മുംബൈ: പൂനെയിൽ ട്രാവലറിന് തീപിടിച്ച് സ്വകാര്യ കമ്പനിയിലെ ജീവനക്കാർ മരിച്ച സംഭവം കൊലപാതകം. വാഹനത്തിന്റെ ഡ്രൈവർ കുറ്റം സമ്മതിച്ചു. വ്യോമ ഗ്രാഫിക്‌സ് എന്ന സ്വകാര്യ കമ്പനിയിലെ നാല് ജീവനക്കാർ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രക്ഷപ്പെട്ട ഡ്രൈവർ ജനാർദ്ധൻ ഹമ്പാർദിക്കറിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിലാണ് പ്രതി കുറ്റം സമ്മതിച്ചത്. മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
വ്യോമ ഗ്രാഫിക്‌സിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ് ജനാർദ്ധൻ. കൊല്ലപ്പെട്ട നാല് പേരും മോശമായിട്ടായിരുന്നു ജനാർദ്ധനിനോട് പെരുമാറിയിരുന്നത്. പല തവണ നാല് പേരും ജനാർദ്ധനിനോട് മോശമായി പെരുമാറിയിരുന്നു. ഇതേ തുടർന്ന് ജീവനക്കാരോട് ജനാർദ്ധൻ അങ്ങോട്ട് സംസാരിച്ചിരുന്നില്ല. ഓഫീസിൽ നിന്നും കൃത്യമായി പ്രതിയ്ക്ക് ലഭിച്ചിരുന്നില്ല. ഇതിന് പുറമേ ദീപാവലി ബോണസ് നൽകാതിരിക്കുകയും ഓവർ ടൈം ജോലി ചെയ്യിക്കുകയും ചെയ്തു. ഇതെല്ലാം വലിയ മാനസിക ബുദ്ധിമുട്ട് ആയിരുന്നു ജനാർദ്ധനനിൽ ഉണ്ടാക്കിയത്. ഇതോടെ ജീവനക്കാരോട് പക വീട്ടാൻ തീരുമാനിക്കുകയായിരുന്നു.
ജീവനക്കാരുടേത് അപകടമരണം ആക്കുന്നതിന് വേണ്ടി വലിയ ആസൂത്രണം ആയിരുന്നു ഇയാൾ നടത്തിയത്. വാഹനത്തിന് തീയിടുന്നതിന് വേണ്ടി നേരത്തെ തന്നെ ഇയാൾ മണ്ണെണ്ണ വാങ്ങി സീറ്റിനടിയിൽ സൂക്ഷിച്ചിരുന്നു. നാല് പേരെയും ഒരുമിച്ച് വാഹനത്തിനുള്ളിൽ കിട്ടിയ പ്രതി കഴിഞ്ഞ ദിവസം കൃത്യം നടപ്പിലാക്കാൻ ഉറപ്പിക്കുകയായിരുന്നു.
ജീവനക്കാരുമായി പോകുന്നതിനിടയിൽ ഡിവൈഡറിൽ വാഹനം മനപ്പൂർവ്വം ഇടിപ്പിച്ച് അപകടം ഉണ്ടാക്കി. ഇതിന് പിന്നാലെ വാഹനത്തിൽ നിന്നും ഇറങ്ങി മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. സംഭവം കൊലപാതകം ആണെന്ന് ആയിരുന്നു ആദ്യം പോലീസും കരുതിയിരുന്നത്. എന്നാൽ പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി. വാഹനത്തിന് ഡ്രൈവർ തീയിടുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഇതോടെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post