അങ്കാര: ഇന്തോ- പസഫിക് മേഖലയിൽ നിർണായക നീക്കവുമായി തുർക്കി. പ്രദേശത്ത് സൈനിക ശക്തി ഉയർത്താനാണ് എർദോഗാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രദേശത്ത് പുതിയ വിമാന വാഹിനി കപ്പലിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തുർക്കിയുടെ ഈ നീക്കത്തിൽ അങ്കലാപ്പിലായിരിക്കുകയാണ് ചൈന.
60,000 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് തുർക്കി പ്രദേശത്ത് നിർമ്മിക്കുന്നത്. തുർക്കിയുടെ ഏറ്റവും വലിയ കപ്പലായ ടിസിജി അനഡോലുവിന്റെയത്ര വലിപ്പം പുതിയ കപ്പലിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ത്രാസ് എന്നാണ് പുതിയ കപ്പലിന് തുർക്കി നൽകുന്ന പേര്.
അടുത്ത കാലത്തായി പസഫിക് മേഖലയിൽ തന്റെ സ്വാധീനം ശക്തമാക്കാനുള്ള നീക്കം തുർക്കി നടത്തുന്നുണ്ട്. ഇതിനാൽ നയതന്ത്ര മാർഗ്ഗങ്ങൾ ആയിരുന്നു തുർക്കി ഇതുവരെ പരീക്ഷിച്ചിരുന്നത്. ഇന്തോ പസഫിക്കിലെ ശക്തികളായ ജപ്പാൻ, ഉത്തര കൊറിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്കൊപ്പം സൗഹൃദം സ്ഥാപിച്ചായിരുന്നു തുർക്കി ഇവിടെ മുന്നേറ്റം നടത്തിയിരുന്നത്. ഇതിനിടെയാണ് സൈനിക ശക്തി വർദ്ധിപ്പിക്കുന്നത്.
തുർക്കിയുമായി സൗഹൃദത്തിലുള്ള ഉത്തര കൊറിയ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുമായി ചൈനയ്ക്ക് അസ്വാരസ്യം നിലനിൽക്കുന്നുണ്ട്. ഇതിനിലാണ് ചൈനയ്ക്ക് തുർക്കിയുടെ നീക്കം ആശങ്കയുണ്ടാക്കുന്നത്. ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് മറ്റ് രാജ്യങ്ങളുമായി ചൈന അകലം പാലിക്കുന്നത്. നിലവിൽ പ്രസ്തുത പ്രദേശത്ത് എങ്ങനെയെങ്കിലും സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുകയാണ് ചൈന. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ചൈനയുടെ ഈ നീക്കം. തുർക്കിയുടെ കപ്പൽ ഇവിടെ നങ്കൂരമിടുന്നതോടെ ഈ നീക്കങ്ങൾക്കെല്ലാം ശക്തമായ തിരിച്ചടിയാകും.
തുർക്കിയുടെ പുതിയ കപ്പൽ മെഡിറ്ററേനിയൻ കടലിലും കരിങ്കടലിലും സ്വാധീനം വർദ്ധിക്കാൻ കാരണം ആകും. അതേസമയം ആഫ്രിക്കയിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ മേഖലയിലും ശക്തി വർദ്ധിപ്പിച്ചാകും തുർക്കിയുടെ ഈ നീക്കം ചൈന മറികടക്കുകയെന്നാണ് വിലയിരുത്തുന്നത്. തുർക്കിയ്ക്ക് ഹോൺ ഓഫ് ആഫ്രിക്കയിൽ ശക്തമായ സ്വാധീനം ആണ് ഉള്ളത്. ഇത് മറികടക്കുകയാകും ചൈനയുടെ ലക്ഷ്യം. ചൈനയ്ക്കും തുർക്കിയ്ക്കും നയതന്ത്ര, സാമ്പത്തിക, സൈനിക താത്പര്യം ഉള്ള പ്രദേശങ്ങളാണ് ഇവയെല്ലാം.
Discussion about this post