വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക സമ്മാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മിസ്റ്റർ പ്രൈം മിനിസ്റ്റർ യു ആർ ഗ്രേറ്റ്’ എന്നെഴുതി കയ്യൊപ്പ് ചാര്‍ത്തിയ ‘അവർ ജേര്‍ണി ടുഗദര്‍’ എന്ന കോഫി ടേബിൾ ബുക്ക് ആണ് പ്രധാനമന്ത്രിക്ക് ട്രംപ് സമ്മാനിച്ചത്.
320 പേജുള്ള പുസ്തകത്തിൽ ‘ഹൗഡി മോദി’, ‘നമസ്‌തേ ട്രംപ്’ പരിപാടികളിൽ നിന്നുള്ള സ്‌നാപ്പ്ഷോട്ടുകൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 ൽ ഹൂസ്റ്റണിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ‘ഹൗഡി മോദി’ റാലിയിൽ 50,000-ത്തിലധികം ഇന്ത്യൻ-അമേരിക്കക്കാർ ആണ് പങ്കെടുത്തത്. ഹൗഡി മോദിക്ക് അഞ്ച് മാസങ്ങൾക്ക് ശേഷം, 2020 ഫെബ്രുവരിയിൽ ആണ് അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ‘നമസ്‌തേ ട്രംപ്’ പരിപാടി നടന്നത്. ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ശക്തി അടിവരയിടുന്നതായിരുന്നു ഈ രണ്ട് പരിപാടികളും.
ഇരു നേതാക്കളുടെയും ചിത്രങ്ങൾ ഉള്‍പ്പെടുന്ന പുസ്തകം
ആമസോണിന്റെയും ഫ്ലിപ്കാർട്ട് ഇന്ത്യയുടെയും വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. 6,000 മുതൽ 6,873 രൂപ വരെയാണ് വില. ട്രംപ് സ്റ്റോറിൽ 100 ഡോളറിനും ലഭ്യമാണ്.
അദ്ദേഹത്തിന്റെ പ്രസിഡന്റായിരുന്ന കാലത്തെ ചരിത്ര നിമിഷങ്ങളാണ് ഈ പുസ്തകം പകർത്തിയിരിക്കുന്നത്. മോദിക്ക് പുറമേ ആഗോള നേതാക്കളായ കിം ജോങ് ഉൻ, ഷീ ജിങ് പിങ്, വ്ലാഡമിർ പുടിൻ തുടങ്ങിയ രാഷ്ട്രനേതാക്കളുമായുള്ള ട്രംപിന്റെ ചിത്രങ്ങളും കോഫി ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു അവിസ്മരണീയ ചിത്രം 2020-ൽ ട്രംപ് താജ്മഹൽ സന്ദർശിച്ചതിന്റെതാണ്. പുസ്തകത്തിലെ ഓരോ ചിത്രവും വരികളും ട്രംപ് നേരിട്ട് തിരഞ്ഞെടുത്തതാണെന്ന് ആണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post