വാഷിങ്ടൺ: അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചു പൂട്ടാനുള്ള നടപടികൾക്ക് തുടക്കമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. അമേരിക്കൻ വലതുപക്ഷത്തിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരിക്കുന്നത്.
യുഎസ് വിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ അടിസ്ഥാനത്തിലുള്ള സേവനം പൂർണമായും നിർത്തലാക്കണമെന്നാണ് ഈ ഉത്തരവിൽ പറയുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ നീക്കം നടപ്പിലായാൽ 4,200-ലധികം പേർക്ക് ജോലി നഷ്ടപ്പെടും . പൊതു വിദ്യാഭ്യാസത്തിന്റെ പൂർണ ചുമതല സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഉത്തരവ്. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കാൻ അമേരിക്കൻ പ്രസിഡന്റിന് എളുപ്പത്തിൽ സാധിക്കില്ല. യുഎസ് കോൺഗ്രസിന്റെ അനുമതി വേണം. മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ ഏഴ് അംഗങ്ങളുടെ പിന്തുണയും ലഭിക്കണം. നിലവിൽ അമേരിക്കയിൽ പ്രൈമറി, സെക്കന്ററി സ്‌കൂളുകളുടെ 13 ശതമാനം ഫണ്ടിംഗ് നൽകുന്നത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ്. ഉത്തരവ് നിലവിൽ വന്നാൽ ഈ സാമ്പത്തിക സഹായം അവസാനിക്കും.
1979 ൽ ജിമ്മി കാർട്ടർ അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് കേന്ദ്ര വിദ്യാഭ്യാസവകുപ്പ് രൂപീകൃതമായത്. എന്നാൽ ഇത് ഇപ്പോൾ സർക്കറിന് ഒരു പാഴ്ചെലവായെന്നാണ് ട്രംപിന്റെ പക്ഷം. വിദ്യാഭ്യാസ നയം പൂർണമായും വികേന്ദ്രീകൃതമായിരിക്കണമെന്നും ഇത് സംസ്ഥാനങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം പറയുന്നു.
ട്രംപും അദ്ദേഹത്തിന്റെ ശതകോടീശ്വരൻ ഉപദേഷ്ടാവ് മസ്‌കും മസ്‌കിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റും (DOGE) ഇതിനകം തന്നെ മറ്റ് നിരവധി സർക്കാർ ഏജൻസികളെയും പിരിച്ചുവിട്ടിട്ടുണ്ട്. പ്രോഗ്രാമുകളെയും ജീവനക്കാരെയും വെട്ടിച്ചുരുക്കിയായിരുന്നു നടപടി .
Discussion about this post