കൊളംബോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ അഞ്ചിന് ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പാർലമെന്റിൽ വെച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകേ ആണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ശ്രീലങ്കയിൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സഹായം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം പ്രസിഡന്റ് ദിസനായകേയുടെ ഡൽഹി സന്ദർശന വേളയിൽ ഉണ്ടാക്കിയ കരാറുകൾ അന്തിമമാക്കാൻ ആണ് മോദി ശ്രീലങ്കയിൽ എത്തുന്നത് എന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ കിഴക്കൻ തുറമുഖ ജില്ലയായ ട്രിങ്കോമാലിയിലെ സാംപൂർ പവർ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാം എന്നാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്.
നിലവിലെ ശ്രീലങ്കയുടെ സ്ഥിരത കണക്കിലെടുത്താണ് മോദി ശ്രീലങ്ക സന്ദർശിക്കുന്നതെന്ന് പ്രസിഡന്റ് ദിസനായകേ പാർലമെന്റിൽ അറിയിച്ചു. സിലോൺ വൈദ്യുതി ബോർഡും നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് ഒരുമിച്ച് പ്രവർത്തിച്ച് ശ്രീലങ്കയിൽ സൗരോർജ നിലയം സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. ട്രിങ്കോമാലിയിലെ സാമ്പൂരിൽ ആദ്യഘട്ടത്തിൽ 50 മെഗാവാട്ടും രണ്ടാം ഘട്ടത്തിൽ 70 മെഗാവാട്ടും ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് ശ്രീലങ്കൻ സർക്കാരും ഇന്ത്യാ സർക്കാരും തമ്മിൽ സമവായത്തിലെത്തിയിട്ടുണ്ട് എന്നും ശ്രീലങ്കൻ പ്രസിഡണ്ട് വ്യക്തമാക്കി.
Discussion about this post