രാത്രിയിലെ ഉറക്കമില്ലായ്മ പലതരം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ കണ്ടെത്തിയിട്ടുള്ള കാര്യമാണ്. രാത്രിയിൽ മതിയായ ഉറക്കം ലഭിക്കാത്തത്, നമ്മെ ശാരീരികമായും മാനസികമായും ബാധിക്കുകയും നമ്മുടെ ജീവിതത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ മോശമായി ബാധിക്കുകയും ചെയ്യുന്നു. എന്നാൽ, ഉറക്കമില്ലായ്മ മനപ്പൂർവം സംഭവിക്കുന്നതല്ല, പകരം, കാലങ്ങളായി നിങ്ങളെ അലട്ടുന്ന ഒരു പ്രശ്‌നമാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും…? എന്താണ് അതിന് കാരണം..?
പൊതുവെ നമുക്കുണ്ടാകുന്ന സ്‌ട്രെസോ ജീവിതശൈലിയോ ഒക്കെയാണ് ഉറക്കക്കുറവിന് കാരണമെന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാൽ, അതുമാത്രമല്ല നമ്മുടെ കാലങ്ങളായുള്ള ഉറക്കക്കുറവിന് കാരണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡെവലപ്മെന്റ് ആൻഡ് സൈക്കോപാത്തോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം. കുട്ടിക്കാലത്ത് മോശം പെരുമാറ്റം അനുഭവിച്ചവർക്ക് വൈകാരികമായി നിയന്ത്രിക്കാൻ സാധിക്കാതെ വരുമ്പോഴുള്ള കാരണം, ആളുകൾക്ക് ഉറക്കം കിട്ടാതെ വരാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ഏകദേശം 2,000 ചൈനീസ് യുവാക്കളെയും യുവതികളെയും ആണ് ഇതിനായി പഠനവിധേയമാക്കിയത്. ബാല്യകാലത്തിലുണ്ടായ ആഘാതങ്ങൾ, ശാരീരിക പീഡനം, വൈകാരിക പീഡനം, ലൈംഗിക പീഡനം എന്നിങ്ങനെ എന്നത് പലതരത്തിലുണ്ടാകാം. ഇവ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവിനെ ബാധിച്ചിട്ടുണ്ടെന്നും ഇത് ഉറക്കക്കുറവിന് കാരണമായിട്ടുണ്ടെന്നും പഠനം വ്യക്തമാകുന്നു. ചിലർ കാലങ്ങളായുള്ള ഉറക്കക്കുറവ് നേരിടുന്നുണ്ടെന്നും ഇവരിൽ ശരിയായ ഉറക്കക്കുറവ് ലഭ്യമാകുക എന്നതിലുപരി, ഈ മാനസികാഘാതത്തിൽ നിന്നും മുക്തമാകേണ്ടത് എത്രമാത്രം പ്രധാനമാണെന്നതിലേക്ക് പഢനം വെളിച്ചം വീശുന്നു.
എങ്ങനയാണ് ചൈൽഡ്ഹുഡ് ട്രോമ ഉറക്കത്തിനെ ബാധിക്കുന്നത്…?
കുട്ടിക്കാലത്തെ പീഡനങ്ങൾ ശാരീരിക ഉപദ്രവം, വൈകാരികമായ അവഗണന, ലൈംഗിക പീഡനം എന്നിങ്ങനെ പലരീതിയിൽ കുട്ടിക്കാലത്ത് മാനസികാഘാതങ്ങൾ നേരിടാം. ഈ ആദ്യകാല അനുഭവങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും അത് ഉത്കണ്ഠ, വിഷാദം, ആരോഗ്യകരമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയിലേക്ക് നയിക്കുമെന്നും ഗവേഷണങ്ങൾ വളരെക്കാലമായി തെളിയിച്ചിട്ടുണ്ട്. എന്നാൽ ഉറക്കത്തിന്റെ കാര്യമോ…?
വൈകാരികവും ശാരീരികവുമായ പീഡനം അനുഭവിച്ച കുട്ടികൾക്ക് വലുതായിക്കഴിഞ്ഞാലും ഉറക്കക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. പ്രത്യേകിച്ച് വൈകാരികഗായി നേരിട്ട പീഡനങ്ങൾക്ക് ഉറക്കം സംബന്ധിച്ചുണ്ടാകുന്ന ബുദ്ധിമുട്ടുകളുമായി ശക്തമായ ബന്ധമുണ്ട്. ഒരുപക്ഷേ അത് ഒരു വ്യക്തിയുടെ സുരക്ഷിതത്വബോധത്തെയും സ്ഥിരതയെയും ദുർബലപ്പെടുത്തുകയും രാത്രിയിൽ വിശ്രമിക്കാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നത് കാരണമായിരിക്കാമെന്ന് പഠനം വ്യക്തമാക്കുന്നു. രസകരമെന്നു പറയട്ടെ, ആളുകൾ അവരുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന രീതി ഈ ബന്ധത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.
വൈജ്ഞാനിക പുനർമൂല്യനിർണയം – ഒരു നെഗറ്റീവ് സാഹചര്യത്തെ കൂടുതൽ നിഷ്പക്ഷമായോ പോസിറ്റീവായോ പുനഃക്രമീകരിക്കാനുള്ള കഴിവാണിത്. സമ്മർദ്ദവും വൈകാരിക ക്ലേശവും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇത് ആളുകളെ സഹായിക്കുന്നു.
പ്രകടിപ്പിച്ചുകൊണ്ടുള്ള അടിച്ചമർത്തൽ; ബാഹ്യ വികാരങ്ങൾ മറച്ചുവെക്കുമ്പോഴും ഉള്ളിൽ അതേ തീവ്രത അനുഭവപ്പെടുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇത് ഉടനടി സാമൂഹിക സംഘർഷം തടയുമെങ്കിലും, ദീർഘകാല മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും.
ഉയർന്ന തോതിലുള്ള ശാരീരികവും വൈകാരികവുമായ പീഡനം അനുഭവിച്ച വ്യക്തികളിൽ വൈജ്ഞാനിക പുനർമൂല്യനിർണയം കുറവാണെന്ന് ഗവേഷണം വ്യക്തമാക്കിയതായി ഗവേഷകർ പറയുന്നു. അതായത് നെഗറ്റീവ് വികാരങ്ങൾ പുനഃക്രമീകരിക്കാൻ അവർ പാടുപെടുന്നു. മറുവശത്ത്, ലൈംഗിക പീഡനത്തിന് ഇരയായവർ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിനുപകരം അത്തരം മാനസീകാവസ്ഥകൾ മനസിൽ തന്നെ അടിച്ചമർത്താൻ ശ്രമിക്കുന്നു.
രണ്ട് രീതികളും മോശം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വൈകാരികാവസ്ഥകളെ കൃത്യമായി നേരിടാനും പരിഹരിക്കാനും കഴിയാതെ വരുന്നത് വഴിയോ, അത്തരം വികാരങ്ങളെ അടിച്ചമർത്തുന്നത് വഴിയോ ഉറക്കത്തെ അത് മോശമായി ബാധിക്കുന്നു.
സ്‌ക്രീൻ ടൈം കുറയ്ക്കുക, ഉറക്കത്തിൽ കൃത്യമായ സമയക്രമം പാലിക്കുക എന്നിങ്ങനെയുള്ള പമ്പരാഗത പരിഹാരങ്ങൾ, ഇത്തരം ആളുകളിൽ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് പഠനം പറയുന്നു. പരിഹരിക്കപ്പെടാത്ത വൈകാരിക പ്രശ്‌നങ്ങളാണ് ഉറക്കക്കുറവിന്റെ മൂലകാരണമെങ്കിൽ, ഈ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന മാർഗം.
മുൻകാല ആഘാതങ്ങൾ കാരണം സ്ഥിരമായ ഉറക്ക പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്ക്, തെറാപ്പി, മൈൻഡ്ഫുൾനെസ്സ്, വൈകാരിക നിയന്ത്രണ പരിശീലനം തുടങ്ങിയ മാർഗങ്ങൾ സഹായിച്ചേക്കാം. ഉദാഹരണത്തിന്, ഉറക്കത്തിനും ഉത്കണ്ഠയ്ക്കും ചുറ്റുമുള്ള നെഗറ്റീവ് ചിന്താ രീതികളെ പുനഃക്രമീകരിക്കാൻ സഹായിക്കുന്ന ഒരു തെളിയിക്കപ്പെട്ട രീതിയാണ് കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി ഫോർ ഇൻസോമ്‌നിയ (സിബിടി-ഐ).
അതുകൊണ്ട്, ലോകത്തിലെ എല്ലാ വിശ്രമ വിദ്യകളും നിലവിലുണ്ടെങ്കിലും ഉറക്കം എളുപ്പമാകാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വികാരങ്ങളും – നിങ്ങൾ അവയെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും നിങ്ങൾക്ക് ഒരു ഉത്തരം നൽകിയേക്കാം.
Discussion about this post