ന്യൂഡൽഹി: ലഡാക്കിൽ പുതിയ രണ്ട് കൗണ്ടികൾ സ്ഥാപിക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയുടെ മണ്ണിൽ ചൈന നടത്തുന്ന ഒരു നിയമവിരുദ്ധ അധിനിവേശത്തെയും അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗാണ് ഈ കാര്യം പാർലമെന്റിനെ അറിയിച്ചത്.
ചൈനയിലെ ഹോട്ടൻ പ്രിഫെക്ച്ചറിൽ രണ്ട് പുതിയ കൗണ്ടികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചൈനീസ് പക്ഷത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റിന് അറിയാം. ഈ കൗണ്ടികൾ എന്ന് വിളിക്കപ്പെടുന്നവയുടെ അധികാരപരിധിയിലെ ചില ഭാഗങ്ങൾ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലാണെന്ന് കീർത്തി വർധൻ സിംഗ് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പ്രദേശത്തെ നിയമവിരുദ്ധമായ ചൈനീസ് അധിനിവേശം കേന്ദ്രസർക്കാർ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പുതിയ കൗണ്ടികൾ സ്ഥാപിക്കുന്നത് ഈ പ്രദേശത്തിന്മേലുള്ള ഇന്ത്യയുടെ പരമാധികാരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാലവും സ്ഥിരവുമായ നിലപാടിനെ ബാധിക്കുകയോ, ചൈനയുടെ നിയമവിരുദ്ധവും നിർബന്ധിതവുമായ അധിനിവേശത്തിന് നിയമസാധുത നൽകുകയോ ചെയ്യുകയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ തന്ത്രപരവും സുരക്ഷാപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അതിർത്തി പ്രദേശങ്ങളുടെ വികസനത്തിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രത്യേകമായ ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി
Discussion about this post