ലക്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും നിയമക്കുരുക്കിൽ. രാജ്യത്തിനെതിരെ നടത്തിയ പരാമർശത്തിൽ രാഹുലിന് സംഭൽ കോടതി നോട്ടീസ് നൽകി. തങ്ങളുടെ പോരാട്ടം ആർഎസ്എസിനോ ബിജെപിയ്‌ക്കോ എതിരെ അല്ലെന്നും, ഇന്ത്യൻ സ്‌റ്റേറ്റിന് എതിരെയാണെന്നുമുള്ള വിവാദ പരാമർശത്തിലാണ് കോടതി നടപടി.
പ്രദേശവാസിയായ സിമ്രാൻ ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന് കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.
ഏപ്രിൽ 4 ന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം. നേരിട്ട് ഹാജരാകാൻ കഴിഞ്ഞില്ലെങ്കിൽ രേഖാമൂലം മറുപടി നൽകണം.
അഭിഭാഷകനായ സച്ചിൻ ഗോയലാണ് രാഹുലിന് നോട്ടീസ് നൽകിയ വിവരം മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. സിമ്രാന്റെ അഭിഭാഷകൻ കൂടിയാണ് അദ്ദേഹം. ആദ്യം സിജെഎം കോടതിയിൽ ആയിരുന്നു പരാതി നൽകിയിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പരിധി ചൂണ്ടിക്കാട്ടി കോടതി ഇത് തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭൽ ജില്ലാ കോടതിയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 15ന് ആയിരുന്നു കേസിന് ആധാരമായ പരാമർശം രാഹുൽ നടത്തിയത്. പാർട്ടിയുടെ പുതിയ ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ബിജെപിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇതിനിടെയാണ് തങ്ങളുടെ പോരാട്ടം രാജ്യത്തിനെതിരെയാണെന്ന് രാഹുൽ പറഞ്ഞത്. സംഭവത്തിൽ വലിയ പ്രതിഷേധം ആയിരുന്നു കോൺഗ്രസ് നേതാവിനെതിരെ ഉയർന്നത്.
Discussion about this post