ഭോപ്പാല്‍: മധ്യപ്രദേശിലെ ദാതിയ ജില്ലയിൽ കരസേനയുടെ ഫയറിംഗ് റേഞ്ചിൽ ഉണ്ടായ സ്ഫോടനത്തില്‍ ഒരു മരണം. 17 വയസുകാരനായ ഗംഗാറാം എന്ന പ്രദേശവാസിയാണ് കൊല്ലപ്പെട്ടത്. രണ്ട് പ്രദേശവാസികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് പറഞ്ഞു.
രാവിലെ 9 മണിയോടെ ജയ്ത്പൂർ ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. പരിക്കേറ്റവരെ ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) സുനിൽ കുമാർ ശിവഹാരെ പറഞ്ഞു.
രാമു (23), മനോജ് (16) എന്നിവർക്ക് ആണ് പരിക്കേറ്റതെന്ന് എഎസ്പി പറഞ്ഞു. ദാതിയ നഗരത്തിൽ നിന്ന് 80 കിലോമീറ്റർ അകലെ ബസായ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ പ്രദേശം.
നിലത്ത് കിടന്നിരുന്ന പൊട്ടാത്ത സ്ഫോടക വസ്തുക്കളുടെ ഒരു ഭാഗം ഇരകളിൽ ഒരാൾ എടുക്കുകയും ഇത് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സമീപ ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾ പലപ്പോഴും സ്ഫോടക വസ്തുക്കൾ ശേഖരിച്ച് സ്ക്രാപ്പായി വിൽക്കാറുണ്ട്. അതിൽ നിന്ന് ചെമ്പ് പോലുള്ള ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയും. ഇത്തരത്തില്‍ വസ്തുക്കൾ ശേഖരിക്കുന്നതിനിടെയാകാം പൊട്ടിത്തെറി ഉണ്ടായത് എന്ന് പോലീസ് പറയുന്നു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എഎസ്പി ശിവഹാരെ പറഞ്ഞു.
Discussion about this post