ഒരു തലമുറയെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ പ്രിയപ്പെട്ട ഗന്ധർവ്വൻ, അതാണ് നിതീഷ് ഭരദ്വാജ്. മഹാഭാരതത്തിലെ കൃഷ്ണനായി എത്തി ഇന്ത്യയെ മുഴുവൻ ആവേശം കൊള്ളിച്ച അദ്ദേഹം പക്ഷേ മലയാളികൾക്ക് എന്നും തങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഗന്ധർവ്വൻ എന്ന ഓർമ്മയാണ്. ഇപ്പോൾ നിതീഷ് ഭരദ്വാജും നടൻ ജയസൂര്യയും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാകുംഭമേളയ്ക്കിടയിൽ പ്രയാഗ് രാജിൽ വെച്ചാണ് ജയസൂര്യയും നിതീഷും തമ്മിൽ കണ്ടുമുട്ടിയത്.
ഈ കൂടിക്കാഴ്ചയ്ക്കിടയിൽ നിതീഷ് ഭരദ്വാജ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായ ദേവാങ്കണങ്ങൾ ആലപിക്കുകയും ചെയ്തു. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ജോൺസൺ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ” ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം” എന്ന ഗാനം ഇന്നും മലയാളികളെ ഗൃഹാതുരതയിലേക്ക് കൈപിടിച്ച് നടത്തുന്ന ഒന്നാണ്. ഈ മലയാള ഗാനം ഒരു തെറ്റും വരുത്താതെ നിതീഷ് ഭരദ്വാജ് അതിഗംഭീരമായി ആരംഭിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
1991-ൽ ആണ് ഞാൻ ഗന്ധർവ്വൻ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. അനശ്വര കലാകാരൻ
പി. പത്മരാജൻ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. നിതീഷ് ഭരദ്വാജും സുപർണ ആനന്ദും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പത്മരാജന്റെ സിനിമ കരിയറിലെ ഏറ്റവും ജനപ്രിയമായ ചിത്രങ്ങളിൽ ഒന്നും അദ്ദേഹത്തിന്റെ അവസാന ചിത്രവും കൂടിയാണ് ഞാൻ ഗന്ധർവ്വൻ. 1991 ജനുവരി 11ന് ഞാൻ ഗന്ധർവ്വൻ കേരളത്തിൽ റിലീസ് ചെയ്യുകയും 12 ദിവസങ്ങൾക്ക് ശേഷം ജനുവരി 23ന് തന്റെ 45 ആം വയസ്സിൽ പി പത്മരാജൻ എന്ന എക്കാലത്തെയും അതുല്യപ്രതിഭ ഈ ഭൂമിയിൽ നിന്നും വിട വാങ്ങുകയും ചെയ്തു.
ഗന്ധർവനെ അവതരിപ്പിക്കാൻ മഹാഭാരതത്തിലെ ശ്രീകൃഷ്ണനായി അഭിനയിച്ച വ്യക്തി തന്നെ വേണമെന്ന് പത്മരാജന് നിർബന്ധമുണ്ടായിരുന്നു. മഹാഭാരതത്തിലെ കൃഷ്ണന്റെ വേഷത്തിലൂടെയും വിഷ്ണു പുരാണിലെ വിഷ്ണുവിന്റെ വേഷത്തിലൂടെയും എല്ലാം ഇന്ത്യൻ ജനതയെ ഒട്ടേറെ അതിശയിപ്പിച്ച താരമാണ് നിതീഷ്. മുംബൈ സ്വദേശിയാണ് അദ്ദേഹം. ഒരു പ്രൊഫഷണൽ വെറ്ററിനറി സർജനായ നിതീഷ് ഭരദ്വാജ് നാടക മേഖലയിൽ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. മറാത്തി നാടക സംവിധായകൻ ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീട് ഒരു ഹിന്ദി നാടകത്തിൽ ശ്രീകൃഷ്ണനായി അഭിനയിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. 1988ൽ രവിചോപ്ര സംവിധാനം ചെയ്ത മഹാഭാരതം എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ടെലിവിഷൻ ഷോയിലൂടെ ശ്രീകൃഷ്ണനായി അഭിനയിച്ചുകൊണ്ട് നിതീഷ് ഇന്ത്യയിലെമ്പാടുമുള്ള ജനമനസ്സുകളിൽ ഇടം പിടിച്ചു.
ഹിന്ദി സിനിമ മേഖലയിൽ നിന്നും മലയാളത്തിൽ എത്തിയ നിതീഷിന് വന്‍ സ്വീകാര്യതയാണ് ഇവിടെ ലഭിച്ചത്. ഇപ്പോഴും 61 വയസ്സുകാരനായ നിതീഷ് യൗവനത്തിന്റെ അതേ ചടുലതയോടെയാണ് ദേവാങ്കണങ്ങൾ പാടിക്കൊണ്ട് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറുന്നത്.
Discussion about this post