ജയ്പൂർ : കാമുകിയോടൊപ്പം യാത്ര പോകാനുള്ള പണത്തിനായി സുഹൃത്തിനെ കൊന്ന യുവാവ് അറസ്റ്റിൽ. 21കാരനായ ഹർഷ് നദേരയാണ് അറസ്റ്റിൽ ആയത്. ജയ്സാൽമീറിൽ കാമുകിയോടൊപ്പം അവധി ആഘോഷിക്കുന്നതിനിടയിൽ ആയിരുന്നു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉറ്റ സുഹൃത്തായിരുന്ന കേതൻ വഗേല എന്ന 15 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.
ഒരുമിച്ച് യാത്ര പോകാനായി കാമുകി നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ് കൊലപാതകത്തിലേക്കും മോഷണത്തിലേക്കും നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതിനാൽ കാമുകിയെ യാത്രയ്ക്ക് കൊണ്ടുപോകാൻ ഹർഷ് നദേരയുടെ കയ്യിൽ പണം ഇല്ലായിരുന്നു. ഇതിനിടെയാണ് സുഹൃത്തായ കേതന്റെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല ശ്രദ്ധയിൽപ്പെട്ടത്. അടുത്ത ദിവസം കേതനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം മാല കവരുകയായിരുന്നു. ഈ മാല പണയം വെച്ച് ഒരു ലക്ഷം രൂപ വാങ്ങിയാണ് ഹർഷ് കാമുകിക്കൊപ്പം ജയ്സാൽമീറിലേക്ക് പോയിരുന്നത്.
15 വയസ്സുകാരനായ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ സൈക്കിളും ചെരുപ്പും കൊലയാളിയുടെ വീടിന് സമീപത്തു നിന്നും കണ്ടെത്തി. തുടർന്ന് പോലീസിനെ അറിയിച്ച ശേഷം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹർഷ് ജയ്സാൽമീറിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെ അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post