വാഷിംഗ്ടൺ : എഫ്ബിഐയുടെ അങ്ങ് തലപ്പത്ത് എത്തി കാഷ് പട്ടേൽ . എഫ്ബിഐ-യുടെ പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . വാഷിംഗ്ടണിലെ വൈറ്റ് ഹൗസ് കാമ്പസിലെ ഐസൻഹോവർ എക്‌സിക്യൂട്ടീവ് ഓഫീസിലെ (ഇഇഒബി) ഇന്ത്യൻ ട്രീറ്റി റൂമിൽ നടന്ന ചടങ്ങിൽ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. ഭഗവത് ഗീതയിൽ കൈവച്ചാണ് കാഷ് പട്ടേൽ സത്യ പ്രതിജ്ഞ ചെയ്തത്.
സഹോദരി, ജീവിത പങ്കാളി എന്നിവർക്കൊപ്പമാണ് കാഷ് പട്ടേൽ ചടങ്ങിനെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇത്. സാധാരണ ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇന്ത്യൻ യുവാവിന് ഇത്രയും ഉയർന്ന പദവിയിലെത്താനായത് അമേരിക്ക നൽകുന്ന അവസരങ്ങളുടെ തെളിവാണെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്ക് ലഭിച്ച അവസരത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് കാഷ് പട്ടേൽ നന്ദി പറഞ്ഞു. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഒമ്പതാമത്തെ ഡയറക്ടറായാണ് കാഷ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പട്ടേലിന്റെ നിയമനത്തെ പ്രശംസിച്ചു. ‘ഞാൻ കാഷിനെ സ്‌നേഹിക്കുകയും അവനെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്തതിന്റെ ഒരു കാരണം ഏജന്റുമാർക്ക് അയാളോടുള്ള ബഹുമാനമാണ്,’ . മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണെന്നും അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിവച്ചതെന്നും ട്രംപ് കാഷിനെ കുറിച്ച് പറഞ്ഞു.
കാഷ് പട്ടേൽ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ പേര് കശ്യപ് പട്ടേൽ എന്നാണ്. കാനഡ വഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി വേരുകളുള്ള കുടുംബമാണ് ഇദ്ദേഹത്തിന്റേത്. 1980 ഫെബ്രുവരി 25 ന് ന്യൂയോർക്കിൽ ജനനം. റിച്ച്മണ്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിരുദവും പേസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടിയ കാഷ് പട്ടേൽ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. അഭിഭാഷകനായാണ് കാഷ് പട്ടേൽ തന്റെ കരിയർ ആരംഭിച്ചത്. കൊലപാതകം,മയക്കുമരുന്ന് കടത്ത്, മുതൽ സംസ്ഥാന, ഫെഡറൽ കോടതികളിലെ ജൂറി വിചാരണകളിൽ സങ്കീർണ്ണമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ വരെയുള്ള നിരവധി കേസുകൾ കൈകാര്യം ചെയ്തു.2005നും 2013നും ഇടയിൽ ഫ്ലോറിഡയിൽ കൗണ്ടി, ഫെഡറൽ പബ്ലിക് ഡിഫൻഡറായി പ്രവർത്തിച്ചു. 2014ൽ, അദ്ദേഹം യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് നാഷണൽ സെക്യൂരിറ്റി ഡിവിഷനിൽ ഒരു ട്രയൽ അറ്റോർണിയായി നിയമിതനായി , അവിടെ അദ്ദേഹം ഒരേസമയം ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ ലെയ്‌സണായും സേവനമനുഷ്ഠിച്ചു .
2017ൽ, ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സീനിയർ കൗൺസിലായി അദ്ദേഹത്തെ നിയമിച്ചു.
നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ 2019ൽ നിയമിതനായ പട്ടേൽ ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി, അൽ ഖൈ്വദ നേതാവായിരുന്ന കാസിം അൽ റൈമി എന്നിവരുടെ വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായും അറിയപ്പെടുന്നു. 38000 ജീവനക്കാരുള്ള 11 ബില്യൺ ഡോളർ് വാർഷിക ചെലവുള്ള ലോകമാകെ പ്രശസ്തമായ അന്വേഷണ ഏജൻസിയെയാണ് ഇനി കാഷ് പട്ടേൽ നയിക്കുക.
Discussion about this post