ലഖ്‌നൗ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ വ്യവസായി മുകേഷ് അംബാനി മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തി. കുടുംബാംഗങ്ങളോട് ഒപ്പമാണ് മുകേഷ് അംബാനി മഹാകുംഭത്തിൽ പങ്കെടുത്തത്. സംഗമ സ്നാനത്തിന്റെ പുണ്യം നേടാൻ അംബാനി കുടുംബത്തിലെ നാല് തലമുറകൾ എത്തിയിരുന്നു. മുകേഷ് അംബാനിയോടൊപ്പം അദ്ദേഹത്തിന്റെ അമ്മയും മക്കളും പേരക്കുട്ടികളും സംഗമ സ്നാനം നടത്തി.
അമ്മ കോകില ബെൻ, മുകേഷ് അംബാനി, മക്കളായ അനന്ത് അംബാനി, ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക മേത്ത, രണ്ട് മക്കളായ പൃഥ്വി, വേദ എന്നിവരാണ് മഹാ കുംഭമേളയിൽ പങ്കെടുത്തത്. സവിശേഷ ദിനമായ മാഘ പൂർണിമയോട് അനുബന്ധിച്ചാണ് അംബാനി കുടുംബം പുണ്യ സ്നാനത്തിനായി തിരഞ്ഞെടുത്തത് എന്നുള്ള സവിശേഷതയും ഉണ്ട്. കഴിഞ്ഞ മാസം മുകേഷ് അംബാനിയുടെ ഇളയ സഹോദരനും വ്യവസായിയുമായ അനിൽ അംബാനിയും ഭാര്യയും മുൻ നടിയുമായ ടിന അംബാനിയും മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യ സ്നാനം നടത്തിയിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ അരയിൽ ഘട്ട് വഴിയാണ് മുകേഷ് അംബാനിയും സംഗമത്തിലെത്തിയത്. മുകേഷ് അംബാനിയുടെ രണ്ട് സഹോദരിമാരും മറ്റ് കുടുംബാംഗങ്ങളും കുംഭമേളയോട് അനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി.
ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേളയുടെ അവിഭാജ്യ ഘടകമായ കല്‍പ്പവത്തിന്റെ സമാപനമാണ് ബുധനാഴ്ചത്തെ മാഘപൂര്‍ണിമ. ഇന്ന് ധാരാളം ഭക്തര്‍ സംഗമത്തില്‍ പുണ്യസ്നാനം നടത്തുകയും പൂജയും ദാനവും അടക്കമുള്ള സത്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ത്രിവേണി സംഗമത്തിൽ ഏകദേശം 50 ലക്ഷം ഭക്തർ പുണ്യസ്നാനം നടത്തി. ഇതോടെ മഹാ കുംഭമേളയിൽ പുണ്യ സ്നാനം ചെയ്തവരുടെ എണ്ണം 45 കോടി കവിഞ്ഞു. മഹാകുംഭമേളയിൽ 45 കോടിയോളം ഭക്തർ പുണ്യ സ്നാനം നടത്തും എന്നാണ് മഹാ കുംഭമേളയ്ക്ക് മുൻപായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നത്. ഉത്തർപ്രദേശ് സർക്കാർ പ്രതീക്ഷിച്ചിരുന്ന ഈ സംഖ്യ ഇതിനകം തന്നെ സംഭവിച്ചു കഴിഞ്ഞു എന്നുള്ളത് മഹാമേളയ്ക്ക് വിശ്വാസികൾ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. മഹാകുംഭത്തിന് ഇനിയും 15 ദിവസവും രണ്ട് പ്രധാന സ്നാന ഉത്സവങ്ങളും ബാക്കിയുണ്ട്. നാളത്തെ മാഘ പൂർണിമ ദിനവും ശിവരാത്രി ദിനവും കൂടുതൽ ഭക്തർ സംഗമ സ്നാനത്തിനായി എത്തുമെന്ന് കരുതപ്പെടുന്നു. ഇതോടെ മഹാകുംഭ മേളയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 കോടിയും കവിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post