ന്യൂഡൽഹി : മൂഡ് ഓഫ് ദി നേഷൻ (MOTN) 2025 സർവേ ഫലങ്ങൾ പുറത്ത്. ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കർണാടകയുടെ സിദ്ധരാമയ്യ എന്നിവരാണ് അസം മുഖ്യമന്ത്രിക്ക് പുറകിലായി ഉള്ളത്. 55.4 ശതമാനം വോട്ടുകൾ നേടിയാണ് ഹിമന്ത ബിശ്വ ശർമ്മ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
അടിസ്ഥാന സൗകര്യ വികസനം, ക്ഷേമം, സാമ്പത്തിക വികസനം, നിയമം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിലൂടെ അസമിനെ രാജ്യത്തെ തന്നെ ഒരു മാതൃക സംസ്ഥാനമാക്കി മാറ്റുന്നതിൽ മുഖ്യമന്ത്രി ഹിമന്ത വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ അസം നിർണായകമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഉറച്ച തീരുമാനമെടുക്കൽ, ജനകേന്ദ്രീകൃത സംരംഭങ്ങൾ നടപ്പിലാക്കുന്നതിലെ മികച്ച പ്രകടനം എന്നിവ സർവ്വേഫലത്തിൽ പ്രതിഫലിച്ചു.
അസമിന്റെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ്മ. 2001 മുതൽ അസമിലെ ജലുക്ബാരിയിൽ നിന്ന് അഞ്ച് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. നേരത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന ഹിമന്ത 2015ലാണ് ബിജെപിയിൽ ചേർന്നത്. വൈകാതെ തന്നെ എൻഡിഎ കൺവീനറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 56 വയസ്സുകാരനായ ഹിമന്ത ബിശ്വ ശർമ്മ എംഎ, എൽഎൽബി, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. 2021 മെയ് 10 ന് ആണ് മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ പിൻഗാമിയായി ഹിമന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
Discussion about this post