എറണാകുളം: പ്രിൻസിപ്പാളായിരിക്കെ ക്യാമ്പസിൽ ഉണ്ടായ അനുഭവം പങ്കുവച്ച് മുൻ അദ്ധ്യാപകൻ മണി തുണ്ടിയിൽ. മക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രണ്ട് രക്ഷിതാക്കളിൽ നിന്നും നേരിട്ട അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കളമശ്ശേരി പോളിടെക്‌നിക്ക് കോളേജിലെ കഞ്ചാവ് വേട്ടയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
മകന്റെ ലഹരി ഉപയോഗം അറിഞ്ഞ് ടിസി വാങ്ങാൻ എത്തിയ പിതാവിന്റെ അനുഭവം ആണ് അദ്ദേഹം ആദ്യമായി പങ്കുവച്ചത്. പഠിക്കാൻ മിടുക്കനായ കുട്ടിയെ എങ്ങനെയോ ലഹരിയ്ക്ക് അടിമയായി. പോലീസ് വീട്ടിൽ എത്തിയതോടെ ഭയന്ന പിതാവ് മകന്റെ ടി.സി വാങ്ങാൻ കോളേജിൽ എത്തുകയായിരുന്നു. എന്നാൽ അദ്ദേഹവും മറ്റ് അദ്ധ്യാപകരും ചേർന്ന് പിതാവിനെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
രണ്ടാമതായി അദ്ദേഹം പങ്കുവയ്ക്കുന്നത് മദ്യപിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്നും പുറത്താക്കപ്പെട്ട കുട്ടിയുടെ മാതാവിന്റെ പക്കൽ നിന്നും ഉണ്ടായ അനുഭവം ആണ്. അദ്ധ്യാപകന്റെ നിർദ്ദേശപ്രകാരം മണി തുണ്ടിയലിനെ കാണാൻ എത്തിയ അമ്മയും കുട്ടിയും മദ്യപിച്ചകാര്യം നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് കുട്ടിയെ പുറത്താക്കിയ അദ്ധ്യാപകനെ സ്റ്റാഫ് റൂമിലേക്ക് അദ്ദേഹം വിളിപ്പിച്ചു. ക്ലാസെടുക്കുമ്പോൾ കുട്ടി തളർന്ന് ഉറങ്ങുകയായിരുന്നുവെന്നും, അസുഖമുണ്ടോയെന്ന് നോക്കാൻ അടുത്ത് ചെന്നപ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടുവെന്നും അദ്ധ്യാപകൻ പറഞ്ഞു. ഇതോടെ കുട്ടി തലേദിവസം മദ്യപിച്ചിരുന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ അദ്ധ്യാപകരോട് രോഷത്തോടെ കുട്ടിയുടെ അമ്മയും പ്രതികരിച്ചു. മകന് 18 വയസ്സ് ആയി എന്നും അവൻ മദ്യപിക്കുന്നതിൽ തങ്ങൾക്ക് ഇല്ലാത്ത പ്രശ്‌നം ആർക്കാണെന്നും അമ്മ ചോദിച്ചു. അദ്ധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ആ അമ്മ മകനെയും വിളിച്ച് സ്റ്റാഫ് റൂമിൽ നിന്നും പോകുകയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കളമശ്ശേരി പോളി ടെക്‌നിക്കിൽ നടന്ന ലഹരി പിടുത്ത കേസിൽ വന്ന വാർത്ത വായിച്ചപ്പോൾ മനസ്സിൽ പെട്ടെന്ന് ഓടിയെത്തിയത്, കുറേക്കാലം മുമ്പ് ഞാൻ പ്രിൻസിപ്പാൾ ആയിരുന്നു കോളേജിൽ നടന്ന രണ്ട് സംഭവങ്ങളും, അതിൽ ഉൾപ്പെട്ട ഒരു പിതാവിന്റേയും മാതാവിന്റെയും ചിന്താഗതികളുമാണ്
അതിലൊന്ന് ഇതായിരുന്നു:
ഒരു ദിവസം രാവിലെ ഓഫീസിൽ നിന്നും കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് എന്നെ ഫോണിൽ വിളിച്ചിട്ട്, ”സാർ ഒരാൾ കാണാൻ വന്നിരിക്കുന്നു .അങ്ങോട്ട് കടത്തിവിടട്ടെ?”
ഞാൻ സമ്മതിച്ചു .അല്പം കഴിഞ്ഞപ്പോൾ കുറച്ച് മുഷിഞ്ഞ വസ്ത്രവും ധരിച്ച് ഒരാൾ മുറിയിലേക്ക് കയറി വന്നു. ഞാൻ അയാളോട് ചോദിച്ചു:
” എന്താ വന്നത്?”
ആ മനുഷ്യനാകെ അങ്കലാപ്പിലായിരുന്നു. എന്തോ ഒരു വിഷമം ഉള്ളിൽ ഉള്ളതുപോലു ള്ള മുഖഭാവം. അദ്ദേഹം പറഞ്ഞു:
”എനിക്ക് എൻറെ മകന്റെ റ്റി സി വേണം”. .
ഞാൻ അയാളോട് ഇരിക്കാൻ പറഞ്ഞു. എന്നാൽ ഇരിക്കാൻ കൂട്ടാക്കാതെ പറഞ്ഞ് തുടങ്ങി:
”സാർ എൻറെ മകൻ ഇവിടെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. അവനെ ഞാൻ ഇനി പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് എനിക്ക് ഇവിടെ നിന്ന് വിടുതൽ തരണം”
ഞാൻ കുട്ടിയുടെ പേരും പഠിക്കുന്ന ബ്രാഞ്ചും ചോദിച്ചു മനസ്സിലാക്കി. എന്നിട്ട് ഞാൻ ചോദിച്ചു. ”എന്താണ് ടി സി വാങ്ങിച്ച് പോകാൻ കാരണം? അവന് പഠിക്കാൻ താല്പര്യം ഇല്ലേ അതോ പഠനത്തിൽ പിറകിലാണോ”
അയാൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ, ഓഫീസിൽ വിളിച്ച് എച്ച്. ഓ. ഡി. യോട് പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു
എന്നിട്ട് ആ പിതാവിനെ നോക്കി, ”എന്തായാലും വിഷമിക്കേണ്ട ഞാൻ എച്ച് ഒ ഡി യോട് വരാൻ വരാൻ പറഞ്ഞിട്ടുണ്ട്. നമുക്ക് സംസാരിക്കാം കുട്ടിയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം അറിഞ്ഞിട്ട് നമുക്ക് തീരുമാനിക്കാം”
”എന്റെ മകനെ ഞാൻ കൊണ്ട് വന്നിട്ടുണ്ട്”
”എങ്കിൽ കുട്ടിയെ വിളിക്കൂ”
അയാൾ പുറത്തു പോയി തന്റെ മകനെ കൂട്ടിക്കൊണ്ടുവന്നു.
”എന്താ കുട്ടി പ്രശ്‌നം?” ഞാൻ അവനോട് ചോദിച്ചു
ആ കുട്ടി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. ആ കുട്ടിയുടെ അച്ഛൻറെ പരവേശം കണ്ടിട്ട്, ദാ ഒരു ഗ്ലാസ് വെള്ളം കുടിക്കു, എന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞിട്ട്
ഞാൻ ഒരു ഗ്ലാസ് ജലം അദ്ദേഹത്തിന് കൊടുത്തു. ആ മനുഷ്യൻ ആ കുടി വെള്ളം മുഴുവനും കുടിച്ചു
കുറച്ചുനേരം ഞാൻ ഒന്നും മിണ്ടിയില്ല; ശേഷം ചോദിച്ചു
”എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയൂ. സഹായിക്കാം”
”സാർ എനിക്ക് ഒന്നും വേണ്ട. ടി സി തന്ന് വിട്ടാൽ മതി”
ഞാൻ അല്പം ശബ്ദം കൂട്ടി പറഞ്ഞു: ‘ ടി സി വാങ്ങാനുള്ള കാരണം ബോധിപ്പിക്കാതെ തരാൻ പറ്റില്ല”
പെട്ടെന്ന് അയാൾ വിങ്ങിക്കരയാൻ തുടങ്ങി
കരച്ചിന്നിടയിൽ അയാൾ പറഞ്ഞു: ”ഇവനെ അന്വേഷിച്ച് ഇന്നലെ പോലീസ് എൻറെ വീട്ടിൽ വന്നിരുന്നു” അയാൾ ഒന്നു നിർത്തി. അപ്പോൾ ഞാൻ ആ കുട്ടിയോട് ചോദിച്ചു ”എന്താ അച്ഛൻ പറയുന്നത് ? ഇയാൾ വല്ല അടിപിടി കേസിലും പെട്ടോ?”
ആ കുട്ടി അതിനു മറുപടി ഒന്നും തന്നില്ല
അപ്പോൾ ആ അച്ഛൻ തുടർന്നു പറഞ്ഞു:
”സാറേ പോലീസ് വന്നത് ഇവൻ ലഹരി ഉപയോഗിക്കുന്നു, ലഹരി വില്പ്പന നടത്തുന്നു എന്നൊക്കെ അറിയിക്കാനാണ്.
നന്നായി പഠിക്കാൻ വേണ്ടി ഞാൻ ഇവനെ കോളേജിനടുത്ത് താമസിപ്പിച്ചിരിക്കുകയാണ്. എന്നാൽ കൂട്ടുകാരുമൊത്ത് അവൻ കഞ്ചാവ് വലിക്കുന്നുണ്ടെന്ന് പോലീസില് നിന്നും മനസ്സിലായി. അത് കൊണ്ടാണ് ഞാൻ അവനെ ഇവിടെ നിന്നും കൊണ്ടുപോകുന്നത്”
അപ്പോൾ ഞാനാ വ്യക്തിയെ സൂക്ഷിച്ച് നോക്കി അയാളിൽ കണ്ട പരവേശം എനിക്ക് മനസ്സിലായി
ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘ നിങ്ങൾ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. നമുക്ക് വേണ്ടത് ചെയ്യാവുന്നതേയുള്ളൂ. ഇവിടെ ആന്റി ഡ്രഗ് ക്യാമ്പയിനും മറ്റ് ലഹരി വിരുദ്ധ സ്‌ക്വാഡും ഒക്കെ ഉണ്ട്. എല്ലാം നമുക്ക് ശരിയാക്കാം . ഇത്രയും കാലം പഠിച്ച കുട്ടിയല്ലേ. പഠനം നിർത്തി പോകുന്നത് കൊണ്ട് എന്താണ് ഗുണം”?
അദ്ദേഅഹം ഒരു ദീർഘനിശ്വാസം വിട്ടു എന്നിട്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു:
”ഞാൻ ഒരു ചെരുപ്പ് കുത്തിയാണ്. എറണാകുളത്ത് സൗത്ത് റെയിൽവേ സ്റ്റേഷനു അടുത്ത് എനിക്കൊരു ചെറിയ കടയുണ്ട്. എൻറെ മകൻ എൻജിനീയർ ആകുന്നതിലും കൂടുതൽ ഞാൻ ആഗ്രഹിക്കുന്നത് അവൻ ഒരു നല്ല മകനായി സ്വഭാവ ദോഷം ഒന്നുമില്ലാതെ എന്റെ കൂടെ തന്നെ ജീവിക്കുന്നതാണ്. എൻറെ കൂടെ ആ കടയിൽ അവനും കൂടി വരുമാനം ഉണ്ടാക്കാനുള്ള അവസരം ഞാൻ ഉണ്ടാക്കി കൊടുക്കും”
അപ്പോഴേക്കും എച്ച് ഒ ഡി യും ആ കൂട്ടിയുടെ ക്ലാസ് മെന്ററും, മുറിയിൽ എത്തി.
ഞാൻ അവരോട് കാര്യങ്ങൾ തിരക്കി. ഈ കുട്ടിയെ കുറിച്ച് അവർക്ക് ഒരു പരാതിയും ഇല്ലായിരുന്നു. പഠിക്കുന്ന കാര്യത്തിലും ശരാശരിയേക്കാൾ ഭേദമാണ്. അവർക്കും അറിയില്ല, ഇവൻ ലഹരി ഉപയോഗിച്ചിരുന്നു എന്ന കാര്യം.
ഇക്കാര്യങ്ങളൊക്കെ അറിഞ്ഞ ഉടനെ ഞാൻ ആ പിതാവിനോട് പലതവണ പല കാരണങ്ങളും ചൂണ്ടിക്കാണിച്ചു അവനെ തുടർന്നു പഠിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കോളേജ് അധ്യാപകർ ഇവന്റെ കാര്യത്തിൽ വേണ്ട ശ്രദ്ധ പതിപ്പിച്ചോളും എന്നും ഞാൻ ഉറപ്പ് കൊടുത്തു.
അദ്ദേഹം അതൊന്നും കേൾക്കാൻ തയ്യാറായില്ല.
അന്നുതന്നെ കോളജിൽ നിന്നും ടിസി വാങ്ങിച്ച് അയാൾ കുട്ടിയെ കൊണ്ട് മടങ്ങിപ്പോയി
ആ പിതാവ് ചെയ്തത് ശരിയോ തെറ്റോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല
ഇതുപോലെ ഓർത്തിരിക്കുന്ന മറ്റൊരു സംഭവം ഇപ്രകാരമാണ്:
മദ്യപിച്ച് ക്ലാസ്സിൽ വന്നു എന്നാരോപിച്ച് ഒരുത്തനെ കോളേജിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചു. പേരെൻറ് വന്നാൽ മാത്രമേ ക്ലാസിൽ കയറ്റൂ എന്ന് അറിയച്ചതിനെ തടര്ന്ന് പുറത്താക്കിയ വിദ്യാർഥിയുടെ അമ്മ, എന്നെ കാണാൻ വന്നു..
അവർ വന്നത് തന്നെ വലിയ കലിപ്പിലായിരുന്നു. വന്ന പാടെ അവർ എന്നോട് തട്ടിക്കയറി:
‘ എന്റെ മകനെപ്പുറത്താക്കൻ നിങ്ങൾക്കെന്ത് അവകാശം?
ഞാൻ അവരോട് ഇരിക്കാൻ പറഞ്ഞു,
”നിങ്ങളുടെ മകൻ ക്ലാസിൽ വന്നത് മദ്യപിച്ചുകൊണ്ടാണ്. അത് മനസ്സിലാക്കിയ പ്രൊഫസർ ഇക്കാര്യം റിപ്പോര്ട്ട് ചെയ്തു. മദ്യപിച്ച് ക്ലാസിൽ വന്നതുകൊണ്ടാണ് ക്ലാസ്സിൽ നിന്നും പുറത്താക്കിയത്. ഇനി തിരിച്ചെടുക്കണം എങ്കിൽ പാരന്റിൻറെ ഉറപ്പിൽ ആയിരിക്കും. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കില്ല എന്ന് നിങ്ങൾ ഉറപ്പു തന്നാൽ മാത്രമേ ആ കുട്ടിയെ ക്ലാസിലിരുത്താൻ പറ്റു”
അപ്പോൾ ആ സ്ത്രീ പറഞ്ഞു ”എൻറെ മകൻ ഇന്നലെ ക്ലാസ്സിൽ വന്നത് മദ്യപിച്ചിട്ട് അല്ല. അവൻ പുറത്തു നിൽപ്പുണ്ട്. സാറിന് നേരിട്ട് ചോദിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ
”എങ്കിൽ ആ കുട്ടിയെ വിളിക്കൂ, ഞാൻ സംസാരിക്കാം ‘
ആ കുട്ടി അകത്തേക്ക് വന്നപ്പോൾ ഞാൻ ചോദിച്ചു: ”അമ്മ പറയുന്നത് ശരിയാണോ? ഇയാൾ ക്ലാസിൽ മദ്യപിച്ചാണോ എത്തിയത്?
”ഇല്ല സാറേ ഞാൻ ക്ലാസ്സിൽ മദ്യപിച്ചിട്ടില്ല വന്നത്.
ഇക്കാര്യം റിപ്പോർട്ട് ചെയ്ത അധ്യാപകനെ എൻറെ മുറിയിലേക്ക് വിളിച്ചു വരുത്തി.
എന്നിട്ട് അധ്യാപകനോട് ചോദിച്ചു ”ഈ കുട്ടി ഇന്ന് താങ്കൾ പറഞ്ഞ കാര്യം നിഷേധിക്കുകയാണ്. മദ്യപിച്ചിട്ടില്ല എന്നാണ് പറയുന്നത്”
‘ സാർ, ഞാൻ ക്ലാസ്സെടുത്തു കൊണ്ടിരിക്കുമ്പോൾ ഇവൻ ഡെസ്‌കിൽ തലവച്ച് കിടക്കുകയായിരുന്നു. എന്തെങ്കിലും അസുഖം ആയിരിക്കും എന്ന് കരുതി ഞാൻ അവന്റെ അടുത്തേക്ക് ചെന്നപ്പോൾ മദ്യത്തിൻറെ രൂക്ഷഗന്ധം ഈ കുട്ടിയിൽ നിന്നും പുറപ്പെടുന്നതായിട്ട് മനസ്സിലായി. ഞാൻ ഇവനെ വിളിച്ചു എഴുന്നേൽപ്പിച്ചു . മദ്യപിക്കാതെ എങ്ങനെയാ അത്രയേറെ മദ്യഗന്ധം അവനിൽ നിന്നും വരുന്നത്”?
ഞാൻ ഇതിന് ഉത്തരം കിട്ടാൻ വേണ്ടി കുട്ടിയുടെ നേരെ നോക്കി. അപ്പോൾ ആ കുട്ടി പറയുകയാണ്: ”ഞാൻ ഇന്നലെ മദ്യപിച്ചിട്ടില്ലായിരുന്നു. എന്നാൽ മിനിഞ്ഞാന്ന് കൂട്ടുകാരുമൊത്ത് നന്നായി മദ്യപിച്ചിരുന്നു. അതിൻറെ ഗന്ധം ആയിരിക്കും സാറിന് ഞാൻ മദ്യപിച്ചു ക്ലാസ്സിൽ വന്നു എന്ന് തോന്നാൻ കാരണം. അപ്പോൾ പിന്നെ എന്നെ എന്തിനാ പുറത്താക്കിയത്”?
ആ കുട്ടിയുടെ നിരപരാധിത്വം അവതരിപ്പിക്കുന്നത് കേട്ടിട്ട് ഒരു നിമിഷം ഞാൻ തരിച്ചു പോയി. അപ്പോഴാണ് അവന്റെ അമ്മയുടെ ശബ്ദം ഉയർന്നത്. അവർ ഉറക്കെ പറഞ്ഞു
”അവന് 18 വയസ്സ് കഴിഞ്ഞു. എന്റെ മകൻ മദ്യപിക്കുന്നതിനനെ എതിർക്കേണ്ടത് ഞങ്ങളാണ്. ഞങ്ങൾക്ക് ഇക്കാ ര്യത്തിൽ എതിർപ്പൊന്നുമില്ല. മാത്രവൂമല്ല അവൻ ഇന്നലെ ക്ലാസ്സിൽ വന്നപ്പോൾ മദ്യപിച്ചിട്ടേയില്ല. തലേന്ന് രാത്രി മദ്യപിച്ചതിന്റെ സ്‌മെല്ല് വച്ചിട്ട് ക്ലാസ്സിൽ നിന്നും പുറത്താക്കുന്നത് ശരിയല്ല. അതുകൊണ്ട് അവനെ ക്ലാസ്സിൽ കയറ്റണം. ഇല്ലെങ്കിൽ ഞാൻ വേണ്ട നിയമ നടപടികൾ എടുക്കും.”
” വാടാ മോനെ, നിന്നെ ക്ലാസ്സിൽ കയറ്റുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം” എന്നു പറഞ്ഞിട്ട് അവർ വർദ്ധിത വീര്യത്തോടെ പുറത്തേക്ക് മകനെയും കൊണ്ട് പുറത്തേക്ക് പോയി.
Discussion about this post