ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള സ്വർണക്കടത്താണ് ഇപ്പോൾ രാജ്യം മുഴുവൻ ചർച്ചയായിരിക്കുന്നത്. ദിവസങ്ങൾക്കു മുൻപ് കന്നഡ സിനിമ താരമായ രന്യ റാവു ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് സ്വർണ്ണക്കടത്തിന് അറസ്റ്റിലായതിന് ശേഷം രാജ്യം വലിയ തരത്തിൽ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. സ്വർണ്ണക്കടത്തിനെ കുറിച്ചുള്ള വാർത്തകൾ നമ്മൾ മലയാളികൾക്ക് ഒരു പുതുമയേ അല്ലാതായി മാറിയിരിക്കുന്നു. കാരണം കേരളത്തിൽ നിന്നും ഓരോ ദിവസവും സ്വർണക്കടത്ത് വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. വിദേശയാത്രകൾ കഴിഞ്ഞ് മടങ്ങി വരുമ്പോൾ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് കയ്യിലുള്ള സ്വർണത്തിന്റെയും പണത്തിന്റെയും അളവ്. വിദേശത്തുനിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിനും പണത്തിനും ഇന്ത്യൻ കസ്റ്റംസ് നിയമപ്രകാരം പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ട്.
1967 ലെ ഇന്ത്യൻ പാസ്‌പോർട്ട് ആക്ട് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് എല്ലാത്തരം സ്വർണ്ണവും നിശ്ചിത അളവിൽ വിദേശരാജ്യങ്ങളിൽ നിന്നും കൊണ്ടുവരാവുന്നതാണ്. എന്നാൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അളവിൽ കൂടുതൽ ആണെങ്കിൽ പ്രത്യേക തീരുവ അടക്കേണ്ടതായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഉള്ളവരാണ് പ്രധാനമായും ഇന്ത്യയിലേക്ക് സ്വർണ്ണം കൂടുതലായി കൊണ്ടുവരുന്നത്. ഇതിനൊരു പ്രധാന കാരണം ഇന്ത്യയെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിലെ സ്വർണത്തിന്റെ വിലയിലുള്ള കുറവാണ്. യുഎഇ പോലെയുള്ള രാജ്യങ്ങളിൽ സ്വർണത്തിന് ചരക്ക് സേവന നികുതി അഥവാ ജി എസ് ടി ഇല്ല എന്നുള്ളത് ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു ഘടകമാണ്. ഇന്ത്യയിൽ സ്വർണത്തിന് ഈടാക്കുന്ന 3% ജിഎസ്ടി ലാഭിക്കുന്നതിനാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണ്ണം കൊണ്ടു വരുന്നത്. ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്വർണാഭരണങ്ങളുടെ പണിക്കൂലി ഇന്ത്യയിൽ ഉള്ളതിനേക്കാൾ വളരെ കുറവാണ് എന്നുള്ളതും പ്രവാസികൾ സ്വർണം കൊണ്ടുവരുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. നാട്ടിൽ നിന്നും സ്വർണ്ണവും സ്വർണാഭരണങ്ങളും വാങ്ങുന്നതിനേക്കാൾ വലിയ ലാഭമാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
രാജ്യത്തേക്ക് കൊണ്ടുവരുന്ന സ്വർണ്ണത്തിന് ഇന്ത്യൻ സർക്കാർ ഇറക്കുമതി നികുതി ചുമത്തുന്നതാണ്. സ്വർണ്ണത്തിന്റെ ഈ ഇറക്കുമതി നികുതി ആണ് കസ്റ്റംസ് തീരുവ എന്നറിയപ്പെടുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണ്ണം കൊണ്ടു വരുന്നതിന് ഇന്ത്യൻ കസ്റ്റംസ് വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള നിയമങ്ങൾ പ്രകാരം പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത അളവുകളിലുള്ള സ്വർണമാണ് കൊണ്ടുവരാൻ കഴിയുക. ഒരു പുരുഷ യാത്രക്കാരന് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കസ്റ്റംസ് തീരുവ അടയ്ക്കാതെ 20 ഗ്രാം സ്വർണ്ണം ആണ് കൊണ്ടുവരാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഒരു സ്ത്രീ യാത്രക്കാരിക്ക് വിദേശത്തുനിന്നും 40 ഗ്രാം സ്വർണം കൊണ്ടുവരാൻ കഴിയും. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇതേ രീതിയിൽ 40 ഗ്രാം സ്വർണ്ണം വരെ കൊണ്ടുവരാൻ കഴിയുന്നതാണ്. സ്വർണ്ണത്തിന്റെ തൂക്കവും വിലയും പരിശുദ്ധിയും വ്യക്തമാക്കുന്ന ഇൻവോയ്സ് കയ്യിൽ കരുതുന്നത് പരിശോധന നടപടികൾ എളുപ്പത്തിലാക്കും.
ഇനി ഈ അളവിൽ കൂടുതൽ സ്വർണം കൈവശം ഉണ്ടെങ്കിലും കസ്റ്റംസ് തീരുവ അടച്ചാൽ ഇവ നിങ്ങൾക്ക് സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടുവരാം. വിദേശത്തുനിന്നും കൊണ്ടുവരുന്ന സ്വർണ്ണത്തിന്റെ അളവ് 20 ഗ്രാമിൽ അധികമായാൽ ആണ് കസ്റ്റംസ് തീരുവ അടക്കേണ്ടത്. നിലവിൽ സ്വർണ്ണ ആഭരണങ്ങൾക്ക് 6% കസ്റ്റംസ് തീരുവ ആണ് അടയ്ക്കേണ്ടി വരിക. നേരത്തെ ഇത് 15 ശതമാനം ആയിരുന്നു. 2024ലെ കേന്ദ്ര ബജറ്റിൽ ആണ് തീരുവ 6 ശതമാനമായി കുറച്ചത്. അതേസമയം സ്വർണ്ണം കൊണ്ടുവരുന്നത് ബിസ്കറ്റുകൾ ആയോ സ്വർണ നാണയങ്ങൾ ആയോ ആണെങ്കിൽ 12% കസ്റ്റംസ് തീരുവയും 1.25% സാമൂഹിക ക്ഷേമ സർചാർജും ആണ് അടക്കേണ്ടി വരിക. അതിനാൽ തന്നെ കൂടുതൽ സ്വർണം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ അവ ആഭരണങ്ങളായി കൊണ്ടുവരുന്നതാണ് കസ്റ്റംസ് ഡ്യൂട്ടി കുറയുന്നതിന് സഹായകരമാകുക.
സ്വർണ്ണം കൊണ്ടുവരുന്നത് പോലെ തന്നെ വിദേശത്തുനിന്നും പണം കൊണ്ടുവരുന്നതിനും കസ്റ്റംസ് നിയമങ്ങൾ അനുസരിക്കേണ്ടതുണ്ട്. വിദേശത്തുനിന്നും മടങ്ങുമ്പോൾ കയ്യിൽ ഇന്ത്യൻ കറൻസിയായി 25000 രൂപ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളൂ എന്നാണ് നിയമം. ഇനി വിദേശ കറൻസിയാണ് കയ്യിലുള്ളതെങ്കിൽ പുരുഷന്മാർക്ക് 5000 ഡോളർ വരയും സ്ത്രീകൾക്ക് പതിനായിരം ഡോളർ വരെയും ആണ് പരിധിയുള്ളത്. ഇതിൽ കൂടുതൽ വിദേശ കറൻസികൾ കൊണ്ടുവരണമെങ്കിൽ കസ്റ്റംസിൽ നിന്നും പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനായി വിമാനത്താവളത്തിൽ പ്രത്യേക കസ്റ്റം ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. പണത്തിന്റെ ഉറവിടവും വ്യക്തമാക്കണം. തുടർന്ന് കസ്റ്റംസ് നിയമപ്രകാരമുള്ള നികുതി അടച്ചതിനു ശേഷം മാത്രമായിരിക്കും ഈ പണം നിങ്ങൾക്ക് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുവരാൻ കഴിയുക.
കസ്റ്റംസ് ആക്ടിലെ സെക്ഷൻ 135 പ്രകാരം, കസ്റ്റംസ് തീരുവ അടയ്ക്കാതെ നിശ്ചിത പരിധിയേക്കാൾ കൂടുതൽ സ്വർണ്ണമോ പണമോ കൊണ്ടുവന്നാൽ ആറ് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. കൂടാതെ കനത്ത പിഴയും ഈടാക്കുന്നതായിരിക്കും. വിദേശത്തുനിന്നും കൊണ്ടുവരുന്ന സ്വർണവുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ ഹാജരാക്കാൻ ആയില്ലെങ്കിൽ ഈ സ്വർണം കസ്റ്റംസ് അധികൃതർക്ക് പിടിച്ചെടുക്കാവുന്നതാണ്. തുടർന്ന് ശരിയായ തെളിവുകൾ നൽകിയാൽ പിന്നീട് നിങ്ങൾക്ക് ഇത് തിരികെ ലഭിക്കും. സ്വർണ്ണക്കടത്ത് കേസുകളിൽ പിടിച്ചെടുക്കുന്ന സ്വർണ്ണം സീൽ ചെയ്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് (ആർബിഐ) അയയ്ക്കുകയാണ് കസ്റ്റംസ് ചെയ്യുന്നത്. അവിടെ നിന്ന് 999.5 പരിശുദ്ധിയുള്ള സ്വർണ്ണമാക്കി മാറ്റി കസ്റ്റംസ് വകുപ്പിന് തിരികെ അയയ്ക്കുന്നു. സ്വർണ്ണം പിടിച്ചെടുത്ത ആളിന് കൃത്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കസ്റ്റംസ് വകുപ്പ് ഈ സ്വർണ്ണം സീൽ ചെയ്ത് ലേലത്തിനായി ആർബിഐയിലേക്ക് തിരികെ അയയ്ക്കുകയും ചെയ്യുന്നതാണ്.
Discussion about this post