ഹൈദരാബാദ് : തെലങ്കാനയിലെ മുസ്ലിം ജീവനക്കാർക്ക് റംസാൻ മാസത്തിൽ വൈകുന്നേരം 4 മണി വരെ മാത്രം ജോലി മതിയെന്ന ഉത്തരവിനെതിരെ രൂക്ഷ വിമർശനം. തെലങ്കാനയിലെ കോൺഗ്രസ് സർക്കാരാണ് ഇത്തരം ഒരു മത പ്രീണന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനത്തെ ബിജെപി ശക്തമായി അപലപിച്ചു. മുസ്ലിം വിഭാഗത്തിലുള്ളവർക്ക് മാത്രം പ്രത്യേക പരിഗണന നൽകുന്ന കോൺഗ്രസിന്റെ പ്രവൃത്തികളുടെ മറ്റൊരു ഉദാഹരണം ആണ് തെലങ്കാന സർക്കാരിന്റെ ഈ ഉത്തരവെന്ന് ബിജെപി അഭിപ്രായപ്പെട്ടു. മറ്റു മതവിഭാഗങ്ങളിലുള്ളവരുടെ ആചാരങ്ങൾക്കോ ഉത്സവങ്ങൾക്കോ എന്തുകൊണ്ടാണ് കോൺഗ്രസ് സർക്കാർ ഇത്തരത്തിൽ ഇളവുകൾ ഒന്നും നൽകാത്തത് എന്നും ബിജെപി ചോദ്യമുന്നയിച്ചു.
തെലങ്കാനയിൽ രേവന്ത് റെഡ്ഡി നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ഉത്തരവനുസരിച്ച് റംസാൻ മാസം മുഴുവൻ സംസ്ഥാനത്തെ മുസ്ലീം മതത്തിൽപ്പെട്ട എല്ലാ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും, കരാർ ജീവനക്കാർക്കും, ഔട്ട്‌സോഴ്‌സിംഗ് ജീവനക്കാർക്കും, പൊതുമേഖലാ ജീവനക്കാർക്കും പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്. മാർച്ച് 2 മുതൽ മാർച്ച് 31 വരെ മുസ്ലിം ജീവനക്കാർ വൈകുന്നേരം 4 മണി വരെ മാത്രം ജോലി ചെയ്താൽ മതി എന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. രേവന്ത് റെഡ്ഡി സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് തെലങ്കാന ചീഫ് സെക്രട്ടറി ശാന്തി കുമാരിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഉത്തരവിനെതിരെ വലിയ രാഷ്ട്രീയ വിവാദമാണ് ഇപ്പോൾ തെലങ്കാനയിൽ ഉണ്ടായിരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും ഹീനമായ മാർഗമാണ് തെലങ്കാന കോൺഗ്രസ് സർക്കാർ പിന്തുടരുന്നത് എന്നാണ് ബിജെപി ഇക്കാര്യത്തിൽ വ്യക്തമാക്കിയത്. മുസ്ലീം സമൂഹത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ഈ ഉത്തരവെന്ന് ബിജെപി ദേശീയ നേതാവ് അമിത് മാളവ്യ പറഞ്ഞു. നവരാത്രി പോലുള്ള ഹിന്ദു ഉത്സവങ്ങളിൽ ഹിന്ദു ജീവനക്കാർക്ക് എന്തുകൊണ്ട് ഇത്തരം ഇളവുകൾ ഒന്നും ലഭിക്കുന്നില്ല എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
തെലങ്കാന സർക്കാരിന്റെ ഈ ഉത്തരവ് ഏതെങ്കിലും മത വിഭാഗത്തിനോടുള്ള ബഹുമാനം കൊണ്ടല്ല മറിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ന്യൂനപക്ഷ പ്രീണനത്തിനും വേണ്ടിയുള്ളത് മാത്രമാണെന്ന് തെലങ്കാന ബിജെപിയുടെ മുതിർന്ന നേതാവ് പി മുരളീധർ റാവു അഭിപ്രായപ്പെട്ടു. ഹിന്ദുമതവിഭാഗത്തിന്റെയും ക്രിസ്ത്യൻ മത വിഭാഗത്തിന്റെയും ജൈനരുടെയും എല്ലാം വിവിധ മതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും നടക്കാറുണ്ട്. അന്നൊന്നും ഒരു സർക്കാർ ജീവനക്കാരനും നൽകാത്ത ഇളവുകൾ ഇപ്പോൾ ഒരു പ്രത്യേക മത വിഭാഗത്തെ സന്തോഷിപ്പിക്കാൻ ആയി മാത്രം നൽകുകയാണ്. കാലങ്ങളായി കോൺഗ്രസ് പിന്തുടരുന്ന ന്യൂനപക്ഷ പ്രീണനത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇതെന്നും ബിജെപി വ്യക്തമാക്കി.
Discussion about this post