ന്യൂഡൽഹി: അമേരിക്കയിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ പ്രസിഡന്റ് ട്രംപിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പോഡ്കാസ്റ്ററും എഐ റിസർച്ചറുമായ ലെക്‌സ് ഫ്രിഡ്മാന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു മോദി ഹൂസ്റ്റണിൽ വർഷങ്ങൾക്ക് മുൻപ് നടന്ന പരിപാടിയെക്കുറിച്ച് വാചാലനായത്. തനിക്കൊരിക്കലും മറക്കാൻ കഴിയാത്ത പരിപാടിയാണ് അതെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് ഇന്ത്യക്കാർ പങ്കെടുത്ത പരിപാടി ആയിരുന്നു ഹൗഡി മോദി. അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ ആയിരുന്നു അത്. പ്രസംഗത്തിന് ശേഷം ഞാൻ ട്രംപിന്റെ അടുത്ത് എത്തി സ്‌റ്റേഡിയത്തിൽ നടക്കാമെന്നും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരെ അഭിസംബോധന ചെയ്യാമെന്നും നിർദ്ദേശിച്ചു.
ധാരാളം ആളുകൾ പങ്കെടുക്കുന്ന പരിപാടി ആയതിനാൽ കർശനമായ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ഒരു പ്രസിഡന്റിന് ആയിരക്കണക്കിന് ആളുകൾക്കിടയിലൂടെ ഇറങ്ങി നടക്കാൻ കഴിയുന്ന പശ്ചാത്തലം അല്ല അമേരിക്കയിൽ ഉള്ളത്. എന്നാൽ ട്രംപ് തന്റെ ആവശ്യം അംഗീകരിച്ചു. തനിക്കൊപ്പം നടന്നു. എല്ലാ പ്രോട്ടോകോളും ലംഘിച്ചുകൊണ്ടാണ് ഇരുവരും അവിടെ നടന്നത്. ആ നിമിഷം വളരെ ഹൃദയഹാരിയായി തോന്നി. അദ്ദേഹത്തിന്റെ ധൈര്യം ആയിരുന്നു ഇതിലൂടെ വ്യക്തമായതെന്നും മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണവേളയ്ക്കിടെ അദ്ദേഹത്തിന് വെടിയേറ്റ സംഭവം ഉണ്ടായിരുന്നു. ഈ വേളയിലും അദ്ദേഹത്തിൽ ഞാൻ കണ്ടത് എന്നോടൊപ്പം കൈ കോർത്ത് നടന്നപ്പോൾ ഉണ്ടായ അതേ ധൈര്യം ആണ്. വെടിയേറ്റപ്പോഴും നിർഭയനായി അദ്ദേഹം അമേരിക്കയ്ക്ക് വേണ്ടി നിലകൊണ്ടു. രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ് ട്രംപ്. എനിക്ക് ഇന്ത്യയാണ് വലുത്, ഏറ്റവും ആദ്യം ഇന്ത്യയാണ്. അതുപോലെ തന്നെയാണ് അദ്ദേഹവും. രാജ്യ സ്‌നേഹം ഞങ്ങളെ രണ്ട് പേരെയും ഒന്നിച്ച് നിർത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post