ഇന്ത്യൻ പ്രതിരോധ രംഗത്തെ നിർണായക സാന്നിധ്യമായ ടി-72 ടാങ്കുകൾക്കായി റഷ്യയിൽ നിന്നും എൻജിനുകൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം. 240 മില്യൺ ഡോളറിന്റെ കരാറാണ് റഷ്യയിൽ നിന്നും എൻജിനുകൾ വാങ്ങുന്നതിനായി ഉണ്ടാക്കിയിരിക്കുന്നത്. റഷ്യൻ ഫെഡറേഷന്റെ റോസോബോറോനെക്സ്പോർട്ടും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും തമ്മിലാണ് കരാർ ഒപ്പു വച്ചിരിക്കുന്നത്. ടി -72 ടാങ്കുകൾക്കായി 1000 എച്ച്പി എഞ്ചിനുകൾ വാങ്ങാനാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാർ.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഈ പുതിയ കരാർ പ്രകാരം ടി -72 ടാങ്കുകളുടെ എൻജിന്റെ സാങ്കേതികവിദ്യ കൈമാറാനും ധാരണയുണ്ട്. തുടർന്ന് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഭാവിയിൽ ഇന്ത്യയിൽ തന്നെ എൻജിനുകൾ നിർമ്മിക്കാനാണ് പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നത്. നിലവിൽ റഷ്യയിൽ നിന്നും വാങ്ങുന്ന എഞ്ചിനുകൾ അസംബിൾ ചെയ്യുന്നതിനും തുടർന്നുള്ള ലൈസൻസുള്ള ഉൽപ്പാദനത്തിനുമായി റോസോബോറോണെക്സ്പോർട്ടിൽ നിന്ന് ചെന്നൈയിലെ ആവഡിയിലുള്ള ആർമർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിന് സാങ്കേതികവിദ്യ മാറും എന്നാണ് കരാറിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന ടാങ്കാണ് ടി-72. നിലവിൽ 780 എച്ച്പി എഞ്ചിനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 1000 എച്ച്പി എഞ്ചിനുകൾ സജ്ജമാക്കുന്നത് വഴി ടാങ്കുകൾക്ക് കൂടുതൽ കരുത്ത് പകരാൻ ആണ് സൈന്യം ലക്ഷ്യമിടുന്നത്. നിലവിൽ 2,400 ടി-72 ടാങ്കുകളാണ് ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ളത്. നിലവിൽ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ ടി-72 ടാങ്കുകളാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഏത് കാലാവസ്ഥകളിലും ദുഷ്കരമായ ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവയാണ് ടി-72 ടാങ്കുകൾ. റഷ്യയിൽ നിന്നും ലഭിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് 800ഓളം എൻജിനുകൾ ചെന്നൈയിൽ നിർമിക്കാനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഭാവിക്ക് കൂടുതൽ കരുത്ത് പകരുന്ന തീരുമാനമാണ് പ്രതിരോധ മന്ത്രാലയത്തിന്റെത് എന്നാണ് വിലയിരുത്തൽ.
Discussion about this post