മുംബൈ : ഈ കാലത്തും ജാതിയെക്കുറിച്ച് സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് നല്ല അടിയാണ് കൊടുക്കേണ്ടത് എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ജാതി, മതം, ഭാഷ, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയ്ക്കും വിവേചനം ഉണ്ടാകരുതെന്നാണ് തന്റെ രാഷ്ട്രീയ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി. ജാതി, മതം, ഭാഷ, വംശം എന്നിവ കാരണം ആരും മഹാനാകുന്നില്ല. ഒരാൾ ഏതെങ്കിലും രീതിയിൽ മഹാൻ ആകുന്നുണ്ടെങ്കിൽ അത് സ്വന്തം ഗുണങ്ങൾ കൊണ്ട് മാത്രമായിരിക്കും എന്നും നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു.
നാഗ്പൂരിലെ സെൻട്രൽ ഇന്ത്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ബിരുദദാന ചടങ്ങിനിടെ ആയിരുന്നു കേന്ദ്രമന്ത്രിയുടെ ഈ അഭിപ്രായപ്രകടനം. “ജാതിയോ മതമോ നോക്കി താൻ വ്യക്തിപരമായ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ജാതിയുടെ പേരിൽ ആരിൽ നിന്നും വോട്ട് തേടിയിട്ടും ഇല്ല. എന്റെ പ്രവർത്തനങ്ങൾ നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ വോട്ട് ചെയ്യൂ എന്ന് മാത്രമാണ് ജനങ്ങളോട് ഞാൻ ആവശ്യപ്പെടാറുള്ളത്” എന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം സമുദായത്തിലുള്ളവർക്ക് വിദ്യാഭ്യാസമാണ് ഏറ്റവും ആവശ്യം എന്നും നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. എംഎൽഎ ആയിരുന്നപ്പോൾ, മുസ്ലീം സമുദായത്തിലെ ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മുസ്ലീം വിദ്യാഭ്യാസ സ്ഥാപനത്തിന് എഞ്ചിനീയറിംഗ് കോളേജ് ലഭിക്കാൻ ആണ് സഹായിച്ചത്. ഒരാൾ തന്റെ ജാതി, മതം, ലിംഗഭേദം അല്ലെങ്കിൽ ഭാഷ എന്നിവയ്ക്ക് അതീതമായി ഉയരുമ്പോൾ, അവൻ മഹാനാകുന്നു എന്ന മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ വാക്കുകൾ ലോകത്തിലെ എല്ലാവർക്കും പ്രചോദനമാകേണ്ടതാണ് എന്നും ഗഡ്കരി സൂചിപ്പിച്ചു.
Discussion about this post