ചെന്നൈ: ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയ എ ആർ റഹ്‌മാൻ ആശുപത്രിവിട്ടു. പരിശോധനകളിൽ ആരോഗ്യപ്രശ്‌നമില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ആശുപത്രി അധികൃതർ അദ്ദേഹത്തിന് ഡിസ്ചാർജ് നൽകിയത്. ഇന്ന് രാവിലെയോടെയായിരുന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയത്.
മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് അദ്ദേഹം ആശുപത്രിവിട്ട വിവരം ഡോക്ടർമാർ അറിയിച്ചത്. നിർജ്ജലീകരണത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാലാണ് അദ്ദേഹം ചികിത്സ തേടിയത് എന്നാണ് ആശുപത്രി ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ പതിവ് പരിശോധനകൾക്കും, വിശദമായ പരിശോധനകൾക്കും വിധേയമാക്കി. ഇതിൽ കുഴപ്പമില്ലെന്ന് വ്യക്തമായതോടെ അദ്ദേഹത്തെ പോകാൻ അനുവദിക്കുകയായിരുന്നു.
ലണ്ടനിലായിരുന്ന റഹ്‌മാൻ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത് എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്. റംസാൻ മാസം ആയതിനാൽ അദ്ദേഹം നോമ്പ് നോൽക്കുന്നുണ്ടായിരുന്നു. യാത്രയും നോമ്പുമെല്ലാമാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചത് എന്നാണ് നിഗമനം. ഡോക്ടർമാർ അദ്ദേഹത്തിന് കുറച്ചുനാൾ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രിവിട്ട റഹ്‌മാൻ വീട്ടിൽ വിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post