കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എല്‍.ഐ) പദ്ധതി പകര്‍ന്ന കരുത്തില്‍ ഒരു ചരിത്രനേട്ടമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി ചരിത്രം തിരുത്തിക്കുറിച്ച് 1.55 ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയിലൂടെ 1.31 ലക്ഷം കോടി രൂപയാണ് നേടിയത്. ജനുവരിയില്‍ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി വരുമാനം 25,000 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 140 ശതമാനം വര്‍ദ്ധനയാണ് ജനുവരിയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ 99,120 കോടി രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി നേടിയിരുന്നു.
ആപ്പിളിന്റെ ഐ ഫോണ്‍ കരാര്‍ നിര്‍മ്മാതാക്കള്‍ വഴിയാണ് ഫോണ്‍ കയറ്റുമതിയില്‍ കുതിപ്പുണ്ടായത്. തമിഴ്‌നാട്ടിലെ ഫോക്‌സ്‌കോണ്‍ പ്‌ളാന്റില്‍ നിന്നാണ് പകുതിയിലധികം ഐ ഫോണുകള്‍ കടല്‍ കടന്നത്. വിസ്ട്രോണില്‍ നിന്ന് ടാറ്റ ഇലക്ട്രോണിക്‌സ് ഏറ്റെടുത്ത കര്‍ണാടകയിലെ പ്‌ളാന്റില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതി വിഹിതം 22 ശതമാനമാണ്. ടാറ്റ ഇലക്ട്രോണിക്‌സിന് ഓഹരി പങ്കാളിത്തമുള്ള പെഗാട്രോണ്‍ പ്‌ളാന്റില്‍ നിന്ന് 12 ശതമാനം ഫോണുകള്‍ കയറ്റി അയച്ചു. സാംസംഗിന്റെ കയറ്റുമതി വിഹിതം 20 ശതമാനമാണ്.
പിഎല്‍ഐ പദ്ധതി
ആഭ്യന്തര വ്യാവസായിക ഉത്പാദന രംഗത്ത് മികച്ച മുന്നേറ്റം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ ഇളവുകള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന പദ്ധതിയാണ് ഉത്പാദന ബന്ധിത ആനുകൂല്യ സ്‌കീമുകള്‍. ഉത്പന്നങ്ങളുടെ വില്‍പ്പന മൂല്യം കണക്കിലെടുത്താണ് ഇത്തരം സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
ടെലികോം മേഖലയില്‍ പി.എല്‍. ഐ സ്‌കീം നടപ്പാക്കിയതിന് ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ 3,400 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തരത്തില്‍ ലഭിച്ചത്. ടെലികോം ഘടക ഭാഗങ്ങളുടെ ഉത്പാദനം ലക്ഷ്യമിട്ട 50,000 കോടി രൂപയിലെത്തിക്കാനും ഈ കാലയളവില്‍ കഴിഞ്ഞു. ഇതുവഴി മാത്രം 17,800 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചതെന്ന നേട്ടവുമുണ്ട്.
Discussion about this post