ടൊറണ്ടോ : ലാൻഡ് ചെയ്യുന്നതിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞു. കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ 18 പേർക്ക് പരിക്കേറ്റതായി പീൽ റീജിയണൽ പാരാമെഡിക് സർവീസസ് അറിയിച്ചു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
യുഎസിലെ മിനിയപ്പലിസിൽനിന്നു ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.30 നായിരുന്നു സംഭവം. അപകടസമയത്ത് വിമാനത്തിൽ 76 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് ഡെൽറ്റ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.
മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം . 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത് എന്നാണ് രാജ്യന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
മൂന്ന് ഹെലികോപ്റ്ററുകളും രണ്ട് ക്രിട്ടിക്കൽ കെയർ ആംബുലൻസും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപടകടത്തെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ വിമാനസർവീസുകൾ പുനരാരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞയാഴ്ച മാത്രം നിരവധി വിമാനാപകടങ്ങളാണ് നോർത്ത് അമേരിക്കയിൽ നടന്നത്. ഇത് വ്യോമയാന യാത്രയുടെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം, ഉനലക്ലീറ്റിൽ നിന്ന് നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്ക് പറന്ന ഒരു ടർബോപ്രോപ്പ് വിമാനം അപ്രത്യക്ഷമായി. ഒരു ദിവസത്തിനുശേഷം, ഒരു മഞ്ഞുപാളിയിൽ നിന്ന് രക്ഷാപ്രവർത്തകർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി . അപകടത്തിൽ 10 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
കഴിഞ്ഞ മാസം അവസാനം, റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ അമേരിക്കൻ എയർലൈൻസിന്റെ ഒരു റീജിയണൽ ജെറ്റ് ഒരു യുഎസ് മിലിട്ടറി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിൽ കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടിരുന്നു.












Discussion about this post