ലക്‌നൗ: പ്രയാഗ് രാജിൽ അതിഗംഭീരമായി തുടർന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയെ അധിക്ഷേപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജി. പ്രയാഗ്രാജിലേത് മൃത്യു കുംഭം അതായത് മരണത്തിന്റെ കുംഭം ആണെന്ന് മമത അധിക്ഷേപിച്ചു. വിഐപികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമ്പോൾ, ദരിദ്രർക്ക് അവശ്യ സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് മമത ബാനർജി ആരോപിച്ചു.
ഇതിന് പിന്നാലെ മമതയുടെ അധിക്ഷേപ പരാമർശത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി. മമത ബാനർജിയുടെ പരാമർശം ഹിന്ദുക്കൾക്കെതിരായ ആക്രമണമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഹിന്ദു പാരമ്പര്യങ്ങളോട് മമത എല്ലായ്‌പ്പോഴും’അവജ്ഞയും ശത്രുതയും’ പുലർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി, ഒരു സമുദായത്തോടുള്ള പ്രീണനവും മറ്റൊരു സമുദായത്തോടുള്ള കടുത്ത ശത്രുതയും ചേർന്ന അവരുടെ ‘കാപട്യം’ അവരുടെ അഭിപ്രായ പ്രകടനങ്ങളിലൂടെ തുറന്നുകാട്ടപ്പെടുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
നിയമസഭയുടെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മമത ബാനർജി കുംഭമേളയ്‌ക്കെതിരെ രംഗത്തെത്തിയത്. പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്ക് ശരിയായ ആസൂത്രണമില്ലെന്ന ആരോപിച്ച അവർ, രാജ്യത്തെ വിഭജിക്കാൻ അവർ മതം വിൽക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇതാണ് ‘മൃത്യു കുംഭം’. ഞാൻ മഹാ കുംഭത്തെ ബഹുമാനിക്കുന്നു, പുണ്യ ഗംഗാ മാതാവിനെയും ഞാൻ ബഹുമാനിക്കുന്നു. പക്ഷേ ആസൂത്രണമൊന്നുമില്ല. എത്ര പേരെ രക്ഷപ്പെടുത്തി? സമ്പന്നർക്കും വിഐപികൾക്കും ഒരു ലക്ഷം രൂപ വരെ നൽകിയാൽ ക്യാമ്പുകൾ (ടെന്റുകൾ) ലഭിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ ദരിദ്രർക്ക് കുംഭമേളയിൽ ഒരു ക്രമീകരണവുമില്ലെന്ന് പറഞ്ഞു.
സംഭവം വിവാദമായതോടെ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മമതയ്ക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി.ഹിന്ദു സമൂഹത്തോടും, സന്യാസ സമൂഹത്തോടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. അൽപ്പം മുമ്പ്, നിയമസഭയിൽ വച്ച് മുഖ്യമന്ത്രി മമത ബാനർജി ഇത് മഹാ കുംഭമല്ല, ‘മൃത്യു കുംഭം’ ആണെന്ന് പറഞ്ഞു. ഹിന്ദുക്കൾക്കെതിരായ ഈ ആക്രമണത്തിനെതിരെ, മഹാ കുംഭത്തിൽ നിങ്ങളുടെ ശബ്ദം ഉയർത്തുക. നിങ്ങൾ ഒരു യഥാർത്ഥ ഹിന്ദുവാണെങ്കിൽ, രാഷ്ട്രീയത്തിന് അതീതമായി ഉയർന്നുവന്ന് മമത ബാനർജിയുടെ ഈ വാക്കുകളെ ശക്തമായി എതിർക്കുകയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Discussion about this post