ഗാന്ധിനഗർ : ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കി ബിജെപി. ബിജെപിയുടെ മിന്നുന്ന വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു. 2027-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേടിയ ഈ വമ്പൻ വിജയം ബിജെപിക്ക് കൂടുതൽ ശക്തി പകരുന്നതാണ്. ഗുജറാത്തുമായുള്ള ബന്ധം എക്കാലവും ശക്തമാണെന്ന് തിരഞ്ഞെടുപ്പ് വിജയത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
“ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം തകർക്കാൻ കഴിയാത്തത് മാത്രമല്ല, അത് ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ ശക്തമായി വരുന്നു. വികസനത്തിലും ജനസേവനത്തിലും പാർട്ടിക്കുള്ള ശ്രദ്ധയുടെ മറ്റൊരു തെളിവാണ് ഈ വിജയം” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയത്. ബിജെപി നേടിയ വമ്പൻ വിജയത്തെ കൂടാതെ കോൺഗ്രസിന്റെ വമ്പൻ തകർച്ചയ്ക്കും ഗുജറാത്ത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.
ജുനാഗഡ് മുനിസിപ്പൽ കോർപ്പറേഷനിലും 68 മുനിസിപ്പാലിറ്റികളിൽ 60 ലും ബിജെപി മിന്നുന്ന വിജയമാണ് നേടിയത്. കൂടാതെ, ഗാന്ധിനഗർ, കപദ്വഞ്ച്, കത്‌ലാൽ എന്നീ മൂന്ന് താലൂക്ക് പഞ്ചായത്തുകളും ബിജെപി പിടിച്ചെടുത്തു. കോൺഗ്രസിന് 68 മുനിസിപ്പാലിറ്റികളിൽ ഒരെണ്ണം മാത്രമാണ് നേടാൻ കഴിഞ്ഞത്. മുൻവർഷങ്ങളിൽ കോൺഗ്രസ് ഭരിച്ചിരുന്ന 15 മുനിസിപ്പാലിറ്റികൾ ബിജെപി ഈ തിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തു. സമാജ്‌വാദി പാർട്ടി രണ്ടു മുനിസിപ്പാലിറ്റികളുടെ ഭരണം നേടി. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ 5 മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 27% സംവരണം എന്ന വമ്പൻ പദ്ധതി ഗുജറാത്തിലെ ബിജെപി സർക്കാർ നടപ്പിലാക്കിയതിനു ശേഷമുള്ള ആദ്യത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ആണ് ഈ മിന്നുന്ന വിജയം എന്നുള്ളതും ബിജെപിയെ സംബന്ധിച്ച് വലിയ അംഗീകാരമാണ്.
Discussion about this post