വാഷിംഗ്ടൺ; അമേരിക്കയിലെ പല പ്രദേശങ്ങളിലും കനത്തമഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കത്തിൽ 9പേർ മരിച്ചതായാണ് റിപ്പോർട്ട്. വ്യാപകനാശനഷ്ടങ്ങളും റിപ്പോർട്ടുചെയ്യുന്നു. കെന്റുക്കി സംസ്ഥാനത്താണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമ്പത് പേർ മരിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിൽ എട്ട് പേർ കെന്റുക്കി സംസ്ഥാന നിവാസികളാണ്.
ദുരന്തത്തെ തുടർന്ന് കെന്റക്കിയിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കെന്റുക്കി ഗവർണർ ആൻഡി ബെഷിയർ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കുന്നതിനായി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഗവർണർ ബെഷിയർ പറഞ്ഞു. മരിച്ചവരിൽ ഒരു സ്ത്രീയും ഏഴ് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.
കാറുകളിൽ വെള്ളം കയറിയാണ് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്നും ഗവർണർ ബെഷിയർ പറഞ്ഞു. സുഹൃത്തുക്കളേ, ഇപ്പോൾ റോഡിലിറങ്ങരുത്, സുരക്ഷിതരായിരിക്കൂ . ഇത് രക്ഷാപ്രവർത്തനത്തിനുമുള്ള സമയമാണ്.’ ജീവൻ പണയപ്പെടുത്തിക്കൊണ്ടും രക്ഷാപ്രവർത്തനത്തിറങ്ങുന്ന എല്ലാ കെന്റുക്കിക്കാരെയും ഓർത്ത് ഞാൻ വളരെ അഭിമാനിക്കുന്നു.’ ഗവർണർ വ്യക്തമാക്കി.
Discussion about this post