അവസാനം ആ പിടിവാശി കിം ജോംഗ് ഉൻ അവസാനിപ്പിച്ചു. ഇതോടെ ഉത്തരകൊറിയയുടെ വാതിലുകൾ ലോകത്തിനായി മലർക്കെ തുറന്നു. വർഷങ്ങളായി വിനോദസഞ്ചാരത്തിന് ഉത്തരകൊറിയയിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചിരിക്കുകയാണ് കിം ഭരണകൂടം. നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വിദേശത്ത് നിന്നുള്ളവർക്ക് രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ഉത്തരകൊറിയയുടെ അതിർത്തികൾ പുറത്തുനിന്നുള്ള വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തുകൊണ്ടുള്ള കിമ്മിന്റെ ഉത്തരവ്. ഇതിന് പിന്നാലെ ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ ഇരച്ചെത്തി. പാട്ടുപാടിയും നൃത്തംചവിട്ടിയും സ്‌കൂൾ കുട്ടികളാണ് ഇവരെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തത്.
കൊറോണ വ്യാപനത്തിന് പിന്നാലെയാണ് മറ്റ് രാജ്യങ്ങൾക്ക് സമാനമായ രീതിയിൽ ഉത്തരകൊറിയയും രാജ്യാതിർത്തി അടച്ചത്. ഭീതി ഒഴിഞ്ഞതോടെ മറ്റ് രാജ്യങ്ങൾ അതിർത്തികൾ തുറന്നെങ്കിലും ഉത്തര കൊറിയ മാത്രം തീരുമാനത്തിൽ മാറ്റം വരുത്താൻ തയ്യാറായില്ല. ഇതോടെ രാജ്യത്തേയ്ക്കുള്ള വിനോദസഞ്ചാരം നിലച്ചു. എന്തായിരുന്നു ഈ തീരുമാനത്തിന് പിന്നിലെ കാരണം എന്നത് അവ്യക്തം. എന്നാൽ അതിർത്തി തുറന്ന് കൊടുക്കാനുള്ള തീരുമാനത്തിന് കാരണം ഉണ്ട്.
വിവിധ ഉപരോധങ്ങൾ നേരിടുന്ന ഉത്തര കൊറിയ പ്രതീക്ഷ അർപ്പിക്കുന്നത് വിദേശനാണ്യത്തിലാണ്. കഴിഞ്ഞ വർഷം തന്നെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ കിം ഭരണകൂടം നിലപാട് അൽപ്പം മയപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് റഷ്യയിൽ നിന്നുള്ള 100 ഓളം പേർ അടങ്ങുന്ന സഞ്ചാരികളുടെ സംഘം ഇവിടെയെത്തുകയും ദിവസങ്ങളോളം തങ്ങുകയും ചെയ്തു. എന്നാൽ ഇത് ആദ്യമായാണ് നിയന്ത്രണം പൂർണമായി മാറ്റുന്നത്.
ടൂറിസ്റ്റ് സ്പോട്ടുകൾ കൊണ്ട് നിറഞ്ഞ സ്ഥലമാണ് ഉത്തര കൊറിയ. തത്വചിന്തകനായ ജൂച്ചെയെ ആദരിച്ചുകൊണ്ട് നിർമ്മിച്ച ജൂച്ചെ ടവർ, സൈനിക പരേഡ് നടക്കുന്ന കിം സെക്കന്റ് സംഗ് സ്‌ക്വയർ, ഫിലിം സ്റ്റുഡിയോസ് എന്നിവ രാജ്യതലസ്ഥാനമായ പ്യാംഗ്‌ഗോംഗിലെ മുഖ്യ ആകർഷണങ്ങളാണ്. കുടുംബമായും കൂട്ടുകാരുമൊത്തും വരുന്നവർക്ക് മോറാൻ ഹില്ലിൽ എത്തി സമയം ചിലവഴിക്കാം. പെയ്കൂഡ്‌സൻ താഴ് വരയുടെ പ്രകൃതി ഭംഗി ആസ്വദിക്കാം. കിമ്മിന്റെ മുൻഗാമികളുടെ ജനനവും മരണവും വ്യക്തമാക്കുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്. നിരവധി മ്യൂസിയങ്ങളും ഉത്തരകൊറിയയിൽ ഉണ്ട്. അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളും രാജ്യത്ത് തലയുയർത്തി നിൽക്കുന്നുണ്ട്.
ലക്ഷക്കണക്കിന് പേരാണ് ഉത്തരകൊറിയയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെയെത്താറുള്ളത്. അതുകൊണ്ട് തന്നെ ടൂറിസത്തിന്റെ വഴിയിൽ രാജ്യത്തിന്റെ ഖജനാവിലേക്ക് നല്ലൊരു സംഖ്യ എത്തിയിരുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കരുത്ത് തന്നെ ടൂറിസം ആണ്. അതുകൊണ്ട് തന്നെ ടൂറിസ്റ്റുകളുടെ വരവ് നിലച്ചത് രാജ്യത്തിന്റെ സാമ്പത്തിക പിന്നോട്ട് വലിച്ചിരുന്നു.
ചൈനയിൽ നിന്നുള്ള പണം ആയിരുന്നു വിനോദസഞ്ചാരത്തിന്റെ മാർഗ്ഗത്തിൽ ഉത്തരകൊറിയയിലേക്ക് എത്തിയത്. കൊറോണയ്ക്ക് മുൻപ് ഇവിടേയ്ക്ക് പ്രതിവർഷം 3 ലക്ഷം പേർ എത്താറുണ്ടെന്നാണ് കണക്കുകൾ.
എന്നാൽ ഈ പതിവ് തെറ്റി. റഷ്യയിൽ നിന്നുള്ളവരാണ് ഇക്കുറി രാജ്യത്ത് ആദ്യമായി എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. യുക്രെയിനുമായുള്ള യുദ്ധത്തിൽ വലിയ സഹായം ആണ് കിം നൽകിയത്. റഷ്യയ്ക്ക് അദ്ദേഹം പട്ടാളക്കാരെയും ആയുധങ്ങളും നൽകി. കഴിഞ്ഞ വർഷം റഷ്യയിൽ നിന്നുള്ള 800 ഓളം പേർ ഉത്തരകൊറിയ സന്ദർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനകൂടിയാണ് ഇത്.
ലോകത്ത് ഒറ്റപ്പെട്ടു കിടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഉത്തര കൊറിയ. പതിവിന് വിപരീതമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഉത്തര കൊറിയയ രഹസ്യ സ്വഭാവമുള്ള രാജ്യമായി മാറ്റിയിട്ടുണ്ട്. രാജ്യത്തേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് കർശന നിർദ്ദേശങ്ങളാണ് ഇവിടെ ഉള്ളത്. ഈ വിലക്കുകളിൽ ഇപ്പോഴും മാറ്റം വരുത്താൻ കിം തയ്യാറായിട്ടില്ല. കിമ്മിന്റെ അപ്പനപ്പൂപ്പന്മാരെ അപമാനിക്കരുത്, രാജ്യത്തിന്റെ മൂല്യങ്ങളെ കളിയാക്കരുത് എന്നിങ്ങനെ പോകുന്നു എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ. ഇത് ലംഘിക്കുന്നുണ്ടോയെന്ന് ഉത്തരകൊറിയ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിർദ്ദേശങ്ങൾ അനുസരിക്കാത്തവരെ കർശന ശിക്ഷകളാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പോകുന്നവർ അബദ്ധം വിളമ്പാതെ ആഘോഷിച്ച് തിരികെ മടങ്ങുന്നതായിരിക്കും ഉചിതം.
“>
Discussion about this post