കൊച്ചുകൊച്ചു പിണക്കങ്ങളും അതിലുമേറെ ഇണക്കങ്ങളും ചേർന്നതാണ് ദാമ്പത്യം. എന്നാൽ പലപ്പോഴും പരിഭവങ്ങൾ പറഞ്ഞുതീർക്കാതെ രംഗം വഷളാക്കി ബന്ധം പിരിയുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തുന്നു. രണ്ട് പേരും പരസ്പരം തുറന്നുസംസാരിക്കാതെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കാതെയും ഇഗോ വളർത്തി വലുതാക്കി നല്ലൊരു ബന്ധം ബലിയാടാക്കുന്നു. പലപ്പോഴും തെറാപ്പിസ്റ്റുകൾക്ക് മുൻപിലെത്തുന്ന പ്രശ്‌നങ്ങൾ ദമ്പതിമാർ ഒന്ന് തുറന്ന് സംസാരിച്ചാൽ തീരാവുന്നതാണെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടാറുണ്ട്.
ഇപ്പോഴിതാ,ഒരു പരമ്പരാഗത തെറാപ്പിസ്റ്റിനെ പോലെ തന്നെ വ്യക്തികൾക്കും അവരുടെ പ്രണയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൃത്രിമബുദ്ധി സഹായിക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും ഹാച്ച് ഡാറ്റ ആൻഡ് മെന്റൽ ഹെൽത്തും ചേർന്നാണ് പഠനം നടത്തിയത്. 830 പേരാണ് പഠനത്തിൽ പങ്കെടുത്തത്. റിലേഷൻഷിപ്പിലായ പുരുഷന്മാരും സ്ത്രീകളുമാണ് പഠനത്തിൽ പങ്കെടുത്തത്.
പരീക്ഷണത്തിനായി, ഗവേഷകർ ChatGPT എഴുതിയ ദമ്പതികളുടെ തെറാപ്പി നിർദ്ദേശങ്ങളും പ്രശ്‌നം പങ്കുവച്ചതിനോടുള്ള പ്രതികരണങ്ങളും പഠനത്തിൽ പങ്കെടുക്കുന്നവർക്ക് മുന്നിൽ അവതരിപ്പിച്ചു. ഓരോ സാഹചര്യത്തിലും ഉത്തരം മനുഷ്യ വിദഗ്ദ്ധനിൽ നിന്നാണോ അതോ AI ഉപകരണത്തിൽ നിന്നാണോ വന്നതെന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്. മിക്ക സന്ദർഭങ്ങളിലും, AI ചാറ്റ്‌ബോട്ട് എഴുതിയ പ്രതികരണങ്ങൾക്ക് പ്രധാന സൈക്കോതെറാപ്പി തത്വങ്ങൾ ഉൾപ്പെടുത്തിയതിന് ഉയർന്ന റേറ്റിംഗ് ലഭിച്ചു. കൗൺലിംഗിന് വന്നയാളെ മനസിലാക്കുന്നതിലും സഹാനുഭൂതി പ്രകടിപ്പിക്കുന്നതിലും ചാറ്റ് ജിപിടി ഏറെ മുന്നിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സൈക്കോതെറാപ്പിറ്റിക് ചികിത്സ മെച്ചപ്പെടുത്താൻ ചാറ്റ്ജിപിടിക്ക് കഴിവുണ്ടെന്നതിന്റെ ഒരു പ്രാരംഭ സൂചനയായിരിക്കാം ഇതെന്ന് പഠനം പറയുന്നു. ഭാവിയിൽ ദമ്പതിമാർക്കടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യാപകമായി എഐ ടൂളുകൾ ഉപയോഗിച്ചേക്കാമെന്ന ആശയവും പഠനം മുന്നോട്ട് വയ്ക്കുന്നുണ്ട്.
Discussion about this post