ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള ഐഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന എസ്എംഎസ് സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണം എന്നാണ് എഫ്ബിഐ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘സ്മിഷിംഗ്’ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് എഫ്ബിഐയുടെ ഈ മുന്നറിയിപ്പ്. ഇതിനകം തന്നെ നിരവധി ഉപയോക്താക്കൾ തട്ടിപ്പിന് ഇരയാവുകയും പണം നഷ്ടപ്പെടുകയും ചെയ്തു എന്നാണ് എഫ്ബിഐ അറിയിക്കുന്നത്.
ഫിഷിംഗ് ടെക്സ്റ്റ് മെസ്സേജസ് ആണ് ‘സ്മിഷിംഗ്’ എന്ന് അറിയപ്പെടുന്നത്. ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനായി സൈബർ കുറ്റവാളികൾ വ്യാജ ബാങ്ക് അലേർട്ടുകൾ, ഡെലിവറി അപ്‌ഡേറ്റുകൾ, സുരക്ഷാ അറിയിപ്പുകൾ എന്നിവ എസ്എംഎസ് ആയി അയക്കുകയും ഈ എസ്എംഎസുകൾ തുറന്നു നോക്കുന്നതിലൂടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ആണ് ചെയ്യുന്നത്. ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ എന്നിവ സ്മിഷിംഗിലൂടെ ചോർത്തിയെടുക്കാൻ കഴിയുന്നതാണ്.
അജ്ഞാത നമ്പറുകളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ഏതെങ്കിലും ലിങ്കുകളോ അറ്റാച്ചുമെന്റുകളോ തുറക്കുന്നത് ഒഴിവാക്കുക എന്നീ നിർദ്ദേശങ്ങൾ ആണ് എഫ്ബിഐ നൽകിയിരിക്കുന്നത്. ബാങ്കിൽ നിന്നും മറ്റുമുള്ള വിവരങ്ങളിൽ കൃത്യത ഉറപ്പുവരുത്താൻ ബാങ്കുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുക, സംശയാസ്പദമായ സന്ദേശം ലഭിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ പരിശോധിക്കുക, നിങ്ങൾക്ക് ഒരു സ്മിഷിംഗ് ടെക്സ്റ്റ് ലഭിച്ചാൽ, ഉടൻ തന്നെ അത് റിപ്പോർട്ട് ചെയ്യുക എന്നീ നിർദ്ദേശങ്ങളും എഫ്ബിഐ നൽകിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ എല്ലായ്‌പ്പോഴും ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാനും ബാങ്കിംഗ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിന് ടു-ഫാക്ടർ ഓതന്റിക്കേഷൻ സജീവമാക്കാനും എഫ്ബിഐ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post