ലഖ്‌നൗ : മഹാകുംഭമേളയിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ച എല്ലാ ശുചീകരണ തൊഴിലാളികൾക്കും 10000 രൂപ വീതം ബോണസായി നൽകുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. കൂടാതെ ശുചീകരണ തൊഴിലാളികൾക്ക് സൗജന്യ ചികിത്സയും യുപി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ശുചീകരണ തൊഴിലാളികളായി പ്രവർത്തിക്കുന്നവർക്ക് പ്രതിമാസ ശമ്പളത്തിലും വലിയ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികളുടെ ശമ്പളം പതിനാറായിരം രൂപയായി ഉയർത്താനാണ് യോഗി സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
നേരത്തെ 8000 മുതൽ 11000 വരെയായിരുന്നു ഉത്തർപ്രദേശിൽ ശുചീകരണ തൊഴിലാളികൾക്ക് പ്രതിമാസം ശമ്പളമായി ലഭിച്ചിരുന്നത്. ഇനിമുതൽ ശുചീകരണ തൊഴിലാളികൾക്ക് പതിനാറായിരം രൂപ പ്രതിമാസ ശമ്പളം നൽകാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഈ ഏപ്രിൽ മുതൽ പുതിയ ശമ്പളം പ്രാബല്യത്തിൽ വരും. ബോണസും ശമ്പള വർദ്ധനവും കൂടാതെ മഹാ കുംഭമേളയിൽ ജോലി ചെയ്ത എല്ലാ തൊഴിലാളികൾക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയുടെ ആനുകൂല്യവും ലഭിക്കുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
2025 ലെ മഹാകുംഭമേളയിൽ ഏറ്റവും വലിയ ഏകോപിത ശുചിത്വ പരിപാടി നടത്തിയതിന് ഉത്തർപ്രദേശ് സർക്കാർ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിന് പിന്നാലെയായിരുന്നു യോഗി സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവർ ചേർന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഏറ്റുവാങ്ങിയത്. ഈ ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരും ചേർന്ന് ശുചീകരണ തൊഴിലാളികളോടൊപ്പം പ്രത്യേക വിരുന്നിൽ പങ്കെടുത്തു. ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാർ, സംസ്ഥാന കാബിനറ്റ് മന്ത്രിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ശുചീകരണ തൊഴിലാളികൾക്കുള്ള വിരുന്നിൽ പങ്കുചേർന്നിരുന്നു.
Discussion about this post