ന്യൂഡൽഹി : രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്നുമായി പിടികൂടപ്പെടുന്നവർക്ക് ഒരു ദയയും ലഭിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. 88 കോടി രൂപയുടെ ലഹരി മരുന്ന് കടത്ത് പിടികൂടിയതിന് പിന്നാലെ ആയിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ 88 കോടി രൂപയുടെ മെത്താഫെറ്റാമൈൻ ഗുളികകളുടെ വൻ ശേഖരമാണ് പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് കാർട്ടലുമായി ബന്ധമുള്ള നാല് പേരെ എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിൽ മികച്ച നടപടികൾ തുടരുന്ന എൻസിബി ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഇംഫാൽ, ഗുവാഹത്തി മേഖലകളിൽ നിന്നുമാണ് എൻസിബി വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. ലിലോംഗ് പ്രദേശത്തിന് സമീപം ഒരു ട്രക്ക് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നിന്റെ വൻ ശേഖരം കണ്ടെത്തിയത്. വാഹനം വിശദമായി പരിശോധിച്ചപ്പോൾ പിൻഭാഗത്തെ ടൂൾബോക്സിലും ക്യാബിനിലും ഒളിപ്പിച്ച നിലയിൽ 102.39 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകൾ കണ്ടെത്തുകയായിരുന്നു. മണിപ്പൂരിലെ മോറെയിൽ നിന്നാണ് മയക്കുമരുന്ന് കള്ളക്കടത്ത് നടന്നതെന്നും കരിംഗഞ്ചിലേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും ആണ് എൻസിബി നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
Discussion about this post