ബംഗളൂരു: ബഹിരാകാശരംഗത്ത് ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച ശേഷമാണ് ഐഎസ്ആർഒയുടെ സാരഥിയായിരുന്ന എസ് സോമനാഥ് ഐഎസ്ആർഒയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. തന്റെ ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം തൃണവൽക്കരിച്ചുകൊണ്ടാണ് ഇന്ത്യയ്ക്ക് അഭിമാനമാകുന്ന ഒട്ടേറെ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. ഇപ്പോഴിതാ, താൻ ഉദരാർബുദം അതിജീവിച്ചതിനെ കുറിച്ചുള്ള തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് മുൻ ഐഎസ്ആർഒ ചെയർമാൻ.
തനിക്ക് ഇടക്കിടെ ആന്തരിക രക്തസ്രാവമുണ്ടായിരുന്നതിശന കുറിച്ച് പറയുകയാണ് സോമനാഥ്. ആദിത്യ എൽ 1ന്റെ വിക്ഷേപണ സമയത്താണ് തനിക്ക് കാൻസർ ഉണ്ടെന്ന് അറിയുന്നത്. രുചിയുൾപ്പെടെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. യാത്ര ചെയ്യരുതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ, മനസിന്റെ ശക്തിയാണ് ഏറ്റവും വലുതെന്നും സോമനാഥ് പറയുന്നു.
ആദിത്യ എൽ 1ന്റെ വിക്ഷേപണ ദിവസം രാവിലെയാണ് താൻ അൾട്രാസൗണ്ട് സ്‌കാൻ ചെയ്തത്. ഇത്തരം സംഭവങ്ങൾ
സാധാരണ അൾട്രാസൗണ്ട് സ്‌കാനിലൂടെ തിരിച്ചറിയാൻ സാധിക്കാറില്ല. എന്നാൽ, തനിക്ക് എന്തോ ഭാഗ്യമുണ്ട്. ആ സ്‌കാനിൽ തന്നെ കാൻസർ കണ്ടെത്താൻ കഴിഞ്ഞു. ഉച്ചകഴിഞ്ഞ് വിക്ഷേപണത്തിന് പോയ താൻ പിന്നീട് ചെന്നൈയിൽ പോയി കാൻസർ സ്ഥിരീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാൻസർ നേരത്തെ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. ലക്ഷണങ്ങളെ നിസാരമായി കാണരുത്. എത്രയും പെട്ടെന്ന് തന്നെ വിദഗ്ധ ചികിത്സ തേടണം. ബ്രെസ്റ്റ് കാൻസർ പോലുള്ളവ നിരന്തര ചെക്ക്അപ്പിലൂടെ മാത്രമേ തിരിച്ചറിയാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കീമോ തെറാപ്പിക്കിടെ നിരന്തരം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. രുചിയടക്കമുള്ളവ പിന്നീട് തിരിച്ചറിയാൻ സാധിക്കില്ല. അതുപോലെ തന്നെ, നിരവധി തവണ തനിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. യാത്ര ചെയ്യരുതെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ, താനത് അവഗണിച്ചു. ചെവിയിലൂടെ രക്തം വന്നാൽ ജീവഹാനി വരെ സംഭവിച്ചേക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ, എന്തൊക്കെ സംഭവിച്ചാലും ജോലിക്ക് പോവുമെന്ന് താൻ ദൃഢനിശ്ചയം എടുത്തിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മനസിന്റെ ശക്തിക്ക് വലിയ പങ്കുണ്ട്. ഈ സന്ദേശമാണ് എല്ലാവരോടുമായി തനിക്ക് പങ്കുവെയ്ക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post