ന്യൂഡൽഹി : പുതിയ ആദായനികുതി ബിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. 1961 ലെ ആദായനികുതി നിയമത്തിന് പകരമായിട്ടാണ് ഈ പുതിയ ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യാഴാഴ്ച പാർലമെന്റിൽ പുതിയ ആദായനികുതി ബിൽ അവതരിപ്പിച്ചത്. ഇന്ത്യയുടെ നികുതി സമ്പ്രദായം ലളിതമാക്കാനും ആധുനികവൽക്കരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ആദായനികുതി ബിൽ.
നികുതി വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമപരമായ ഭാഷ കൂടുതൽ ലളിതമാക്കുന്നതിന് പുതിയ ആദായനികുതി ബിൽ മുൻഗണന നൽകുന്നുണ്ട്.
നികുതിദായകർക്ക് വ്യവസ്ഥകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലായിരിക്കും പുതിയ ആദായനികുതി നിയമം ഉണ്ടാവുക. ബിൽ പുതിയ നികുതികളൊന്നും ചുമത്തില്ല. പകരം, നികുതി നിയമങ്ങൾ ലളിതമാക്കുന്നതിലും നിയമപരമായ സങ്കീർണ്ണതകൾ കുറയ്ക്കുന്നതിലും നികുതിദായകർക്ക് കാര്യങ്ങൾ മനസ്സിലാക്കുന്നത് എളുപ്പമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. നിലവിലുള്ള ആദായ നികുതി നിയമത്തേക്കാൾ 50 ശതമാനം ചെറുതായിരിക്കും പുതിയ നിയമമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
ആറ് പതിറ്റാണ്ട് പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരമായി വരുന്ന പുതിയ ആദായനികുതി ബില്ലിന് ഫെബ്രുവരി 7 ന് ആണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. നികുതി സമ്പ്രദായത്തെ കൂടുതൽ നികുതിദായകർക്ക് അനുകൂലമാക്കാൻ ഈ ബിൽ നിയമമാകുന്നതോടെ കഴിയുന്നതാണ്. ആദായ നികുതി നിയമവുമായി ബന്ധപ്പെട്ടുള്ള കേസുകൾ കുറയ്ക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നുണ്ട്. കൂടാതെ പല നികുതി നിയമവുമായി ബന്ധപ്പെട്ട ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള പിഴയിൽ കുറവു വരുത്താനും പുതിയ ആദായനികുതി ബിൽ നിർദ്ദേശിക്കുന്നു.
ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ ബിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായി വരുന്ന പുതിയ ആദായനികുതി ബിൽ, നേരിട്ടുള്ള നികുതി നിയമങ്ങൾ വായിക്കാനും മനസ്സിലാക്കാനും എളുപ്പമാക്കും എന്നുള്ളത് പുതിയ ബില്ലിന്റെ ഒരു സവിശേഷതയാണ്. കൂടാതെ ഈ ബിൽ നിയമമാകുന്നതോടെ ആദായനികുതി നിയമവുമായി ബന്ധപ്പെട്ട അവ്യക്തതകൾ നീക്കം ചെയ്യുകയും, വ്യവഹാരങ്ങൾ കുറയ്ക്കുകയും ചെയ്യും. പുതിയ ആദായനികുതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെ ചില പ്രതിപക്ഷ അംഗങ്ങൾ എതിർത്തു. തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ് ഉൾപ്പെടെയുള്ള അംഗങ്ങളുടെ എതിർപ്പുകൾക്കിടയിലും ധനമന്ത്രി ബിൽ സഭയിൽ അവതരിപ്പിച്ചു. ബിൽ സഭയുടെ സെലക്ട് കമ്മിറ്റിക്ക് അയയ്ക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് ധനമന്ത്രി നിർമല സീതാരാമൻ അഭ്യർത്ഥിച്ചു.
Discussion about this post