ഈ കഴിഞ്ഞ ദിവസമാണ് കുംഭമേളയെ അധിക്ഷേപിച്ച് സിപിഎം നേതാവും രാജ്യസഭാ അംഗവുമായിട്ടുള്ള ജോൺ ബ്രിട്ടാസ് രംഗത്തെത്തിയത്. ചൈന പോലുള്ള രാജ്യങ്ങൾ സാങ്കേതിക വിദ്യകളിൽ മുന്നേറുമ്പോൾ ഇവിടെ ഇന്ത്യ കുംഭമേളയിൽ മുങ്ങിക്കുളിക്കുകയാണെന്നായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം. ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റിനോട് പ്രതികരിക്കുമ്പോഴായിരുന്നു കുംഭമേളയ്ക്ക് നേരെയുള്ള ഈ അധിക്ഷേപം. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് ജയരാജ് മിത്രം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്.
ബ്രിട്ടാസിന്റെ രാഷ്ട്രീയ ശത്രുക്കളായ ആർഎസ് എസോ ബിജെപിയോ അല്ല കുംഭമേള നടത്തുന്നത്.അതിന് മേളാ അതോറിറ്റിയുണ്ട്. സർക്കാർ സംവിധാനമുണ്ട്. സന്ന്യാസികളുടെയും അഖാഡകളുടെയും അലിഖിത നിയന്ത്രണവുമുണ്ട്. കാവി കണ്ടതും ഹിന്ദു എന്നും ഹിന്ദു എങ്കിൽ ബിജെപി എന്നും ഉള്ള ധാരണയെങ്കിലും തിരുത്താനുള്ള രാഷ്ട്രീയവെളിവ് ബ്രിട്ടാസിനുണ്ടാവണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ”താങ്കളുടെ പ്രസ്താവന ഒരു നിലപാടായി പൊതു സമൂഹം അംഗീകരിക്കണമെങ്കിൽ, എല്ലാ മതത്തിലേയും ആചാരങ്ങളെ ഇതുപോലെ പുച്ഛിക്കാൻ താങ്കൾ തയ്യാറാവണം.എന്നാൽ മാത്രമേ ഇതൊരു വിഷം തുപ്പലല്ലെന്നും; മതേതര കാഴ്ചപ്പാടാണെന്നും ഓർക്കാൻപോലുമാകൂ.അതിന്, സ്വന്തം ജീവിതത്തിൽ ഒരു സത്യസന്ധത വേണം.അതായത്, സ്വന്തം വീട്ടിലെ ചടങ്ങുകളിൽനിന്നെങ്കിലും മതത്തെയും മതത്തിന്റെതായ ആചാരങ്ങളെയും മാറ്റിനിർത്താനുള്ള ചങ്കൂറ്റം താങ്കൾ കാണിണമെന്ന് അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
കുംഭമേളയേക്കുറിച്ച് ജോൺ ബ്രിട്ടാസിൻ്റെ വിവാദപരാമർശം കേട്ടപ്പോൾ, എനിക്ക് കിട്ടിയ അറിവുവെച്ച് ബ്രിട്ടാസിൻ്റെ സാമ്പത്തിക, രാഷ്ട്രീയ ഉപദേഷ്ടാവാവാൻ എനിക്കൊരു പൂതി.
ഒന്നാമത്തെ കാര്യം,
ബ്രിട്ടാസിൻ്റെ രാഷ്ട്രീയ ശത്രുക്കളായ ആർഎസ് എസോ ബീജേപ്പിയോ അല്ല കുംഭമേള നടത്തുന്നത്.
അതിന്
മേളാ അതോറിറ്റിയുണ്ട്.
സർക്കാർ സംവിധാനമുണ്ട്.
സന്ന്യാസികളുടെയും അഖാഡകളുടെയും അലിഖിത നിയന്ത്രണവുമുണ്ട്.
കാവി കണ്ടതും ഹിന്ദു എന്നും
ഹിന്ദു എങ്കിൽ ബീജേപ്പി എന്നും
ഉള്ള ധാരണയെങ്കിലും തിരുത്താനുള്ള രാഷ്ട്രീയവെളിവ് ബ്രിട്ടാസിനുണ്ടാവണം.
പിന്നെ,
താങ്കളുടെ പ്രസ്താവന ഒരു നിലപാടായി പൊതു സമൂഹം അംഗീകരിക്കണമെങ്കിൽ, എല്ലാ മതത്തിലേയും ആചാരങ്ങളെ ഇതുപോലെ പുച്ഛിക്കാൻ താങ്കൾ തയ്യാറാവണം.
എന്നാൽ മാത്രമേ ഇതൊരു വിഷം തുപ്പലല്ലെന്നും; മതേതര കാഴ്ചപ്പാടാണെന്നും ഓർക്കാൻപോലുമാകൂ.
അതിന്, സ്വന്തം ജീവിതത്തിൽ ഒരു സത്യസന്ധത വേണം.
അതായത്, സ്വന്തം വീട്ടിലെ ചടങ്ങുകളിൽനിന്നെങ്കിലും മതത്തെയും മതത്തിൻ്റെതായ ആചാരങ്ങളെയും മാറ്റിനിർത്താനുള്ള ചങ്കൂറ്റം താങ്കൾ കാണിക്കണം.
കേരളം,
ഒന്നാന്തരം നട്ടെല്ലുള്ള ഒരുപാട് യുക്തിവാദികളെ പ്രസവിച്ച നാടാണ്.
ആ തൻ്റേടികളോട് അന്നും ഇന്നും സ്നേഹവും ആദരവുമാണ് നമുക്കുള്ളതും.
അതിന് കാരണം അവർക്ക് ഇരട്ടത്താപ്പ് ഉണ്ടായിരുന്നില്ല എന്നതാണ്.
ജാതിയും മതവും കുറിയും കാവിയുമൊക്കെ മറന്ന്, കുറച്ച് കച്ചവടം പറഞ്ഞാൽ, ഒരുപക്ഷേ അങ്ങേയ്ക്ക് മനസ്സിലാകുമായിരിക്കും എന്ന ധാരണയിൽ
കുറച്ച് കാശിൻ്റെ കാര്യം പറയട്ടെ.
കേരളത്തിൻ്റെ ജനസംഖ്യ 4 കോടിയിൽ താഴെയാണ്.
ഭാരതത്തിൻ്റെ ജനസംഖ്യ 150 കോടി എന്ന് കണക്കാക്കാം.
മഹാകുംഭമേളയിൽ ഒന്നര മാസക്കാലം എന്ന ഈ ചുരുങ്ങിയ സമയത്തിൽ വന്ന്, ത്രിവേണീസംഗമത്തിൽ സ്നാനം ചെയ്ത് മടങ്ങുന്നത് 50 കോടിയിൽപ്പരം ആൾക്കാർ ആണ് !
അതായത്, ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗം ഇവിടെ ഈ ഒന്നരമാസത്തിൽ വരുന്നു എന്നർത്ഥം.
കഴിഞ്ഞ ദിവസം ജനബാഹുല്യത്താൽ 350 കിലോമീറ്റർ ദൂരം ട്രാഫിക് ബ്ലോക്ക്!
ബ്ലോക്കിൽപോലും സർവ്വകാല ലോക റെക്കോഡ് !
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം.
ചൈന ഏ ഐയിൽ തരംഗം സൃഷ്ടിക്കുമ്പോൾ ഇവിടെ കുളി !
എന്ന് പരിഹസിച്ച ബ്രിട്ടാസിന്,
പണ്ട് കമ്പ്യൂട്ടറിനെതിരെ നടത്തിയ സമരം ഓർമ്മയുണ്ടാവാൻ ജഗദീശ്വരനോട് ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.
അതൊക്കെ പോട്ടെ.
നമുക്ക് കച്ചവടം സംസാരിക്കാം.
മേളയിൽ വരുന്ന ഒരാൾ ഏറ്റവും ചുരുങ്ങിയത് 5000 രൂപ ചെലവാക്കും എന്നാണ് യൂപ്പീ സർക്കാരിൻ്റെ കണക്കും പ്രതീക്ഷയും.
അതായത്, ഏതാണ്ട് രണ്ടര ലക്ഷം കോടി രൂപ ഈ മേളയിൽ നിന്നുമാത്രം സ്റ്റേറ്റിന് വരുമാനം!
ഈ 5000 എന്നത് പതിനായിരമാവാനാണ് സാദ്ധ്യത.
അപ്പോൾ സംസ്ഥാനത്തിന് ഒന്നരമാസം കൊണ്ട് കിട്ടുന്ന വരുമാനം 5 ലക്ഷം കോടി രൂപ !
ഇതിനായി ചെലവഴിക്കുന്നതോ……
വെറും ഏഴായിരം കോടി രൂപ.
കണ്ണ് തള്ളിയിട്ടുണ്ടാകും എന്ന് കരുതട്ടെ.
ഇനി അടുത്ത കണക്കുകൾ പറയാം.
സർക്കാർതന്നെ പുറത്തുവിട്ട കണക്കുകളാണ്.
ഭക്ഷണം ,പാനീയങ്ങൾ എന്നിവയുടെ വില്പന വഴി ചുരുങ്ങിയത് 20000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
എണ്ണ, വിളക്ക്, വഴിപാടുകൾ എന്നിവയിൽനിന്ന് ചുരുങ്ങിയത് 20000 കോടി രൂപ പ്രതീക്ഷിക്കുന്നു.
ഗതാഗതം, ലോജിസ്റ്റിക് എന്നിവയിൽനിന്ന് 10000 കോടി.
ടൂർ, ട്രാവൽ പാക്കേജുകൾ എന്നിവയിൽനിന്ന് 10000 കോടി രൂപ.
മെഡിക്കൽ ക്യാമ്പ്, ആയുർവ്വേദ, ഹോമിയോ മരുന്നുകൾ എന്നിവയിൽനിന്ന് മൂവായിരം കോടി.
ഇ-ടിക്കറ്റ്, വൈഫൈ സേവനം, മൊബൈൽ ചാർജ്ജിങ് സ്റ്റേഷനുകൾ എന്നിവയിൽനിന്ന് ആയിരം കോടി.
വിനോദം, പരസ്യം എന്നിവയിൽനിന്ന് 10000 കോടി.
(സി എ ഐ ടിയുടെ കണക്കുകളാണ് ഇതെല്ലാം. ബ്രിട്ടാസിന് താത്പര്യമെങ്കിൽ ചെക്ക് ചെയ്യാം.)
അല്ലറചില്ലറയൊന്നും കണക്കാക്കാതെയാണ്.
ഇനി,
മേള കഴിഞ്ഞ് തുറക്കാൻ പോകുന്ന ആക്രി ബിസിനസ്സിൻ്റെ അപാരമായൊരു ലോകം
ഉത്തർപ്രദേശിലും സമീപ സംസ്ഥാനങ്ങളിലും ചിരിച്ചുനിൽപ്പുണ്ട്.
മേളാനഗരിയിൽ അദാനിയുടെ ബാറ്ററി വണ്ടി ഫ്രീ ആയി ഓടിക്കൊണ്ടിരിക്കുന്നു.
(അയ്യേ! ബൂർഷ്വാ !)
ശുദ്ധമായ കുടിവെള്ളം തീർത്തും സൗജന്യം.
ശൗചാലയങ്ങളെല്ലാം സൗജന്യം.
(കേരളത്തിലെ, ദേവസ്വം ഭരിക്കുന്ന ക്ഷേത്രങ്ങളിലെ സൗജന്യങ്ങൾ ബ്രിട്ടാസ് ഒന്ന് താരതമ്യം ചെയ്യുക. )
സൗജന്യം വേണ്ടവർക്ക് ഭക്ഷണവും സൗജന്യം.
ഗവൺമെൻ്റ് സ്പെഷ്യൽ ബസ്സുകളിൽ സാധാരണ നിരക്കിലും താണ നിരക്ക്.
( ശബരിമല സീസണിലെ സ്പെഷ്യൽ KSRTC നിരക്ക് ബ്രിട്ടാസ് ഒന്ന് താരതമ്യം ചെയ്യുക.)
ഇനി,
മേളയിൽ ചികിത്സ സൗജന്യം, മരുന്നുകൾ സൗജന്യം.
ഇത്രയും സൗജന്യങ്ങൾ നൽകിയതിനുശേഷമാണ് മേൽപ്പറഞ്ഞ , ‘ലക്ഷം കോടി’യുടെ കച്ചവടം നടക്കുന്നത് എന്നും ഓർക്കുക.
കാശി, അയോധ്യ , ഗയ എന്നിവിടങ്ങളിൽ മേളമൂലം എത്തുന്നവരുടെ കാര്യം വേറെ.
ഞാൻ ഇപ്പോൾ ഉപദേഷ്ടാവായപോലെ, അങ്ങ്, കേരളസർക്കാരിൻ്റെ ഏതെങ്കിലും തലത്തിനെ ഉപദേശിക്കാൻ കഴിയുന്നവനാണെങ്കിൽ; ഒന്ന് പറഞ്ഞ് കൊടുക്കുക.
‘കാശില്ലേ കാശില്ലേ എന്ന് പറഞ്ഞിരിക്കാതെ, നമ്മൾക്കും ചിലത് ആസൂത്രണം ചെയ്യാം’ എന്ന്.
‘സൗത്ത് ഇന്ത്യയുടെ മൊത്തം സമ്പത്തിൻ്റെ നല്ലൊരു ശതമാനം വാങ്ങിവെയ്ക്കാവുന്ന സംവിധാനം (നിങ്ങൾക്കില്ലാത്ത) ദൈവം, ശബരിമല എന്ന പേരിൽ കേരളത്തിന് തന്നിട്ടുണ്ട് ‘ എന്ന്.
എന്നിട്ട്, കേന്ദ്രഗവൺമെൻ്റിനോട് നിവർന്നുനിന്ന് പറയുക;
‘നിൻ്റെയൊക്കെ കാശ് കിട്ടാതിരുന്നാലും ഞങ്ങൾ അന്തസ്സായി ജീവിക്കും ‘ എന്ന്.
പക്ഷേ, ജൻമനാലുള്ള ഒരു വശംചേർന്ന ഈ പുച്ഛം ആദ്യം ഒഴിവാക്കണം എന്നുമാത്രം.
ഇനി, അവസാനമായി, വിനയത്തോടെ പറയട്ടെ……
കുംഭമേളയിൽ ഭക്തിയോടെ ഒത്തുകൂടിയ ആരുംതന്നെ ഭാരതത്തെ തകർക്കാൻ തീരുമാനമെടുത്തില്ല.
ആരെയും ആക്രമിക്കാൻ ശപഥമെടുത്തില്ല.
അട്ടിമറികൾക്ക് പദ്ധതിയിട്ടില്ല.
‘ഗംഗാമയ്യാ കീ ജയ്’
‘യമുനാ മയ്യാ കീ ജയ്’
എന്ന് വിളിച്ചുപോകുന്ന ലക്ഷങ്ങൾ, ‘ഭാരത് മാതാ കീ ജയും’ വിളിക്കുന്നുണ്ട്.
പലരുടെ കയ്യിലും ഭാരതത്തിൻ്റെ പതാകയും ഉണ്ട്.
ജോൺ ബ്രിട്ടാസ്,
ഒരു ജനതയുടെ സത്യസന്ധവും നിഷ്ക്കളങ്കവും സുതാര്യവുമായ ആചാരങ്ങളെ അപമാനിക്കാനും അവഹേളിക്കാനും ശ്രമിച്ച് സ്വയം കോമാളിയാവാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തേയും മാനിക്കുന്നു.
അത് പക്ഷേ, കാപട്യം നിറഞ്ഞതാണ് എന്നതു മാത്രമാണ് വിഷയം.
ജയരാജ് മിത്ര
Discussion about this post