ബംഗളൂരു: ലോകമെമ്പാടുമുള്ള കമിതാക്കൾ വാലന്റൈൻസ് ദിനം ആഘോഷമാക്കുകയാണ്. സമ്മാനം വാങ്ങി നൽകിയും പങ്കാളികൾക്കൊപ്പം സമയം പങ്കിട്ടുമെല്ലാമാണ് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത്. മറ്റ് രാജ്യങ്ങളിലെന്നത് പോലെ ഇന്ത്യയിലും ഈ ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
വാലന്റൈൻസ് ഡേയുടെ ഭാഗമായി ഡിന്നർ ഉൾപ്പെടെയുള്ള പരിപാടികൾ വിവിധ ക്ലബ്ബുകളും റിസോർട്ടുകളും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ പങ്കെടുക്കാൻ കമിതാക്കൾക്ക് മാത്രമേ അനുവാദമുള്ളൂ. സിഗിംൾസിന് ഇവിടങ്ങളിലേക്ക് പ്രവേശിപ്പിക്കുകയില്ല. അപ്പോൾ ഈ പരിപാടികളുടെ ഭാഗം ആകണമെങ്കിൽ എന്ത് ചെയ്യും?. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിനുള്ള പരസ്യമാണ് ബംഗളൂരു നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പങ്കാളിയെ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട പരസ്യം ആണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടത്. ഇതിൽ ആൺ കുട്ടികളെ വാടകയ്ക്ക് എടുക്കാൻ പെൺകുട്ടികൾക്കാണ് അവസരം ഉള്ളത്. കാമുകനെ വേണ്ടവർക്ക് പരസ്യത്തിൽ നൽകിയിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് വാടകയ്ക്ക് എടുക്കാം.
ഒരു ദിവസത്തേയ്ക്ക് മാത്രമാണ് പെൺകുട്ടികൾക്ക് വാടകയ്ക്ക് കാമുകനെ ലഭിക്കുക. ഇതിനായി 389 രൂപ നിങ്ങൾ അടയ്ക്കണം. നഗരത്തിലെ ജയനഗർ, ബനശങ്കരി, ബിഡിഎ എന്നിവിടങ്ങൾ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ ഈ പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്.
വാലന്റൈൻസ് ദിനം ആഘോഷിക്കാൻ പങ്കാളികളെ വാടകയ്‌ക്കെടുക്കുന്ന രീതി മറ്റ് രാജ്യങ്ങളിൽ ഉണ്ട്. ഇതിനോട് ഇന്ത്യയിലെ യുവതലമുറയും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം പോസ്റ്ററുകൾക്കെതിരെ പ്രദേശവാസികൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം രീതികൾ ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ഇവർ പറയുന്നു. പോസ്റ്റർ പങ്കുവച്ച് പലരും പ്രതിഷേധം സോഷ്യൽ മീഡിയയിലും പ്രകടിപ്പിച്ചു. പോസ്റ്റർ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിലും വ്യാപക വിമർശനം ഉയരുന്നുണ്ട് .
Discussion about this post