48% ഹിന്ദുക്കൾ …ഭൂരിഭാഗം പേർക്കും ഇന്ത്യയിൽ വേര്, മിനി ഇന്ത്യ എന്ന ചെല്ലപ്പേരിന് അർഹമായ രാജ്യം. മൗറീഷ്യസ്. ഇന്ത്യൻമഹാസമുദ്രത്തിലെ പറുദീസ എന്നറിയപ്പെടുന്ന മൗറീഷ്യസ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കയിൽനിന്ന് ഏകദേശം 2000 കിലോമീറ്റർ തെക്കുകിഴക്കായി കിടക്കുന്ന ദ്വീപസമൂഹമാണ് മൗറീഷ്യസ്. റിപ്പബ്ലിക് ഓഫ് മൗറീഷ്യസ് എന്നാണ് ഔദ്യോഗിക നാമം. മൗറീഷ്യസ്, സെന്റ് ബ്രാന്റൺ റൊഡ്രിഗ്‌സ്, അഗലേഗ ദ്വീപുകൾ ചേർന്നതാണ് റിപ്പബ്ലിക് ഓഫ് മൗറീഷ്യസ്. സന്ദർശകരുടെ കണ്ണിന് കുളിരേകുന്ന ധാരാളം പ്രകൃതിദൃശ്യങ്ങളുണ്ട് മൗറീഷ്യസിൽ. ഒപ്പം സുഖകരമായ കാലാവസ്ഥയും. നീലത്തടാകങ്ങളും അതിൽ നിറയെ പലരൂപത്തിലും ഭംഗിയാർന്നതുമായ പവിഴപ്പുറ്റുകളും വിശാലമായ ഗോൾഡൻ ബിച്ചുകളും ഉള്ള സ്ഥലം.
https://youtu.be/J0guvtz1ypI?si=M9_MOzGLJq76fkAw
12 ലക്ഷത്തോളം വരുന്ന ദ്വീപ് രാഷ്ട്രത്തിലെ ജനസംഖ്യയുടെ 70 ശതമാനവും ഇന്ത്യൻ വംശജരാണ്. അതിൽ 48 ശതമാനം ഹിന്ദുക്കളാണെന്നതാണ് സവിശേഷത. നിലവിൽ 2,300 ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുണ്ട്. നിരവധി ഇന്ത്യക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇങ്ങനെ ഇന്ത്യയുമായി അഭേദ്യബന്ധം പുലർത്തുന്ന രാജ്യമാണ് മൗറീഷ്യസ്.
മൗറീഷ്യസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിദേശ നിക്ഷേപക രാജ്യമാണിത്. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി മൗറീഷ്യസ് ഇന്ത്യയിൽ 161 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ 11 പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇനിയുമുണ്ട് ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധം.
മൗറീഷ്യസിന്റെ സമുദ്രാതിർത്തി ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന മേഖലയാണ്. ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കണക്കിലെടുത്ത്, ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ ഒരു പിടി മുറുക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. . ഇതിനായി, 2015 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ എല്ലാവർക്കും സുരക്ഷയും വളർച്ചയും’ എന്ന പേരിൽ ഒരു പദ്ധതി ഇന്ത്യ ആരംഭിച്ചു. ഇതിൽ മൗറീഷ്യസിലെ അഗലേഗ ദ്വീപിൽ ഒരു സൈനിക താവളത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ ഒരുക്കിയിരുന്നു.
ഇന്ത്യയുടെ സുരക്ഷയ്ക്കും വികസനത്തിലും വലിയൊരു പങ്ക് മൗറീഷ്യസിനുണ്ട്. ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ നയത്തെ പിന്തുണയ്ക്കുന്ന രാജ്യം കൂടിയാണിത്. ഇന്ത്യയുടെ ഗ്ലോബൽ സൗത്ത് ഉച്ചകോടിയിലും മൗറീഷ്യസ് പങ്കാളിയാണ്. സമുദ്ര സുരക്ഷ, ബഹിരാകാശ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ മോദി നിരവധി കരാറുകിൽ ഒപ്പുവെയ്ക്കുമെന്നാണ് വിവരം. രാജ്യത്തിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് മോദി അവിടെ എത്തിയിരിക്കുന്നത്. സന്ദർശനത്തോടെ ഇന്ത്യ -മൗറീഷ്യസ് ബന്ധത്തിൽ പുതിയ അദ്ധ്യായം തന്നെ കുറിക്കപ്പെടും.
ഇന്ത്യയും മൗറീഷ്യസും തമ്മിൽ ശക്തമായ നയതന്ത്ര ബന്ധമുണ്ട്. കഴിഞ്ഞ വർഷം മൗറീഷ്യസ് ദേശീയ ദിനത്തിൽ മുഖ്യാതിഥിയായി പ്രസിഡന്റ് ദ്രൗപതി മുർമു പങ്കെടുത്തിരുന്നു. 2015 ൽ പ്രധാനമന്ത്രി മോദിയും ഇവിടെ മുഖ്യാതിഥിയായി എത്തിയിരുന്നു.
നരേന്ദ്രമോദിയും മൗറീഷ്യസും തമ്മിലുള്ള ബന്ധത്തിന് 27 വർഷത്തെ പഴക്കമുണ്ട്. 1998 മോക്കയിൽ നടന്ന അന്താരാഷ്ട്ര രാമായണ സമ്മേളനത്തിൽ പങ്കെടുക്കാനായി മോദി രാജ്യം സന്ദർശിച്ചിരുന്നു, അക്കാലത്ത് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം,. ശ്രീരാമന്റെ മൂല്യങ്ങളെ കുറിച്ചും ഇന്ത്യയെയും മൗറീഷ്യസിനെയും ഒന്നിപ്പിക്കുന്നതിൽ രാമായണത്തിന്റെ പങ്കിനെക്കുറിച്ചും അന്ന് മോദി സംസാരിച്ചിരുന്നു.
2014, 2019, 2024 വർഷങ്ങളിൽ പ്രധാനമന്ത്രിയായുള്ള മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിലും മൗറീഷ്യസ് നേതാക്കൾ പങ്കെടുത്തിരുന്നു. ജി-20 സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി മൗറീഷ്യസിനെയും ഇന്ത്യ ക്ഷണിച്ചിരുന്നു.
മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ഉൾക്കൊള്ളുന്ന മൗറീഷ്യസിന് വലിയ പ്രധാന്യം ആയിരുന്നു അദ്ദേഹം നൽകിയിരുന്നത് എന്ന് വ്യക്തം. ഇതേ പ്രാധാന്യം അദ്ദേഹം ഇപ്പോഴും നൽകുന്നുണ്ട്. ഭാവിയിലും ഇന്ത്യയ്ക്കൊപ്പം മൗറീഷ്യസിനെയും ചേർത്ത് പിടിച്ചുകൊണ്ടായിരിക്കും നരേന്ദ്ര മോദിയുടെ പ്രയാണം.
Discussion about this post