മലയാള സിനിമയിലെ സ്ത്രീവിരുദ്ധത എന്നും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള ഒന്നാണ്. കാലങ്ങൾ മാറുന്നതിനനുസരിച്ച് സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിൽ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും, പഴയകാല സിനിമകളിലെ പല പ്രവണതകളും ഇന്നും വിമർശിക്കപ്പെടുന്നുണ്ട്.
നായകന്മാരുടെ ‘മാസ്സ്’ ഇമേജ് വർദ്ധിപ്പിക്കാൻ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന സംഭാഷണങ്ങൾ ഉപയോഗിക്കുന്നത് ദീർഘകാലമായി നിലനിന്നിരുന്ന ഒന്നാണ്. നായികയെ അടക്കുന്നതോ അവഹേളിക്കുന്നതോ ആയ രംഗങ്ങൾക്ക് തിയേറ്ററുകളിൽ ലഭിക്കുന്ന കയ്യടി ഇത്തരം പ്രവണതകൾക്ക് ആക്കം കൂട്ടി. ദി കിങ്ങിൽ മമ്മൂട്ടിയുടെ കളക്ടർ കഥാപാത്രം വാണി വിശ്വനാഥിന്റെ സബ് കളക്ടർ കഥാപാത്രത്തോട് പറയുന്ന ഡയലോഗ് ഒകെ ഇതിന് ഉദാഹരണമാണ്. അന്ന് തിയേറ്ററിൽ ആ ഡയലോഗിന് ഒകെ വമ്പൻ കൈയടിയായിരുന്നു.
സ്ത്രീ വിരുദ്ധത നിറഞ്ഞ് തുളുമ്പി നിൽക്കുന്ന ഡയലോഗുകൾ ഉള്ള അനേകം സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ട് ഉണ്ടെങ്കിലും തുടക്കം മുതൽ അവസാനം വരെ സ്ത്രീ വിരുദ്ധത നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമായി തോന്നിയിട്ടുള്ളത് അന്നത്തെ കാലത്ത് ജനങ്ങൾ കൈയടിച്ച എന്നാൽ അതിന്റെ ഇരട്ടി ശക്തിയിൽ ഇന്ന് ട്രോളുന്ന ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന ചിത്രമാണ് അത്.
രാജസേനൻ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ‘ഞങ്ങൾ സന്തുഷ്ടരാണ്’അന്നത്തെ കാലത്തെ ഹിറ്റ് ചിത്രമായിരുന്നു. ജയറാം – രാജസേനൻ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇത്, കുടുംബബന്ധങ്ങളിലെ ഈഗോയും തമാശകളും ആണ് അവതരിപ്പിച്ചത്.
പോലീസ് ഓഫീസറായ സഞ്ജീവൻ (ജയറാം), ഭാര്യ ഗീതു (അഭിരാമി) എന്നിവർ തമ്മിലുള്ള വിവാഹവും അതിനുശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും പിണക്കങ്ങളുമാണ് സിനിമയുടെ കാതൽ. സാധാരണ കുടുംബത്തിൽ ജനിച്ച സഞ്ജീവൻ കോടീശ്വരിയായ ഗീതുവിനെ കെട്ടുമ്പോൾ സാമ്പത്തികമായി ഇരുകുടുംബങ്ങളും തമ്മിലുള്ള വ്യത്യാസം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. അങ്ങനെ ഒരു സാഹചര്യത്തിൽ ജീവിച്ച ഒരു പെൺകുട്ടിയോട് പെട്ടെന്ന് തന്നെ താൻ ആഗ്രഹിക്കുന്ന സാഹചര്യങ്ങളിലേക്ക് മാറാൻ സഞ്ജീവൻ ആവശ്യപെടുന്നു.
തന്റെ അനിയത്തിമാർക്ക് ഒരു ‘അമ്മ, അവളുടെ ഭാഗം പോലും കേൾക്കാതെ അവളെ കളിയാക്കുക, പൊതുസദസിൽ നാണംകെടുത്തുക തുടങ്ങി വെറൈറ്റി ഹോബികൾ ഉള്ള സഞ്ജീവനി ദൈവമായിട്ടാണ് സിനിമയിൽ ഉടനീളം കാണിക്കുന്നത്. ഭാര്യയെ ഗീതു ആദ്യമായി ഈ സിനിമ കാണുമ്പോൾ നമ്മളിൽ ചിലർക്ക് എങ്കിലും വില്ലത്തിയായി തോന്നുമെങ്കിലും ഇന്ന് അവൾ തന്നെയാണ് ആ സിനിമയിലെ ശരിയെന്ന് നമുക്ക് മനസിലാകും.
അവളുടെ എല്ലാ പ്രവർത്തികളെയും ന്യായീകരിക്കുന്നില്ല എങ്കിലും സഞ്ജീവനിട്ട് അവൾ ചെയ്യുന്ന പ്രതികാരങ്ങളിൽ ചിലതിന് എങ്കിലും ഇന്ന് നമുക്ക് ഒരു ന്യായം തോന്നും. കുമ്പിളങ്ങി നൈറ്റ്സ് സിനിമയിലെ ഷമ്മി ടോക്സിക്ക് ആണെങ്കിൽ സ്ത്രീ വിരുദ്ധ നിലപാട് കൊണ്ട് സഞ്ജീവൻ ഷമ്മിയുടെ അച്ഛനായിട്ട് വരും എന്ന് ഇപ്പോൾ തോന്നുന്നു.













Discussion about this post