ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതി റിജോ ആന്റണി നടത്തിയത് പ്രൊഫഷണൽ കള്ളന്മാരെ വെല്ലും വിധത്തിലുള്ള തയ്യാറെടുപ്പുകൾ. ഒരിക്കലും പോലീസ് തന്നെ തേടി വരില്ലെന്ന അമിത ആത്മവിശ്വാസത്തിൽ നടത്തിയ പ്ലാനുകൾക്കിടെ ഉണ്ടായ ഒരു കൈപിഴവാണ് മോഷണവിവരം അറിഞ്ഞതിന് പിന്നാലെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കേരളപോലീസിന് പിടിവള്ളിയായത്. മോഷണമുതൽ കൊണ്ട് സന്തോഷത്തോടെ വീട്ടിൽ ഇരുന്ന റിജോയുടെ സമീപത്തേക്ക് മൂന്നാം പക്കം പോലീസെത്തിയതോടെ പ്രതി അക്ഷരാർത്ഥത്തിൽ ഞെട്ടി.പോലീസ് ആശയക്കുഴപ്പത്തിലാണെന്ന് ചാനലുകളിലെ വാർത്തകളിലൂടെ അനുമാനിച്ച റിജോ ഒളിവിൽ പോകാതെ വീട്ടിൽ തുടരുകയായിരുന്നു.
റിജോ ആന്റണി ആഡംബരജീവിതം നയിക്കുന്നയാളാണെന്ന് പോലീസ് പറയുന്നു. റിജോ ആന്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂർത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോൾ കൊള്ള ചെയ്ത് കടം വീട്ടാൻ ശ്രമിക്കുകയായിരുന്നു.40 ലക്ഷത്തിലധികമാണ് റിജോയ്ക്ക് കടമായി ഉണ്ടായിരുന്നത്. മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാൾക്ക് കടം വീട്ടാനായി കൊടുത്തു. മോഷ്ടിച്ച പണം കൊണ്ട് മദ്യം വാങ്ങി. ബാക്കി പണം പൊട്ടിക്കൊതെ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നുണ്ട്.
വലിയ തയ്യാറെടുപ്പുകളാണ് ഇയാൾ മോഷമത്തിനായി നടപ്പിലാക്കിയത്. ഫെഡറൽ ബാങ്കിന് നേരെ മുൻപിലുളള പോട്ട പള്ളിയാണ് റിജോയുടെ ഇടവക. സ്ഥിരമായി എല്ലാ ഞായറാഴ്ചയും ഇയാൾ പള്ളിയിൽ പോകുമായിരുന്നു. മാസത്തിലെ ആദ്യത്തേയും അവസാനത്തേയും വെള്ളിയാഴ്ച മാത്രമാണ് പള്ളിയിൽ പ്രാർത്ഥനകൾ ഇല്ലാത്തത്. അതിനാലാണ് വെള്ളിയാഴ്ച ദിവസം പ്രതി മോഷണത്തിനായി തിരഞ്ഞെടുത്തത്. ഹെൽമറ്റ്, മങ്കി ക്യാപ്പ് എന്നിവ വച്ചു. പിന്നീട് ബാങ്കിൽ വന്നു കാര്യം പഠിച്ചു. ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ഒരു ബൈക്ക് നമ്പർ തെരഞ്ഞെടുത്തു. കവർച്ചയ്ക്ക് മുൻപും ശേഷവും വസ്ത്രം മാറ്റുകയും തന്റെ സ്‌കൂട്ടറിന്റെ റിയർവ്യൂ മിറർ മാറ്റി രൂപം മാറ്റം വരുത്തുകയും ചെയ്‌തെങ്കിലും പ്രതിയുടെ ഷൂസിനടിയിലെ നിറം പോലീസിന് നിർണായക തുമ്പായി. കൂടാതെ, കവർച്ചയ്ക്ക് മൂന്നു ദിവസം മുൻപ് ഉപയോഗശൂന്യമായ എടിഎം കാർഡുമായി റിജോ പോട്ട ബാങ്കിലെത്തിയതും റിജോയ്ക്ക് പാരയായി. ബാങ്കിന്റെ പ്രവർത്തനരീതിയും പണം വെക്കുന്ന സ്ഥലവും മനസ്സിലാക്കാനായിരുന്നു പ്രതിയുടെ ഈ നീക്കം
ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത ഹെൽമെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. നട്ടുച്ചയായതിനാൽ ഏറക്കുറേ വിജനമായിരുന്നു പാത. രണ്ടു മുതൽ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. ബാങ്കിനുമുന്നിൽ നിർത്തിയിട്ട കാറിനു പിന്നിലായി സ്‌കൂട്ടർ നിർത്തിയാണ് ഇയാൾ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. മറ്റ് നാലുപേർ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്. ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. മുറി പൂട്ടിയശേഷം കാഷ് കൗണ്ടർ തോൾകൊണ്ട് ഇടിച്ചുതുറക്കാൻ ശ്രമിക്കുന്ന പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് കൈകൊണ്ട് ചില്ലുകൾ തകർത്താണ് പണം മോഷ്ടിച്ചത്.. 47 ലക്ഷം രൂപയാണ് കൗണ്ടറിൽ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതിൽനിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകൾ കൈക്കലാക്കി പുറത്തേക്കുപോവുകയായിരുന്നു.
Discussion about this post