ബംഗളൂരു: ഇഡ്ഡലി തയ്യാറാക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി കർണാടക സർക്കാർ. ഇഡ്ഡലിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്.
നിയമം ലംഘിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിനെതിരെയോ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവയ്ക്കെതിരെയോ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തുടനീളമുള്ള 52 ഹോട്ടലുകളിൽ ഇഡ്ഡലി തയ്യാറാക്കാൻ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തുടനീളമുള്ള 250 വ്യത്യസ്ത ഇഡ്ഡലി സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധിച്ചപ്പോൾ തുണിക്ക് പകരം ഇഡ്ഡലികൾ പാകം ചെയ്യുമ്പോൾ പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്തുടനീളം വകുപ്പ് ഉദ്യോഗസ്ഥർ 251 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മുമ്പ്, ഇഡ്ഡലി പാചകം ചെയ്യാൻ തുണി ഉപയോഗിച്ചിരുന്നു; ഇക്കാലത്ത് ചില സ്ഥലങ്ങളിൽ തുണിയ്ക്ക് പകരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു.അതിനാൽ, ഇത് അന്വേഷിച്ചു. 251 സാമ്പിളുകളിൽ 52 സാമ്പിളുകളിലും പ്ലാസ്റ്റിക് ഉപയോഗിച്ചതായി കണ്ടെത്തി. പ്ലാസ്റ്റിക്കിൽ അർബുദകാരികൾ ഉള്ളതിനാൽ ഇത് ചെയ്യാൻ പാടില്ല, ഇത് ഇഡ്ഡലിയിൽ കലരാൻ സാധ്യതയുണ്ട്,’ മന്ത്രി വിശദീകരിച്ചു.
Discussion about this post