്ങി പോയതുപോലെ നിങ്ങൾക്ക് അനുഭവപ്പെടുമെന്ന് മോദി കൂട്ടിച്ചേർത്തു .
ചുറ്റുമുള്ളവർ എന്ത് പറയുന്നുവെന്ന് ചിന്തിക്കരുത്. പകരം നിങ്ങൾ സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ചു മുന്നോട്ട് പോകണം. വിദ്യാർത്ഥികളായ നിങ്ങൾ കവിതകളും കഥകളും എഴുതാനുള്ള കഴിവ് ഉപയോഗിക്കണം. അത് നിങ്ങളുടെ ബുദ്ധി വർധിപ്പിക്കും. ഉറക്കം ശ്രദ്ധിക്കണമെന്നും മോദി കുട്ടികളോട് പറഞ്ഞു. എല്ലാവർക്കും 24 മണിക്കൂർ ആണ് ജീവിതത്തിൽ ഉള്ളത്. അത് കൃത്യമായി ഉപയോഗിക്കണം. താൻ കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്യുന്ന ആളാണെന്നും മോദി പറഞ്ഞു.
പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പാണ് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ചത്. ദീപിക പദുകോൺ, വിക്രാന്ത് മാസി, മേരി കോം, അവാനി ലേഖര, സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി. വിദ്യാർഥികളും അദ്ധ്യാപകരും മാതാപിതാക്കളുമായി അഞ്ചുകോടിയിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഈ വർഷം, സർക്കാർ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സൈനിക് സ്‌കൂളുകൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ, സിബിഎസ്ഇ, നവോദയ സ്‌കൂളുകൾ എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 36 വിദ്യാർത്ഥികളെ പ്രധാനമന്ത്രിയുമായി നേരിട്ട് ഇടപഴകുന്നതിനായി തിരഞ്ഞെടുത്തിരുന്നു.
Discussion about this post