ഭൂമിയിൽ എക്കാലത്തെയും ഉയർന്ന ചൂട് രേഖപ്പെടുത്തിയ വർഷമാണ് കടന്നു പോയത്. കാലാവസ്ഥയിൽ കനത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നിരവധി കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. 2023 ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂടിനെ 2024 മറികടന്നു. ഇനിയും കൂടുതൽ താപനിലയിലേക്കാകും നമ്മൾ കുതിക്കുക. 2015 ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിപ്രകാരം നിശ്ചയിച്ചിട്ടുള്ള 1.5ഡിഗ്രി സെൽഷ്യസ് അഥവ 2.7 ഡിഗ്രി ഫാരൻഹീറ്റ് എന്ന പരിധിയാണ് 2024 ൽ മറികടന്നിരിക്കുന്നത്. 1800കൾക്ക് ശേഷം ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത് ആദ്യമാണ് എന്നും യൂറോപ്യൻ കമ്മീഷൻറെ കോപ്പർനിക്കസ് കാലാവസ്ഥ സർവീസും ബ്രിട്ടണിലെ കാലാവസ്ഥ വകുപ്പും ജപ്പാൻറെ കാലാവസ്ഥ ഏജൻസിയും ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം ഇതിനെയും കടത്തി വെട്ടും എന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. വേനൽ കാലം എത്തുന്നതിനുമുൻപേ
സംസ്ഥാനത്ത് ചൂട് കൂടിവരുകയാണ്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കേരളത്തിൽ പാലക്കാട് ശനിയാഴ്ച പകൽ രേഖപ്പെടുത്തിയത് 38ഡിഗ്രി ചൂടാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗികരേഖ പ്രകാരം ശനിയാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. വേനൽ എത്തുന്നതിനു മുൻപേ കൊടും ചൂടിൽ ഉരുകുകയാണ് പാലക്കാട്. മൂന്ന് വർഷമായി ജില്ലയിൽ ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്.
2024 ഫെബ്രുവരി അവസാനം ചൂട് 39.5 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. പാലക്കാട് ചുരത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് കടുത്ത വേനലെത്തുമുൻപേ ചൂട് കൂടാൻ ഇടയാകുന്നത്. ജില്ലയിൽ ചൂട് ക്രമമായി ഉയർന്ന് മാർച്ച് പകുതിക്കുശേഷം 41 ഡിഗ്രിവരെയോ അതിനുമുകളിലേക്കോ എത്താൻ സാധ്യതയുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് കാലാവസ്ഥാ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഉണ്ടായിരുന്ന എൽ നിനോ മുന്നറിയിപ്പിന് പകരം ഇക്കുറി ഊഷ്മാവ് കുറയ്ക്കുന്ന ലാനിന പ്രതിഭാസമുളളതിനാൽ 2025 കഴിഞ്ഞ വർഷത്തെപ്പോലെ ചൂടുള്ളതാകില്ലെന്നാണ് യൂറോപ്യൻ, ബ്രിട്ടീഷ് ഏജൻസികളുടെ വിലയിരുത്തൽ. എങ്കിലും താപനില കൂടിയ മൂന്നാമത്തെ വർഷമായിരിക്കുമിതെന്നും വിലയിരുത്തലുണ്ട്.
ആഗോള താപനില വർദ്ധിക്കുന്നുണ്ടോയെന്ന കാര്യത്തിൽ ശാസ്ത്രജ്ഞരുടെ ഇടയിൽ ഭിന്നാഭിപ്രായമുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്നതിന് മതിയായ രേഖകൾ ലഭ്യമല്ല. സമുദ്രതാപനില കേവലം വർദ്ധിക്കുകയല്ല മറിച്ച് ത്വരിത വേഗത്തിൽ കുതിക്കുകയാണെന്നും കോപ്പർനിക്കസ് മേധാവി കാർലോ ബ്യുയോൺടെമ്പോ പറയുന്നു. നമ്മൾ പുതിയൊരു കാലാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. ഒപ്പം പുത്തൻ വെല്ലുവിളികളെയും. ഈ കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ നമ്മുടെ സമൂഹം വേണ്ട തയാറെടുപ്പുകൾ നടത്തിയിട്ടില്ലെന്നും ബ്യൂവോൺടെമ്പോ പറയുന്നു.
Discussion about this post