കുവൈത്ത് സിറ്റി: കുവൈത്തിൽ വംശനാശഭീഷണി നേരിടുന്ന അപൂർവയിനം ഡോൾഫിനുകളെ കണ്ടെത്തി. എൻവയോൺമെന്റൽ വോളണ്ടറി ഫൗണ്ടേഷന്റെ കുവൈത്ത് ഡൈവിംഗ് ടീം ആണ് അപൂർവ ഇനം ഡോൾഫിനുകളെ കണ്ടെത്തിയത്. കുവൈത്ത് ബേയുടെ തെക്ക് ഉം അൽ നമീൽ ദ്വീപിന് സമീപം ചെറുതും വലുതുമായ ഡോൾഫിനുകളുടെ ഒരു വലിയ കൂട്ടത്തെയാണ് കണ്ടെത്തിയത്.
എൻവയോൺമെന്റൽ വോളണ്ടറി ഫൗണ്ടേഷന്റെ കുവൈത്ത് ഡൈവിംഗ് ടീമിന്റെ മറൈൻ ഓപ്പറേഷൻ ഓഫീസർ വാലിദ് അൽ ഷാറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കോസ്റ്റ് ഗാർഡിൻറെ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളും മത്സ്യബന്ധന വലകളും വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഇടയ്ക്കിടെ സന്ദർശനം നടത്തിയ സംഘമാണ് ഡോൾഫിൻ കൂട്ടത്തെ കണ്ടെത്തിയത്. മൂന്ന് മീറ്റർ താഴ്ചയിൽ വലിയൊരു കൂട്ടം ഡോൾഫിനുകളെ കാണുകയായിരുന്നുവെന്ന് വാലിദ് അൽ ഷാറ്റി വ്യക്തമാക്കി.
മത്സ്യങ്ങളെയും മറ്റ് സമുദ്രജീവികളെയും ഭക്ഷിക്കുന്ന ഒരു തീരദേശ ഇനമായ ഇന്ത്യൻ മഹാസമുദ്രത്തിലെ ഹംപ്ബാക്ക് ഡോൾഫിനുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ഡോൾഫിനുകളുടെ ഡോർസൽ ഫിനിന് തൊട്ടുമുമ്പായി സ്ഥിതിചെയ്യുന്ന ഒരു പ്രത്യേക കൊമ്പാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. വംശനാശഭീഷണി നേരിടുന്ന ഇനമാണ് ഇവയെന്ന് ലോക സംരക്ഷണ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ഉം അൽ നമീൽ പരിസരത്തും അതിന്റെ തെക്കുഭാഗത്തും മത്സ്യബന്ധനവും വല ഉപയോഗവും നിരോധിച്ചിരുന്നു. ഇതാണ് ഇത്രയും എണ്ണത്തിൽ ഡോൾഫിനുകളുടെ സാന്നിധ്യത്തിന് കാരണമെന്ന് സംഘം പറയുന്നു. ഇതിന് മുമ്പ് സമീപപ്രദേശത്ത് ഇവയെ കണ്ടിട്ടില്ലെന്നും സംഘം വ്യക്തമാക്കുന്നു.











Discussion about this post