ന്യൂഡൽഹി; സിപിഎമ്മിനെ കടന്നാക്രമിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ.രാജ്യസഭയിലാണ് ധനമന്ത്രി കേരളത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തുന്നതായി മന്ത്രി പറഞ്ഞു. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിലെന്നും അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്തതെന്നും മന്ത്രി ആരോപിച്ചു.
ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നുവെന്ന് പറഞ്ഞ ധനമന്ത്രി, കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂർണ്ണമായി കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്ന് കുറ്റപ്പെടുത്തി. അതിന് ഉദാഹരണമായിട്ടായിരുന്നു നോക്കുകൂലിയെ വിമർശിച്ചത്.
കേരളത്തിലേക്ക് ബസിൽ ഒരാൾ പോയി ഇറങ്ങിക്കഴിഞ്ഞാൽ ബാഗ് പുറത്തേക്കെടുക്കണമെങ്കിൽ അമ്പത് രൂപയും ഒപ്പം നോക്കുകൂലിയായി സിപിഎം കാർഡുള്ള ആൾക്ക് അതേപോലെ പണം നൽകേണ്ടി വരുമെന്ന് ധനമന്ത്രി വിമർശിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി രണ്ടു ദിവസം മുൻപ് നൽകിയ ഇന്റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നു.നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. സിപി എമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
Discussion about this post