ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി ചൈനയിലെ ഗവേഷകർ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന എച്ച്‌കെയു5- സിഒവി-2 വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളിലാണ് ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ വിവരം ലോകത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ബാറ്റ് വുമൺ എന്ന് അറിയപ്പെടുന്ന ഷീ ഷെംഗ്ലിയാണ് ബാറ്റ് കൊറോണ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. പിയർ റിവ്യൂജ് ജേണൽ സെല്ലിൽ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയായിരുന്നു നിർണായക പഠനം പുറം ലോകത്തെ അറിയിച്ചത്. വുഹാൻ സർവ്വകലാശാല, ഷുംഗ്ഷാവു ലബോറട്ടറി, ഗ്വാംഗ്‌ഷോ അക്കാദമി ഓഫ് സയൻസ്, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി ആയിരുന്നു പഠനം.
മെർബെകോവൈറസ് ഉപജാതിയിൽപ്പെട്ട വൈറസ് ആണ് ഇത്. ഹോംഗ്‌ങ്കോംഗിലെ ജപ്പാനീസ് പിപ്പിസ്‌ട്രെല്ലെ വവ്വാലുകളിൽ നേരത്തെ എച്ച്‌കെയു5 കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പുതിയ വകഭേദം ആണ് ഇപ്പോൾ സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് പടർന്നാൽ ഗുരുതര പ്രത്യഘാതം ഉണ്ടാക്കുന്ന വൈറസുകളാണ് ഇത്. വവ്വാലുകളിൽ നിന്നും നേരിട്ടോ അല്ലാതെയോ അതിവേഗത്തിൽ മനുഷ്യരിലേക്ക് പകരാൻ ഈ വെറസുകൾക്ക് കഴിയും.
അതേസമയം പുതിയ വൈറസിന്റെ വരവ് വലിയ ആശങ്കയാണ് ആളുകളിൽ സൃഷ്ടിച്ചിരിക്കുന്നത്. കൊറോണ വ്യാപനം തന്നെ വലിയ പ്രത്യാഘാതം ആയിരുന്നു ലോകത്ത് സൃഷ്ടിച്ചത്. പുതിയ വൈറസ് പടർന്നാൽ സമാന സാഹചര്യം വീണ്ടും ഉടലെടുക്കുമെന്നാണ് ഭയപ്പെടുന്നത്.
Discussion about this post