ചൂട് കാലമാണ്. സൂര്യൻ തലയ്ക്കുമീതെ കത്തിജ്വലിച്ച് നിൽക്കുന്ന സമയം. അതിനാൽ തന്നെ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷികമാണ്. യാത്രക്കിടയിലും ജോലിക്കിടയിലും മറക്കാതെ വെള്ളം കുടിക്കണം. പലപ്പോഴും നാം യാത്ര പോകുമ്പോൾ കുപ്പിവെള്ളം വാങ്ങി കാറുകളിലും മറ്റും സൂക്ഷിക്കാറുണ്ട്. ആവശ്യം വരുമ്പോൾ കുടിക്കുകയും ചെയ്യും. എന്നാൽ ഒന്ന് പാളിയാൽ ഇത് നമുക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
കാറിലെ ചൂടിൽ ഏറെ നേരം പ്ലാസ്റ്റിക് ബോട്ടിലിൽ ഇരിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമത്രേ. ദീർഘനേരം ചൂടിൽ ഇരിക്കുന്ന പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നതിലൂടെ ദോഷകരമായ രാസവസ്തുക്കൾ ശരീരത്തിലെത്താൻ ഇടയാക്കുമെന്നാണ് സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെന്റിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പഴയ പ്ലാസ്റ്റിക് കുപ്പികൾ, ഉയർന്ന താപനിലയിൽ രാസവസ്തുക്കൾ പുറന്തള്ളാൻ സാധ്യതയുണ്ട്. പ്ലാസ്റ്റിക് കുപ്പികളിൽ പുതുതായി നിർമ്മിക്കുന്നവയിൽ പോലും ദീർഘനേകം വെള്ളം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ചൂടുവെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ, അവ ഒരു ലിറ്ററിൽ ട്രില്യൺ കണക്കിന് എന്ന നിരക്കിൽ നാനോകണങ്ങൾ വെള്ളത്തിലേക്ക് പുറത്തുവിടുന്നുവെന്നാണ് എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജി നടത്തിയ മറ്റൊരു പഠനത്തിൽ കണ്ടെത്തിയത്. തുടർച്ചയായി ഇങ്ങനെയുള്ള വെള്ളം കുടിക്കുന്നത്, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കും.
ബാക്ടീരിയ വളർച്ചയാണ് മറ്റൊരു പ്രശ്നം. കുപ്പി കൃത്യമായി വൃത്തിയാക്കാതെയോ ഒരു ദിവസം കുടിച്ച വെള്ളം ഏറെ നാൾ സൂക്ഷിക്കുമ്പോഴോ ഇത് ബാക്ടീരിയ വളർച്ചയ്ക്ക് ഇടയാക്കും. ഇങ്ങനെ ബാക്ടീരിയയുടെ സാന്നിധ്യമുള്ള വെള്ളം കുടിക്കുന്നത് വയറ്റിലെ അസ്വസ്ഥതകൾക്കും ദഹനപ്രശ്നങ്ങൾക്കും കാരണമായേക്കാം.ശ്വസനപ്രശ്‌നങ്ങൾക്കും പഴകിയ വെള്ളം കുടി കാരണമായേക്കാം.
കടകളിൽ വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങൾ വാങ്ങാതിരിക്കുക. ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകും. കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടാനും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകാനും പാടില്ല. കുപ്പിവെള്ളത്തിൽ ഐ.എസ്.ഐ.മുദ്ര ഉണ്ടോ എന്ന് ഉറപ്പുവരുത്താം പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കാം കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക. വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പുവരുത്തുക.
Discussion about this post