കീവ് : ചെർണോബിൽ ആണവ നിലയത്തിന്റെ സംരക്ഷണ കവചത്തിന് കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്. റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ചെർണോബിൽ റിയാക്ടറിന്റെ റേഡിയേഷൻ ഷെൽട്ടറിന് കേടുപാട് ഉണ്ടായതെന്നാണ് യുക്രൈൻ പ്രസിഡണ്ട് വ്ലോഡിമർ സെലെൻസ്‌കി അറിയിക്കുന്നത്.
ഒറ്റരാത്രികൊണ്ട് കാര്യമായ നാശനഷ്ടമുണ്ടായെന്നും സെലെൻസ്‌കി വ്യക്തമാക്കി. എന്നാൽ റിയാക്ടറിന്റെ റേഡിയേഷൻ നില സാധാരണ നിലയിലാണെന്നും സെലെൻസ്‌കി അവകാശപ്പെട്ടു.
1986-ൽ ലോകത്തിലെ ഏറ്റവും വലിയ സിവിൽ ആണവ ദുരന്തം സംഭവിച്ച സ്ഥലമാണ് ചെർണോബിൽ. ആണവ നിലയത്തിലെ നാല് റിയാക്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചപ്പോഴാണ് 1986-ൽ ലോകത്തെ നടുക്കിയ ആണവ ദുരന്തം സംഭവിച്ചത്. ഇത് യൂറോപ്പിലുടനീളം ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായി. ആ റിയാക്ടർ ഇപ്പോൾ സാർക്കോഫാഗസ് എന്നറിയപ്പെടുന്ന ഒരു സംരക്ഷിത ഷെൽട്ടർ കൊണ്ട് മൂടപ്പെട്ടിരിക്കുന്ന നിലയിലാണ് ഉള്ളത്. സ്ഫോടനത്തിൽ മേൽക്കൂര നഷ്ടപ്പെട്ട റിയാക്ടറിന്റെ അവശിഷ്ടങ്ങൾ മൂടുന്ന രീതിയിൽ കോൺക്രീറ്റും സ്റ്റീലും കൊണ്ടാണ് സാർക്കോഫാഗസ് സംരക്ഷണ കവചം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴും നിലനിൽക്കുന്ന ആണവ വികിരണം തടയുന്നതിനാണ് ഈ സംരക്ഷണ കവചം നിർമ്മിച്ചിരിക്കുന്നത്. പ്ലാന്റിലെ നശിച്ച വൈദ്യുതി യൂണിറ്റിന്റെ ഷെൽട്ടറിൽ ആണ് റഷ്യൻ ഡ്രോൺ ഇടിച്ചത് എന്നാണ് വ്ലോഡിമർ സെലെൻസ്‌കി അറിയിക്കുന്നത്.
കീവ് മേഖലയിൽ രാത്രിയിലാണ് ആക്രമണം നടന്നത്. ഡ്രോണിൽ വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു എന്നാണ് സെലൻസ്കി അറിയിക്കുന്നത്. ഇത് പ്ലാന്റിന്റെ ഘടനയ്ക്ക് കേടുപാടുകൾ വരുത്തുകയും ആക്രമണത്തിന് ശേഷം തീപിടുത്തത്തിന് കാരണമാവുകയും ചെയ്തു എന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ തീ അണയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. റേഡിയേഷൻ അളവിൽ വർദ്ധനവ് ഉണ്ടായിട്ടില്ല എന്നും യുക്രൈൻ പ്രസിഡണ്ട് അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ ആണവ ഏജൻസിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്
രാത്രിയിൽ നടന്ന സ്ഫോടനത്തിന് മിനിറ്റുകൾക്കുള്ളിൽ തന്നെ അഗ്നിശമന സുരക്ഷാ ഉദ്യോഗസ്ഥരും വാഹനങ്ങളും സ്ഥലത്ത് എത്തിച്ചേർന്ന് സ്ഥിതിഗതികൾ ഏറ്റെടുത്തതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ആണവ സുരക്ഷ നിരീക്ഷിക്കുന്ന ഏജൻസിയാണ് ഐഎഇഎ. ചെർണോബിലിനകത്തും പുറത്തും വികിരണ അളവ് സാധാരണ നിലയിലും സ്ഥിരതയിലും തുടരുന്നതായും ഐഎഇഎ പറഞ്ഞു.
“ഇന്നലെ രാത്രി, ചെർണോബിൽ ആണവ നിലയത്തിന്റെ തകർന്ന നാലാമത്തെ പവർ യൂണിറ്റിലെ വികിരണങ്ങളിൽ നിന്ന് ലോകത്തെ സംരക്ഷിക്കുന്ന സംരക്ഷണ കവചത്തെ, ഉയർന്ന സ്‌ഫോടനശേഷിയുള്ള വാർഹെഡുള്ള ഒരു റഷ്യൻ ആക്രമണ ഡ്രോൺ ആക്രമിച്ചു. ഇത്തരം സ്ഥലങ്ങൾ ആക്രമിക്കുകയും, ആണവ നിലയങ്ങൾ പിടിച്ചെടുക്കുകയും, അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ യുദ്ധം ചെയ്യുകയും ചെയ്യുന്ന ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ന് റഷ്യയാണ്. ഇത് ലോകമെമ്പാടും ഒരു ഭീകര ഭീഷണിയാണ് ” എന്നും
യുക്രേനിയൻ പ്രസിഡന്റ് ഒരു സമൂഹമാദ്ധ്യമ പോസ്റ്റിൽ വ്യക്തമാക്കി.
ചെർണോബിൽ സ്ഫോടനത്തിൽ നിന്നുള്ള പൊടിയിലെ റേഡിയോ ആക്ടീവ് കണങ്ങളെ മൂടുന്ന, തകർന്ന പുറം കവചത്തിന് താഴെയുള്ള കട്ടിയുള്ള കോൺക്രീറ്റ് കവചമാണ് സാർക്കോഫാഗസ്. ഒരു ഡ്രോൺ ആക്രമണം ഈ സംരക്ഷണ പാളിക്ക് കേടുപാടുകൾ വരുത്താൻ തക്ക ശക്തിയുള്ളതല്ലെന്നാണ് യുകെയിലെ പോർട്ട്സ്മൗത്ത് സർവകലാശാലയിലെ പ്രൊഫസർ ജിം സ്മിത്ത് അറിയിക്കുന്നത്. ചെർണോബിലിനെക്കാൾ ആശങ്കപ്പെടേണ്ടത് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോരിജിയ പ്ലാന്റിന്റെ കാര്യത്തിലാണെന്നും പ്രൊഫസർ ജിം സ്മിത്ത് വ്യക്തമാക്കി.
Discussion about this post