ചൈനയ്ക്കും കാനഡയ്ക്കും എതിരെ പുതിയ തീരുവകൾ ചുമത്താൻ ഉള്ള ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ തീരുമാനം ഈ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. ചൈനയും അമേരിക്കയും തമ്മിൽ ഒരു തുറന്ന വ്യാപാര യുദ്ധത്തിലേക്ക് വരെ നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ അതേസമയം ട്രംപ് സർക്കാരിന്റെ ഈ തീരുമാനത്തിൽ കോളടിച്ചിരിക്കുന്നത് ഇന്ത്യയ്ക്കാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വൻവർദ്ധനവിനുള്ള സാധ്യതയാണ് ട്രംപിന്റെ താരിഫ് നീക്കത്തിലൂടെ തെളിയുന്നത്. ഈ കാരണത്താൽ തന്നെ വലിയ ശുഭപ്രതീക്ഷയിലാണ് ഇന്ത്യൻ വ്യവസായികൾ.
ഇറക്കുമതിക്കുമേലുള്ള നികുതിയാണ് താരിഫ് എന്നറിയപ്പെടുന്നത്.
ഒരു വിദേശ വിൽപ്പനക്കാരന് വാങ്ങുന്നയാൾ നൽകുന്ന വിലയുടെ നിശ്ചിത ശതമാനമായാണ് താരിഫുകൾ ഈടാക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന് വ്യാപാര കരാറുകളുള്ള രാജ്യങ്ങൾക്ക് താരിഫ് കുറവായിരിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, രാജ്യത്തുടനീളമുള്ള 328 തുറമുഖങ്ങളിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റുമാരാണ് താരിഫുകൾ ശേഖരിക്കുന്നത്. ഈ പണം യുഎസ് ട്രഷറിയിലേക്കാണ് പോകുന്നത്. താരിഫ് വർദ്ധിപ്പിക്കുമ്പോൾ ഉൽപ്പന്നങ്ങൾ കൂടുതൽ വിലയേറിയതും വിദേശത്ത് വിൽക്കാൻ പ്രയാസകരമായതും ആയി മാറും. വിപണി വിഹിതം നിലനിർത്താനായി വിദേശ കമ്പനികൾക്ക് വില കുറയ്ക്കേണ്ടിയും ലാഭം ത്യജിക്കേണ്ടിയും വന്നേക്കാം എന്നുള്ളതാണ് താരിഫ് വർദ്ധനവ് വിദേശരാജ്യങ്ങൾക്ക് വലിയ തിരിച്ചടിയായി മാറുന്നത്.
യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെ തന്നെ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് പുതിയ തീരുവകൾ ഏർപ്പെടുത്താനും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് പുതിയ തീരുവ ചുമത്താനും തീരുമാനം കൈക്കൊള്ളുകയായിരുന്നു. മെക്സിക്കോയ്ക്കും കാനഡയ്ക്കും 25% തീരുവ ചുമത്താനും ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 20% തീരുവ ചുമത്താനും ആണ് ട്രംപ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ കുറച്ചുകൊണ്ട് ഇന്ത്യ മിതമായ നിലപാട് സ്വീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ അമേരിക്കൻ വിപണിയിൽ ചൈനയ്ക്ക് കടുത്ത എതിരാളിയായി ഇന്ത്യ ഉയർന്നുവരാനുള്ള സാഹചര്യമാണ് ഉള്ളത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ചൈനയുമായുള്ള വാഷിംഗ്ടണിന്റെ വ്യാപാര യുദ്ധത്തിൽ നിന്ന് വലിയ നേട്ടം ഉണ്ടാക്കിയ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. അമേരിക്കൻ തീരങ്ങളിലേക്കുള്ള ചൈനീസ് കയറ്റുമതി വെട്ടിക്കുറച്ചുകഴിഞ്ഞാൽ ആ വിപണി സ്വന്തമാക്കാൻ കഴിയുക ഇന്ത്യയ്ക്കാണ്.
ചൈനയുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര പ്രതിസന്ധി ഉണ്ടായാൽ സ്വാഭാവികമായും യുഎസ് ചൈനയിൽ നിന്നുമുള്ള ഇറക്കുമതി കുറയ്ക്കുകയും പകരം മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നതാണ്. ഇന്ത്യയിലെ കൃഷി, എഞ്ചിനീയറിംഗ്, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, തുകൽ തുടങ്ങിയ മേഖലകൾക്കാണ് ഈ തീരുമാനത്തിലൂടെ ഏറ്റവും വലിയ ലാഭം ഉണ്ടാക്കാൻ കഴിയുക. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷന്റെ നിയുക്ത പ്രസിഡന്റ് എസ്‌സി റാൽഹാൻ അഭിപ്രായപ്പെടുന്നത് പ്രകാരം മെഷീൻ ടൂളുകൾ, വസ്ത്രങ്ങൾ, എൻജിനീയറിങ് ഉത്പന്നങ്ങൾ എന്നിവയിൽ ഇന്ത്യയും യുഎസും തമ്മിൽ വലിയ കയറ്റുമതി സാധ്യതകളാണ് പുതിയ താരിഫ് യുദ്ധത്തിലൂടെ തുറന്നുവരുന്നത്.
ട്രംപിന്റെ താരിഫ് യുദ്ധം അമേരിക്കയുടെ ഓട്ടോമൊബൈൽ മേഖലയെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക എന്നാണ് അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിൽ വിൽക്കുന്ന കാറുകളിൽ പകുതിയും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവ കൂടുതലും ചൈനയിൽ നിന്നും മെക്സിക്കോയിൽ നിന്നുമാണ് വരുന്നത്. പുതിയ താരിഫ് നീക്കം ഈ രണ്ടു രാജ്യങ്ങൾക്കും തിരിച്ചടിയാകുമ്പോൾ ഓട്ടോമൊബൈൽ എഞ്ചിൻ കയറ്റുമതിയിൽ ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നുണ്ട്. വ്യാവസായിക, വാഹന വിപണികൾക്കായി ഡീസൽ, പ്രകൃതിവാതക എഞ്ചിനുകൾ കയറ്റുമതി ചെയ്യുന്നതിൽ നിലവിൽ ഒരു സുപ്രധാനസ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇത്തരം എഞ്ചിനുകളുടെ നിർമ്മാണം ഇന്ത്യ വർദ്ധിപ്പിക്കുകയും താരിഫ് യുദ്ധത്തിലൂടെ ലഭിക്കുന്ന സാധ്യത പ്രയോജനപ്പെടുത്തുകയും ചെയ്താൽ ഇത് ഇന്ത്യൻ കയറ്റുമതി വിപണിക്ക് കൂടുതൽ കരുത്തേകും. കയറ്റുമതി അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ അതിന്റെ ഉൽപ്പാദന ശേഷി കൂടുതൽ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ മത്സരാധിഷ്ഠിത വിലനിർണ്ണയം ഉറപ്പാക്കുകയും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ ട്രംപിന്റെ താരിഫ് യുദ്ധ നീക്കത്തിലൂടെ ഏറ്റവും പ്രയോജനം ലഭിക്കാൻ പോകുന്ന രാജ്യങ്ങളിൽ ഒന്നായി മാറാൻ ഇന്ത്യക്ക് കഴിയും.
Discussion about this post